അറസ്റ്റിലായ സഞ്ജയ്, അച്ഛൻ ലക്ഷ്മണൻ, അമ്മ നിഷ
കോയമ്പത്തൂര്‍: പ്രണയവിവാഹം കഴിഞ്ഞ് 21-ാം ദിവസം യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. ശെല്‍വപുരം കറുപ്പുസ്വാമിയുടെ മകള്‍ രമണിയാണ് (20) കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പേരൂര്‍ ഡി.എസ്.പി. രാജാപാണ്ഡ്യന്റെ അന്വേഷണത്തില്‍ വ്യക്തമായി.
കേസില്‍ ഭര്‍ത്താവ് സഞ്ജയ് (22), സഞ്ജയിന്റെ അച്ഛന്‍ ലക്ഷ്മണന്‍, അമ്മ നിഷ എന്നിവരെയാണ് അറസ്റ്റുചെയ്തത്. കുറിഞ്ഞിനഗര്‍ മാധവരായപുരം സ്വദേശി സഞ്ജയും രമണിയും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. ഇരുവരും പ്രണയത്തിലായി. ഇരുവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. രമണിയുമായി ബന്ധം തുടരുന്നതിനിടയിലും സഞ്ജയിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം ഉണ്ടായിരുന്നു. രമണിയുമായുള്ള വിവാഹശേഷവും ഈ ബന്ധം തുടര്‍ന്നു. ഇതേച്ചൊല്ലി രമണിയും സഞ്ജയും തമ്മില്‍ വഴക്ക് പതിവായി.
സംഭവദിവസവും സഞ്ജയും രമണിയും വഴക്കുണ്ടായി. മറ്റൊരു പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കുന്നത് രമണി ചോദ്യംചെയ്തതാണ് വഴക്കിനുകാരണം. ഇതിനിടയില്‍ സഞ്ജയ്, രമണിയെ ചവിട്ടുകയും അടിക്കുകയും ചെയ്തു. ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കിയതോടെ രമണി അബോധാവസ്ഥയിലായി. അധികം വൈകാതെ മരിച്ചു. ഇതോടെ സഞ്ജയ് അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പദ്ധതിയിട്ടു. ഇതിനുള്ള സാഹചര്യങ്ങളും ഒരുക്കി. പിന്നീട് സഞ്ജയും മാതാപിതാക്കാളും ചേര്‍ന്ന് രമണി ആത്മഹത്യചെയ്തതായി അയല്‍ക്കാരെ അറിയിക്കുകയും സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
പക്ഷെ ആശുപത്രി അധികൃതര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതോടെ ഇവരുടെ പദ്ധതികളെല്ലാം പൊളിഞ്ഞു. രമണിയുടെ മാതാപിക്കളുടെ പരാതിയില്‍ സഞ്ജയിനെ പേരൂര്‍ ഡി.എസ്.പി. വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. രമണിയുടെ കഴുത്തിലെ മുറിവും സഞ്ജയിന്റെ മൊഴികളിലെ വൈരുധ്യവുമാണ് പോലീസിന് തുമ്പായത്. മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു.
Content Highlights: ramani murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..