അജികുമാർ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അജികുമാറാണ് മരിച്ചത്. അറസ്റ്റിലാകുന്നതിന് മൂന്നുദിവസം മുമ്പ് അജികുമാറിന് വീണ് പരിക്കേറ്റിരുന്നതായും ഇതേത്തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നുമാണ് പോലീസിന്റെ വിശദീകരണം. അതേസമയം, യുവാവിന് നേരേ പോലീസ് അതിക്രമമുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
അടിപിടി കേസില്‍ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അജികുമാറിനെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ജയിലിലാക്കി മൂന്നാംദിവസമാണ് യുവാവിന്റെ ആരോഗ്യനില വഷളായത്. ഇതോടെ ജൂലായ് ആറാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച അര്‍ധരാത്രിയോടെ മരിച്ചു.
കസ്റ്റഡിയിലെടുക്കുന്ന സമയത്ത് യുവാവിന്റെ കൈയിലും കാലിലും ക്ഷതമേറ്റിരുന്ന പാടുകളുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാൽ പോലീസ് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ അജികുമാറിന് യാതൊരു പരിക്കുകളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ആറാം തീയതിയാണ് പൂജപ്പുര ജയിലില്‍നിന്ന് വിളിച്ച് അജികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വിവരമറിയിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോളാണ് തലയിലും കൈയിലും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റതായി കണ്ടത്. എന്നാല്‍ ബന്ധുക്കളെ അധികനേരം കാണിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും മരണത്തില്‍ സംശയമുണ്ടെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് അജികുമാറിന്റെ അമ്മ ശാന്ത മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..