'ഇങ്ങനെ ഇരുന്നുറങ്ങിയാല്‍ എങ്ങനെയാ'! മോഷണംപോയ ഫോണ്‍ കണ്ടെത്തി, 14 മണിക്കൂറിന് ശേഷം


പെട്ടെന്ന് ഉറക്കത്തില്‍ നിന്നെണീറ്റ ആള് ഞെട്ടി അവനെ നോക്കി.'രാവിലെ എന്റെ കയ്യില്‍ നിന്നെടുത്തുകൊണ്ടു പോയ ആ സാധനം മര്യാദയ്ക്ക് ഇങ്ങു തരുന്നതാണ് നല്ലത്.' എന്നൊരു ഡയലോഗ് കേട്ടതോടെ അയാള്‍ ബാഗില്‍ നിന്നും ഫോണെടുത്ത് അന്നയുടെ ബ്രദറിന് കൊടുത്തു.

പ്രതീകാത്മക ചിത്രം(ഇടത്ത്) രഞ്ജു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച സ്‌ക്രീൻഷോട്ട്(വലത്ത്) | Photo: PTI & facebook.com/ranju.kilimanoor2

മോഷണംപോയ മൊബൈല്‍ഫോണ്‍ 14 മണിക്കൂറിന് ശേഷം കണ്ടെത്തിയത് വിവരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനും എഴുത്തുകാരനുമായ രഞ്ജു കിളിമാനൂര്‍. 250 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് മൊബൈല്‍ ഫോണ്‍ അതിന്റെ ഉടമസ്ഥനിലേക്ക് തന്നെ തിരിച്ചെത്തിയതിന്റെ കഥ.

കോതമംഗലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍വെച്ചാണ് യൂത്ത്ഫ്രണ്ട് ദേവികുളം മണ്ഡലം പ്രസിഡന്റ് അമല്‍ എസ്.ചേലപ്പുറത്തിന്റെ ഫോണ്‍ മോഷണംപോയത്. ഫോണിന്റെ ലൊക്കേഷന്‍ അനുസരിച്ച് മോഷ്ടാവ് കൊട്ടാരക്കര ഭാഗത്തേക്കാണ് പോയതെന്ന് മനസിലായതോടെ അമലിന്റെ സഹോദരി അന്ന ഫോണ്‍ കണ്ടെത്താനായി രഞ്ജു കിളിമാനൂരിന്റെ സഹായം തേടുകയായിരുന്നു. ക്രൈംത്രില്ലര്‍ നോവലിനെപ്പോലും വെല്ലുന്നരീതിയിലായിരുന്നു പിന്നീടങ്ങോട്ട് നടന്ന ഓരോ സംഭവങ്ങളും. ഫോണിന്റെ ലൊക്കേഷനും പ്രതി സഞ്ചരിക്കുന്ന ബസുമെല്ലാം കണ്ടെത്തി പ്രതിയെ കൈയോടെ പിടികൂടിയതിന്റെ കഥ രഞ്ജു കിളിമാനൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ...

''ഇന്ന് രാവിലെ നോക്കിയപ്പോള്‍ Anna Annamol Shanty യുടെ ഒരു വോയ്‌സ് മെസ്സേജ് വന്നു കിടക്കുന്നു വാട്‌സാപ്പില്‍. ഞാനതു പ്ലേ ചെയ്തു:
'ചേട്ടാ എന്റെ സഹോദരന്റെ ഫോണ്‍ ഇന്നലെ രാത്രി 1 മണിയോടെ കോതമംഗലം ഡിപ്പോയില്‍ വെച്ച് മോഷ്ടിക്കപ്പെട്ടു. എടുത്തുവെന്ന് സംശയമുള്ള ആള്‍ കൊട്ടാരക്കര ദിശയിലേക്കാണ് പോയത്.
നമുക്ക് ആ ബസ് കണ്ടു പിടിക്കാന്‍ എന്തെങ്കിലും ഓപ്ഷനുണ്ടോ? കണ്ടക്ടറെയോ ഡ്രൈവറെയോ വിളിച്ച് നോക്കി ആളിനെ കണ്ടെത്താന്‍ പറ്റുമോ?' ഞാന്‍ അന്നയെ ഫോണില്‍ വിളിച്ചു വിവരങ്ങളന്വേഷിച്ചു.

'അവനൊന്നു മയങ്ങിപ്പോയപ്പോള്‍ അടിച്ചു മാറ്റിയതാണ്. കൂടെയുണ്ടായിരുന്ന അവന്റെ ഫ്രണ്ട്‌സ് പറഞ്ഞത് 'തൊപ്പിയൊക്കെ വെച്ച' ഒരാള്‍ ആ ഡിപ്പോയില്‍ കിടന്ന് കറങ്ങുന്നുണ്ടായിരുന്നുവെന്നാണ്.
അയാള്‍ക്കൊരു പരുങ്ങലുണ്ടായിരുന്നു. മിക്കവാറും അയാള്‍ തന്നെയായിരിക്കണം ഫോണെടുത്തത്.

ഫോണിപ്പോ സ്വിച്ചോഫ് ആണ്. പക്ഷേ സാംസങ്ങിന്റെ 'ഫൈന്‍ഡ് മൈ ലോസ്റ്റ് ഫോണ്‍' ഓപ്ഷന്‍ ചെയ്തു വെച്ചിരിക്കുന്നത് കൊണ്ട് സ്വിച്ച് ഓഫ് ആണെങ്കിലും ലൈവ് പൊസിഷന്‍ കിട്ടുന്നുണ്ട്.
ഇപ്പോള്‍ പുള്ളി കൊട്ടാരക്കരയുള്ള എഴുകോണ്‍ ഉണ്ട്.' എന്നിലെ അലക്‌സി ഉണര്‍ന്നു.

'അന്ന ഒരു കാര്യം ചെയ്.. ഓരോ അഞ്ച് മിനിറ്റിലും കിട്ടുന്ന പൊസിഷന്റെ ഓരോ സ്‌ക്രീന്‍ ഷോട്ട് എനിക്ക് അയക്ക്..'
'ഓക്കേ ചേട്ടാ...'

ഞാന്‍ കിളിമാനൂര്‍ ഡിപ്പോ പരിസരത്തു നില്‍ക്കുകയായിരുന്നു ആ സമയത്ത്. എന്നെ പഠിപ്പിച്ച അദ്ധ്യാപകനും KSRTC യില്‍ നിന്ന് റിട്ടയര്‍ ചെയ്ത ആളുമായ രമേശ് സാര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍.
ഞാന്‍ സാറിനോട് സംഭവം വിവരിച്ചു.'രഞ്ജു, കോതമംഗലത്ത് നിന്നും എഴുകോണിലേക്ക് അങ്ങനൊരു ബസ് ഇല്ലല്ലോ.' ഞാന്‍ പെട്ടെന്ന് തന്നെ കോതമംഗലം ഡിപ്പോയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് Manoj Kumar വിളിച്ചു.

'എടാ, ഇവിടെ നിന്ന് അങ്ങനൊരു ബസ് ഇല്ല. മിക്കവാറും അവന്‍ കോതമംഗലത്ത് നിന്നും പെരുമ്പാവൂര്‍ ചാടിക്കാണും. അവിടെ നിന്ന് അടുത്ത ബസില്‍ കൊട്ടാരക്കര, അവിടെ നിന്നും മറ്റൊരു ബസില്‍ എഴുകോണ്‍.
അങ്ങനെ വരാനേ സാധ്യതയുള്ളൂ..' 'ഓക്കേ ടാ.... ഞാന്‍ വിളിക്കാം..'

അന്ന പറഞ്ഞത് പോലെ തന്നെ കൃത്യമായ ഇടവേളകളില്‍ സ്‌ക്രീന്‍ ഷോട്ട് അയക്കുന്നുണ്ട്. ഞാന്‍ ഒരു വോയ്‌സ് ഇട്ടു:
'അന്ന, പറ്റുമെങ്കില്‍ ആ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരത്തിന്റെ വ്യത്യാസത്തെ സമയത്തിന്റെ വ്യത്യാസം കൊണ്ട് ഹരിച്ച് ചെയ്ത് അവന്റെ സ്പീഡ് കണ്ടെത്താന്‍ ശ്രമിക്ക്.
അവന്‍ ഓര്‍ഡിനറിയിലാണോ ഫാസ്റ്റിലാണോയെന്ന് നോക്കാം നമുക്ക്.'
'ശരി ചേട്ടാ...'
പക്ഷേ, അപ്പോഴേക്കും അവന്റെ പൊസിഷന്‍ നിശ്ചലമായിക്കഴിഞ്ഞിരുന്നു.
ഏഴുകോണിലുള്ള ഒരു ആലിയ സ്റ്റോറിനും ഗവണ്മെന്റ് ഹോസ്പിറ്റലിനും മുന്നിലാണ് ആളിപ്പോ..
ഞാന്‍ ഗൂഗിള്‍ മാപ്പെടുത്ത് ആ സ്ഥലമൊക്കെ ഒന്ന് സെര്‍ച്ച് ചെയ്തു നോക്കി. സമീപത്ത് ഏതെങ്കിലും മൊബൈല്‍ ഫോണ്‍ ഷോപ്പുണ്ടോ എന്നായിരുന്നു നോട്ടം.
ഇങ്ങനെയുള്ളവര്‍ ഫോണ്‍ മോഷ്ടിച്ചാല്‍ ഉടന്‍ തന്നെ വില്‍ക്കാന്‍ സാധ്യതയുണ്ട്.
ഞാന്‍ ആലിയ സ്റ്റോര്‍സിന്റെ നമ്പര്‍ ഗൂഗിളില്‍ നിന്ന് കണ്ടെത്തി. അതില്‍ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു.
'ചേട്ടാ ഒരാള്‍ ഒരു ഫോണും മോഷ്ടിച്ചു കൊണ്ട് അവിടെ വന്നിട്ടുണ്ട്. നിങ്ങളുടെ കടയുടെ തൊട്ടു മുന്നില്‍ മൊബൈല്‍ ഷോപ്പ് വല്ലതുമുണ്ടോ?'
'ഉണ്ടല്ലോ...'
'എങ്കില്‍ അവനവിടെ അത് വില്‍ക്കാന്‍ സാധ്യതയുണ്ട്. ചേട്ടന്‍ ആ കടയിലെ ആരുടെയെങ്കിലും നമ്പര്‍ തരാമോ?'
'ഒരു മിനിറ്റ്...'
പുള്ളിക്കാരന്‍ ആ കടയിലെ പയ്യന്റെ നമ്പര്‍ സംഘടിപ്പിച്ചു തന്നു. ഞാന്‍ ഉടന്‍ അതില്‍ വിളിച്ച് അവനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി.
അവിടെ അങ്ങനൊരു ഫോണ്‍ വില്‍ക്കാന്‍ ആരും ചെന്നിട്ടില്ലെന്ന് ഉറപ്പ് പറഞ്ഞു.
IMEI നമ്പര്‍ അയച്ചു കൊടുത്താല്‍ കൊട്ടാരക്കരയുള്ള എല്ലാ ഷോപ്പും കണക്ട് ചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അവന്‍ മെസ്സേജ് ഇടാമെന്നും എവിടെ വില്‍ക്കാന്‍ കൊണ്ടു ചെന്നാലും അപ്പോത്തന്നെ ആളിനെ പൊക്കാമെന്നും അവന്‍ വാക്ക് പറഞ്ഞതോടെ എനിക്കും ആവേശം കയറി.
നഷ്ടപ്പെട്ട ഫോണിന്റെ IMEI നമ്പര്‍ അന്നയുടെ കയ്യില്‍ നിന്നും വാങ്ങിയിട്ട് ഞാനവന് ഫോര്‍വേര്‍ഡ് ചെയ്തു. അവന്‍ ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്തു തന്നു.
അതേസമയം അന്നയും ഞാനും മോഷ്ടാവിനെ കൃത്യമായി വാച്ച് ചെയ്തു കൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ പൊസിഷന്‍ വീണ്ടും മൂവ് ചെയ്യാന്‍ തുടങ്ങി.
എഴുകോണില്‍ നിന്നും കൊട്ടാരക്കരയിലേക്കയാള്‍ സഞ്ചരിക്കാന്‍ തുടങ്ങി. അന്ന വീണ്ടുമെനിക്ക് സ്‌ക്രീന്‍ ഷോട്ട്‌സ് അയച്ചു കൊണ്ടിരുന്നു.
ഈ സമയത്തെല്ലാം അന്നയുടെ ബ്രദര്‍ കേസ് കൊടുക്കുന്നതിന്റെ ആവശ്യത്തിനായി പോലീസ് സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു.
വൈകാതെ എഴുകോണില്‍ നിന്നും ആളിന്റെ പൊസിഷന്‍ വീണ്ടും മൂവ് ചെയ്യാന്‍ തുടങ്ങി.
13. 15 ന് അടൂരിലും 13.30 ന് പന്തളത്തും അയാളുടെ പൊസിഷനെത്തി.
ആള് ഏതോ ഒരു ബസില്‍ കൊട്ടാരക്കര നിന്നും കോട്ടയത്തേക്ക് സഞ്ചരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.
നല്ല വേഗതയില്‍ മാറുന്ന അയാളുടെ ലൊക്കേഷന്‍ വെച്ച് അതൊരു ഫാസ്റ്റോ സൂപ്പറോ ആയിരിക്കുമെന്ന് ഞങ്ങള്‍ കണക്കു കൂട്ടി.
അയാള്‍ അതിരാവിലെ വന്നത് കോതമംഗലത്ത് നിന്നുമാണ്. അയാളിപ്പോള്‍ കോട്ടയം ഭാഗത്തേക്ക് പോകുകയാണ്.
എന്ന് വെച്ചാല്‍ അയാളുടെ സ്വന്തം സ്ഥലം കോതമംഗലമായിരിക്കണം.
എന്തോ ആവശ്യത്തിന് വേണ്ടി എഴുകോണ്‍ വരെ 155 km സഞ്ചരിച്ച് വന്നിട്ട് അയാളിപ്പോള്‍ മടങ്ങിപ്പോകുന്നതാകണം.
ആ സമയത്ത് കൊട്ടാരക്കര നിന്നും കോട്ടയം വഴിയുള്ള സൂപ്പര്‍ ഫാസ്റ്റുകള്‍ ഏതൊക്കെയുണ്ടെന്ന് ഞാന്‍ 'മൈ ബസ്' എന്ന ആപ്പില്‍ കയറി നോക്കി.
അവന്റെ ലൈവ് പൊസിഷന്‍ വെച്ച് ഒരു സൂപ്പര്‍ ഡീലക്‌സിന്റെ ടൈമിംഗ് മാച്ചായി.
അത് തിരുവനന്തപുരത്ത് നിന്നും തുടങ്ങുന്ന ഒന്നാണെന്ന് മനസ്സിലായതോടെ ഞാന്‍ അവിടെ ജോലി ചെയ്യുന്ന Pradeep C Pradeep C വിളിച്ചു.
11 മണിക്ക് തിരുവനന്തപുരത്ത് നിന്നും തുടങ്ങുന്ന ഒരു കോഴിക്കോട് സൂപ്പര്‍ ഉണ്ടെന്നും അത് പോയ കണ്ടക്ടറുടെ നമ്പര്‍ വാട്‌സാപ്പ് ചെയ്യാമെന്നും പുള്ളി പറഞ്ഞു.
കുറച്ചു സമയത്തിനുള്ളില്‍ ആ നമ്പര്‍ കിട്ടി. ഞാന്‍ ഉടന്‍തന്നെ അതില്‍ വിളിച്ചെങ്കിലും ആ ബസ് അടൂര്‍ എത്തിയതേ ഉള്ളൂവെന്ന് മനസ്സിലായി. എന്ന് വെച്ചാല്‍ ആ ബസ് ലേറ്റ് ആയിരുന്നു.
അതിനര്‍ത്ഥം മോഷ്ടാവ് ആ ബസിലല്ല എന്നാണ്. ബസ് കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തിരുന്നതില്‍ ഞങ്ങള്‍ക്ക് നല്ല നിരാശ തോന്നി.
മോഷണം പോയ ഫോണിന്റെ ലൈവ് പൊസിഷന്‍ പ്രാവിന്‍കൂട് ആയിരുന്നു അപ്പോള്‍.
ഞാന്‍ നേരത്തെ ആപ്പില്‍ നിന്ന് കിട്ടിയ ആ സൂപ്പര്‍ ഡീലക്‌സിന്റെ യഥാര്‍ത്ഥ ടൈമിംഗ് നോക്കി.
അയാളുടെ പൊസിഷന്‍ ആ ടൈമിങ്ങില്‍ നിന്നും അഞ്ച് മിനിറ്റ് നേരത്തെയാണ്. അതിനര്‍ത്ഥം അയാള്‍ തിരുവല്ലയും ചങ്ങനാശ്ശേരിയും കോട്ടയവും എത്തുന്ന ടൈം നമുക്ക് നേരത്തെ കൂട്ടി കൃത്യമായി അറിയാമെന്നാണ്.
ഞാന്‍ പെട്ടെന്ന് തന്നെ തിരുവല്ലയിലെ Pratheep Nalanda സാറിനെ വിളിച്ചു വിവരങ്ങള്‍ ധരിപ്പിച്ചു.
'സര്‍ അഞ്ച് മിനിറ്റിനുള്ളില്‍ ആ ബസ് തിരുവല്ല ഡിപ്പോയില്‍ എത്തും. അതേത് ബസാണെന്ന് കണ്ടു പിടിക്കാന്‍ സാറിന് പറ്റുമോ?'
'രഞ്ജു ഞാനിന്ന് ഡ്യൂട്ടിയില്‍ ഇല്ലല്ലോ. വേറെ ആരെങ്കിലും ഉണ്ടോന്ന് നോക്കട്ടെ.'
'സാര്‍ ഈ ടൈമില്‍ മൂവാറ്റുപുഴ/ കോതമംഗലം ദിശയിലേക്ക് ഏതെങ്കിലും ബസുകള്‍ തിരുവല്ല വഴി പാസ്സ് ചെയ്യുമോ?'
പുള്ളിക്കാരന്‍ രണ്ടുമൂന്ന് ബസുകള്‍ സജഷന്‍ പറഞ്ഞു. ഞാന്‍ അവയുടെ ടൈമിങ് എല്ലാം ആപ്പില്‍ കയറി നോക്കി.
അതിലൊന്നും തന്നെ മോഷ്ടാവിന്റെ പൊസിഷന്‍ വെച്ച് മാച്ച് ആകുന്നില്ല.
ഞാന്‍ അന്നയ്ക്ക് മെസ്സേജ് ചെയ്തു.
'അന്ന, അവന്‍ കയറിയ ബസ് ഏതാണെന്നു ലൊക്കേറ്റ് ചെയ്യാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
അന്നയുടെ ബ്രദര്‍ ഇപ്പോ എവിടെയാണ്.?'
'അവനിപ്പോ കോട്ടയത്തുണ്ട്. ഏതോ കൂട്ടുകാരുടെ ഫോണുമായി അവന്‍ വന്നുകൊണ്ടിരിക്കുകയാണ്. ചങ്ങനാശ്ശേരി ഡിപ്പോയില്‍ച്ചെന്ന് നോക്കാമെന്ന് പറയുന്നു.'
മോഷ്ടാവിന്റെ പൊസിഷന്‍ വെച്ച് ബസ് ചങ്ങനാശ്ശേരി എത്തുന്ന ടൈം ഞാന്‍ നോക്കി.
'അന്ന, ബസ് 14.24 ന് ചങ്ങനാശേരി എത്തും. ഒരു സെക്കന്റ് പോലും വൈകരുത്.
അന്നേരം ഏത് ബസാണോ കോട്ടയം കഴിഞ്ഞുള്ള സ്ഥലത്തേക്ക് ബോര്‍ഡും വെച്ച് ഡിപ്പോയിലേക്ക് കയറുന്നത് ആ ബസില്‍ കയറിക്കോളാന്‍ പറ പുള്ളിയോട്.'
'ഓക്കേ ചേട്ടാ....'
ഞങ്ങള്‍ ഫോണിന്റെ പൊസിഷന്‍ നോക്കിക്കൊണ്ടേയിരുന്നു.
കൃത്യം 14.24 ന് ചങ്ങനാശ്ശേരി ഡിപ്പോയില്‍ ഒരു 'കോട്ടയം' ബോര്‍ഡിട്ട ബസ് ചെന്ന് കയറി.
അവിടെ നില്‍ക്കുകയായിരുന്ന അന്നയുടെ ബ്രദര്‍ ടെന്‍ഷനിലായി. പക്ഷേ പെട്ടെന്നാണ് പുള്ളി സൈഡില്‍ ഇരുന്ന് ഉറങ്ങുന്ന തൊപ്പിക്കാരനെ ശ്രദ്ധിച്ചത്.
കൂട്ടുകാര്‍ പറഞ്ഞ അതേ തൊപ്പിക്കാരന്‍ തന്നെയാണോ എന്ന് സംശയം തോന്നിയ അവന്‍ ബസില്‍ കയറി.
അവന്റെ പൊസിഷനും മോഷ്ടാവിന്റെ പൊസിഷനും ഞങ്ങള്‍ നോക്കിക്കൊണ്ടേയിരുന്നു.
രണ്ടും ഒരേ സമയം മൂവ് ചെയ്യുകയാണിപ്പോള്‍.
ഹോ രാവിലെ മുതല്‍ ഇരുന്ന് ടെന്‍ഷനടിക്കുന്നതാണ്. ഒടുവില്‍ മോഷ്ടാവിന്റെ കൂടെ ആ പയ്യന്‍ എത്തിയിരിക്കുന്നു.
എനിക്ക് പകുതി സമാധാനമായി. അന്ന അപ്‌ഡേറ്റ്‌സ് എന്നെ അറിയിക്കുന്നുണ്ടായിരുന്നു.
തൊപ്പിക്കാരനിരിക്കുന്ന സീറ്റില്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആള് ചാടി പോകാത്ത വിധത്തില്‍ ആ സീറ്റില്‍ കയറിയിരിക്കാന്‍ ബ്രദറിനോട് പറയാന്‍ ഞാന്‍ അന്നയ്ക്ക് മെസ്സേജ് ഇട്ടു.
അപ്രകാരം സംഭവിച്ചു.
??
അന്നയുടെ ബ്രദര്‍ അയാളെ വിളിച്ചുണര്‍ത്തി.
'നിങ്ങള്‍ക്ക് കോതമംഗലം വരെ പോകേണ്ടതല്ലേ, ഇങ്ങനെ ഇരുന്നുറങ്ങിയാല്‍ എങ്ങനെയാണ്'
എന്ന് ചോദിച്ചു പുള്ളി.
പെട്ടെന്ന് ഉറക്കത്തില്‍ നിന്നെണീറ്റ ആള് ഞെട്ടി അവനെ നോക്കി.
'രാവിലെ എന്റെ കയ്യില്‍ നിന്നെടുത്തുകൊണ്ടു പോയ ആ സാധനം മര്യാദയ്ക്ക് ഇങ്ങു തരുന്നതാണ് നല്ലത്.'
എന്നൊരു ഡയലോഗ് കേട്ടതോടെ അയാള്‍ ബാഗില്‍ നിന്നും ഫോണെടുത്ത് അന്നയുടെ ബ്രദറിന് കൊടുത്തു.
പിന്നെ ആക്ഷന്‍ സീന്‍ ആയിരുന്നുവെന്ന് പറയുന്നു. നാട്ടുകാരില്‍ ചിലരൊക്കെ ആക്രമണം നടത്തുകയും പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
എന്തായാലും രാവിലേ മുതല്‍ വൈകുന്നേരം വരെയുള്ള ഞങ്ങളുടെ കഷ്ടപ്പാട് ഫലം ചെയ്തു.
അയാള്‍ സഞ്ചരിച്ചത് KSRTC യുടെ പമ്പ സ്‌പെഷ്യല്‍ ബസ് ആയിരുന്നത് കൊണ്ടാണ് ബസ് കൃത്യമായി ലോക്കേറ്റ് ചെയ്യാന്‍ സാധിക്കാതെ പോയതെന്ന് പിന്നീട് മനസ്സിലായി.
എന്തായാലും 14 മണിക്കൂറുകള്‍ക്ക് ശേഷം ഉടമസ്ഥന് മോഷ്ടിക്കപ്പെട്ട സ്വന്തം ഫോണ്‍ തിരികെ കിട്ടി. അതും 250 km സഞ്ചരിച്ചതിന് ശേഷം.
എല്ലാം കഴിഞ്ഞപ്പോള്‍ ഒരു ത്രില്ലര്‍ സിനിമ കണ്ട ഫീലിലായിരുന്നു ഞാനും അന്നയും..''


Content Highlights: ranju kilimanoor fb post describes how they found looted mobile phone with find my lost phone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023

Most Commented