Screegrab: Youtube.com/Sakshi Tv
ഹൈദരാബാദ്: ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ പോലീസിന്റെ മിന്നല്‍ റെയ്ഡ്. ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ സ്വകാര്യ ഹോട്ടലിലാണ് പോലീസിന്റെ പ്രത്യേകസംഘം ഞായറാഴ്ച പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. പാര്‍ട്ടി നടന്ന ഹോട്ടലില്‍നിന്ന് കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഉന്നതരുടെ മക്കളും ബന്ധുക്കളും അടക്കം 150-ലേറെ പേരെ ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തതായും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നടന് നാഗബാബുവിന്റെ മകള്‍ നിഹാരിക, ഗായകനും തെലുങ്ക് ബിഗ്ബോസ് മത്സരവിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പി.എസ്.എസി. ചെയര്‍മാനും മുന്‍ ഡി.ജി.പി.യുമായ ഗൗതം സവാങ്ങിന്റെ മകള്‍, ഗുണ്ടൂര്‍ എം.പി. ഗല്ല ജയദേവിന്റെ മകന് തുടങ്ങിയവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് 'ദി ഹിന്ദു'വിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു. ഇവരെ കൂടാതെ സമൂഹത്തിലെ ഉന്നതരായ പലരുടെ മക്കളും ബന്ധുക്കളും പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും വിവരങ്ങളുണ്ട്.
ബഞ്ചറാഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ പബ്ബില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പോലീസിന്റെ പ്രത്യേകസംഘം റെയ്ഡ് നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ പോലീസ് സംഘം പബ്ബിലെത്തുമ്പോള്‍ 150-ലേറെ പേര് പാര്‍ട്ടിയിലുണ്ടായിരുന്നു. തങ്ങളെ കണ്ടതിന് പിന്നാലെ പലരും ചില പാക്കറ്റുകള്‍ വലിച്ചെറിഞ്ഞതായാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ഇതിനിടെ, പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് പാക്കറ്റ് കൊക്കെയ്ന്‍ കണ്ടെടുക്കുകയായിരുന്നു. ഇതിനുപുറമേ കഞ്ചാവ്, ചരസ് അടക്കമുള്ള ലഹരിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് കരുതുന്ന ഒഴിഞ്ഞ ചില പാക്കറ്റുകളും പബ്ബില്‍നിന്ന് ലഭിച്ചു.
സംഭവസമയത്ത് പബ്ബിലുണ്ടായിരുന്നവരെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഹോട്ടലിലെ രണ്ട് മാനേജര്‍മാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. എത്ര ഉന്നതരാണെങ്കിലും വിശദമായി ചോദ്യംചെയ്യാതെ ഒരാളെപോലും വിട്ടയക്കില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പുലര്‍ച്ചെവരെ നീളുന്ന റേവ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. സംഭവവുമായി ബന്ധപ്പെട്ട് ബഞ്ചറാഹില്‍സ് പോലീസ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ റേവ് പാര്‍ട്ടി നടക്കുന്ന വിവരമറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ വിമുഖത കാണിച്ചതിനാണ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തത്. ഇന്‍സ്പെക്ടറുടെ അറിവോടെയാണ് ഇത്തരം പാര്‍ട്ടികള്‍ നടന്നിരുന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: rave party in a luxury hotel in hyderabad 150 held by police and drugs seized
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..