അറസ്റ്റിലായ അഭിജിത്ത്
പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പത്തനംതിട്ട സ്വകാര്യ ലോ കോളേജിലെ വിദ്യാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് ആറന്‍മുള നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ അഭിജിത്താണ് അറസ്റ്റിലായത്.
പരാതിക്കാരി ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും പ്രതിയായ അഭിജിത്ത് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. കഴിഞ്ഞ ദിവസം യുവതി ഹോസ്റ്റല്‍ മുറിയില്‍വച്ച് കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. അഭിജിത്തുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പലതവണ ഇരുചക്ര വാഹനത്തില്‍ ഇരുവരും യാത്ര ചെയ്തിരുന്നു. വീടിന് സമീപം ഇറക്കിവിട്ട് അഭിജിത്ത് മടങ്ങുകയാണ് പതിവ്. യാത്രയ്ക്കിടെ രണ്ടുതവണ ഇവര്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ തങ്ങിയിരുന്നു. ഇവിടെവച്ചാണ് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.
പിന്നീട് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ആദ്യം 50000 രൂപയും പിന്നീട് കാറിന്റെ അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് ഒരുലക്ഷം രൂപയും വാങ്ങി. വിദ്യാര്‍ഥിനി കോളേജില്‍ ഫീസ് അടയ്ക്കാന്‍ മാറ്റിവച്ച പണമായിരുന്നു ഇത്. പെണ്‍കുട്ടി ഫീസ് അടയ്ക്കാതിരുന്നതോടെ കോളേജ് അധികൃതര്‍ വീടുമായി ബന്ധപ്പെട്ടതോടെയാണ് വീട്ടുകാര്‍ വിഷയം അറിഞ്ഞത്.
പലതവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഭിജിത്ത് പണം തിരികെ നല്‍കിയില്ലെന്നും തന്റെ ഫോണ്‍ നമ്പര്‍ അടക്കം അഭിജിത്ത് ബ്ലോക്ക് ചെയ്തതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബുധനാഴ്ച രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
Content Highlights: rape case, youth congress leader arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..