പെരിങ്ങോട്ടുകുറിശ്ശി ചൂലന്നൂരിൽ നാലുപേർക്ക് വെട്ടേറ്റ വീട്. നിലത്ത് രക്തക്കറ കാണാം
പെരിങ്ങോട്ടുകുറിശ്ശി: വിഷുപ്പുലരിയില്‍ ചൂലന്നൂരില്‍ അച്ഛനും അമ്മയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. ഇവരുടെ വീടിനോടുചേര്‍ന്ന അടുക്കളയ്ക്ക് തീയിടുകയുംചെയ്തു. ചൂലന്നൂര്‍ കിഴക്കുമുറി വീട്ടില്‍ മണികണ്ഠന്‍ (47), ഭാര്യ സുശീല (43), ബെംഗളൂരുവില്‍ ആര്‍.പി.എഫ്. കോണ്‍സ്റ്റബിളായ മകള്‍ രേഷ്മ (25), സഹോദരന്‍ ഇന്ദ്രജിത്ത് (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമം നടത്തിയ, സുശീലയുടെ അനുജത്തിയുടെ മകനും പല്ലാവൂര്‍ സ്വദേശിയുമായ മുകേഷിനെതിരേ (32) കോട്ടായി പോലീസ് കേസെടുത്തു. ഇയാളെ പിടികൂടാനായിട്ടില്ല.
വെല്‍ഡിങ് ജോലിക്കാരനാണ് മുകേഷ്. രേഷ്മയെ വിവാഹംചെയ്തുകൊടുക്കണമെന്ന മുകേഷിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചതാണ് പ്രകോപനത്തിനുകാരണമെന്ന് പോലീസ് സൂചിപ്പിച്ചു.
തങ്ങള്‍ ഇഷ്ടത്തിലാണെന്നും വിവാഹംചെയ്തുതരണമെന്നും അഭ്യര്‍ഥിച്ച് ഒരുവര്‍ഷംമുമ്പ് മുകേഷ് രേഷ്മയുടെ വീട്ടിലെത്തി സംസാരിച്ചിരുന്നുവെന്ന് മണികണ്ഠന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, ഈ ആവശ്യം നിഷേധിച്ചതായും അദ്ദേഹം പറഞ്ഞു. മകളെ മുകേഷ് ഭീഷണിപ്പെടുത്തുന്നുവെന്നുകാണിച്ച് സുശീല ഒരുവര്‍ഷംമുമ്പ് കോട്ടായി പോലീസില്‍ പരാതി നല്‍കിയിരുന്നു.
ബന്ധുവിന്റെ ബൈക്കുമെടുത്ത് ചൂലനൂര്‍ കിഴക്കുമുറിയിലുള്ള രേഷ്മയുടെ വീട്ടിലെത്തിയ മുകേഷ് ആദ്യം വീടിനോടുചേര്‍ന്നുള്ള അടുക്കളയ്ക്ക് തീയിട്ടു. ശബ്ദംകേട്ട് ഓടിയെത്തിയ രേഷ്മയുള്‍പ്പെടെ നാലുപേര്‍ക്കും വെട്ടേറ്റു. രേഷ്മയുടെ വലതുകൈപ്പത്തിയും സഹോദരന്റെ തള്ളവിരലും അറ്റുപോയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മണികണ്ഠനും സുശീലയ്ക്കും പുറത്ത് വെട്ടേറ്റിട്ടുണ്ട്. നാലുപേരും അപകടനില തരണംചെയ്തിട്ടുണ്ട്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുറിവേറ്റവരെ ആദ്യം ആലത്തൂര്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ വടിവാള്‍ കണ്ടെടുത്തു.
വധശ്രമത്തിനാണ് കോട്ടായി പോലീസ് മുകേഷിനെതിരേ കേസെടുത്തിട്ടുള്ളത്. ഇയാള്‍ ഉപയാഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ആലത്തൂര്‍ ഡിവൈ.എസ്.പി. ദേവസ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights: rejecting the demand for marriage-hacked four family members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..