പ്രതീകാത്മകചിത്രം| Photo: Mathrubhumi
ബെംഗളൂരു: സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങിയ 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ച പോലീസുകാരന് അറസ്റ്റില്‍. ചിക്കോടി സ്വദേശിയും ബെംഗളൂരു ഗോവിന്ദരാജനഗര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളുമായ പവന് ധ്യാവന്നനവറാണ് (24) അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനാണ് വെസ്റ്റ് ബെംഗളൂരുവിലെ താമസക്കാരിയായ പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. എന്നാല്‍, ഒന്നിച്ച് താമസിക്കാമെന്ന് ഉറപ്പുനല്‍കിയ സുഹൃത്ത്, പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ പണമില്ലാതിരുന്ന പെണ്‍കുട്ടി നേരം ഇരുട്ടിയതോടെ വിജയനഗര്‍ മൈതാനത്തിനുസമീപം ഇരുന്നു. പ്രദേശത്ത് പട്രോളിങ് ഡ്യൂട്ടിയുണ്ടായിരുന്ന പവന് ഒറ്റയ്ക്കിരിക്കുന്ന പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് സൃഹൃത്തിനെ കണ്ടെത്താമെന്നും തത്ക്കാലം തന്റെവീട്ടില്‍ താമസിക്കാമെന്നും പറഞ്ഞ് വിജയനഗറിന് സമീപത്തെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 500 രൂപ നല്കി പറഞ്ഞുവിടുകയും ചെയ്തു.
ചാമരാജനഗറിലെ സൃഹൃത്തിന്റെ വീട്ടിലേക്കാണ് പെണ്‍കുട്ടി പോയത്. സൃഹൃത്തിന്റെ അച്ഛനോട് താന്‍ വീടുവിട്ടെന്നും മകനൊപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സൃഹൃത്തിന്റെ അച്ഛന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വിവരങ്ങള്‍ ചോദിച്ചതോടെയാണ് പീഡിപ്പിക്കപ്പെട്ട കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചാമരാജ് നഗര്‍ പോലീസ് ബെംഗളൂരു പോലീസിന് വിവരം കൈമാറി.
പെണ്‍കുട്ടി പറഞ്ഞ പോലീസുകാരന് പവനാണെന്ന് കണ്ടെത്തിയ ബെംഗളൂരു പോലീസ് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. 2020-ല്‍ സര്‍വീസില്‍ കയറിയ പവന് പ്രൊബേഷന്‍ കാലാവധിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..