ആനന്ദൻ
വൈപ്പിന്‍: മാനഭംഗക്കേസില്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചയാള്‍ വീണ്ടും വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി. ഞാറയ്ക്കല്‍ മണപ്പുറത്ത് വീട്ടില്‍ ആനന്ദന്‍ (42) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് പുതുവൈപ്പ് ഭാഗത്താണ് കേസിനാസ്പദമായ സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ സമീപം സ്‌കൂട്ടറിലെത്തിയ ഇയാള്‍ എല്‍.എന്‍.ജി.യില്‍ ജോലിയൊഴിവുണ്ടെന്നും ഇപ്പോള്‍ത്തന്നെ ചെന്നാല്‍ വീട്ടമ്മയ്‌ക്കോ പരിചയത്തിലുള്ളവര്‍ക്കോ ജോലി വാങ്ങിത്തരാമെന്നും പറഞ്ഞ് തന്ത്രപൂര്‍വം സ്‌കൂട്ടറില്‍ കയറ്റി പുതുവൈപ്പ് എല്‍.എന്‍.ജി.ക്കടുത്ത് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. സംശയം തോന്നിയ വീട്ടമ്മ പലവട്ടം സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയില്‍ വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റു.
മുന്‍പ് ഇതേ രീതിയിലുള്ള രണ്ടു കേസുകള്‍ ആനന്ദനെതിരേ ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016-ല്‍ ബസ് കാത്തുനിന്ന 67 വയസ്സുള്ള സ്ത്രീയെ ആശുപത്രിയിലായിരുന്ന ഭര്‍ത്താവിന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കെന്നു പറഞ്ഞ് എച്ച്.എം.ടി. ക്വാര്‍ട്ടേഴ്സ് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തി. ഈ കേസില്‍ ആനന്ദന് എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 10 വര്‍ഷത്തെ കഠിന തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു. ഹൈക്കോടതിയില്‍നിന്നു ജാമ്യമെടുത്താണ് പുറത്തിറങ്ങിയത്.
ജാമ്യത്തിലിരിക്കെയാണ് സമാന കേസില്‍ വീണ്ടും പ്രതിയാകുന്നത്. കൂടാതെ 2021-ല്‍ 53 വയസ്സുള്ള മറ്റൊരു വീട്ടമ്മയെ സ്‌കൂട്ടറില്‍ കയറ്റി പുതുവൈപ്പ് എല്‍.എന്‍.ജി. ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാനും ശ്രമിച്ചിരുന്നു. നിസ്സാര പരിക്കുകളോടെ വീട്ടമ്മ രക്ഷപ്പെട്ടു. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിന് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. ഞാറയ്ക്കല്‍ സ്റ്റേഷന്‍ ഓഫീസര്‍ രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനന്ദനെ അറസ്റ്റ് ചെയ്തത്.
Content Highlights: rape case-Released on bail, arrested again
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..