പ്രതീകാത്മക ചിത്രം
മുംബൈ: നാഗ്പുരില്‍ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍. ദരിദ്ര കുടുംബത്തില്‍ അംഗമായ എട്ടാം ക്ലാസുകാരിയെയാണ് പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 300 രൂപ നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുകയും ചെയ്തു. ഒരു കൊലപാതക കേസില്‍ നാഗ്പുര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ട ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.
സ്വര്‍ണമോതിരവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ശുഭം ധാമു എന്നയാളെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതി റോഷന്‍ കര്‍ഗവാറിനെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന വിവരം ഇയാള്‍ പോലീസിനോട് പറഞ്ഞത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ പോലീസ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. തുടര്‍ന്നാണ് ഒരുമാസം നീണ്ട പീഡനപരമ്പരയെപ്പറ്റി കുട്ടി തുറന്ന് പറഞ്ഞത്. പാവപ്പെട്ട തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായ കുട്ടി.
പ്രതിയായ റോഷനെ ഈ കുട്ടിയ്ക്ക് നേരത്തേ അറിയാം. രക്ഷിതാക്കളില്ലാത്ത സമയത്താണ് റോഷനും സുഹൃത്തും ചേര്‍ന്ന് വീട്ടില്‍ക്കയറി കുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡനം തുടര്‍ന്നു. ജൂണ്‍ 19 മുതല്‍ ജൂലായ് 15 വരെ ഇത് തുടര്‍ന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതികളെയെല്ലാം പിടികൂടി. പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..