Photo: twitter.com/HateDetectors
ജയ്പുര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയും ബന്ധുവും കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. രാജസ്ഥാന് ജയ്പുര്‍ സ്വദേശിയായ ശാലു ദേവി(32) ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ശാലുദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുകേഷ് സിങ് റാത്തോഡ്, ഇയാളുടെ കൂട്ടാളികളായ രാകേഷ് കുമാര്‍, സോനു സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശാലുവിന്റെ പേരിലുള്ള 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭര്‍ത്താവ് മഹേഷ് ചന്ദ്രയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബര്‍ അഞ്ചാം തീയതി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ശാലുദേവിയും ബന്ധുവായ രാജുവും കാറിടിച്ച് മരിച്ചത്. സംഭവം സാധാരണ വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പോലീസിന് സംശയമുണര്‍ന്നു. വാഹനം മനഃപൂര്‍വ്വം ഇടിപ്പിച്ചതാണെന്ന സംശയം ബലപ്പെട്ടതോടെ വാഹനത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് നാലുമാസം മുമ്പ് ശാലുദേവിയുടെ പേരില്‍ ഭര്‍ത്താവ് 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നതായും കണ്ടെത്തിയത്.
ദമ്പതിമാര്‍ തമ്മില്‍ സ്വരചേര്‍ച്ചയില്‍ അല്ലാതിരുന്നിട്ടും മഹേഷ് ഭാര്യയുടെ പേരില്‍ വന്‍തുകയ്ക്ക് ഇന്‍ഷുറന്‍സ് പോളിസിയെടുത്തത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാടകക്കൊലയാളിയെ ഉപയോഗിച്ച് മഹേഷ് ചന്ദ്രയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയത്.
2017 മുതല്‍ മഹേഷ്-ശാലു ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. 2019-ല്‍ ഭര്‍ത്താവിനെതിരേ ശാലുദേവി സ്ത്രീധനപീഡന പരാതിയും നല്‍കിയിരുന്നു. ഈ കേസില്‍ മഹേഷ് അറസ്റ്റിലാവുകയും ചെയ്തു. അടുത്തിടെയാണ് മഹേഷ് ഭാര്യയുമായി വീണ്ടും അടുപ്പം സ്ഥാപിക്കാന്‍ തുടങ്ങിയത്. ഇതിനിടെ, താന്‍ ഒരു പുരോഹിതനെ കണ്ടിരുന്നതായും സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന് സമോദിലെ ക്ഷേത്രത്തില്‍ 11 തവണ ദര്‍ശനം നടത്താനാണ് ഉപദേശം ലഭിച്ചതെന്നും ഭാര്യയെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ബന്ധുവിനൊപ്പം ശാലുദേവി ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെയാണ് മഹേഷും സംഘവും കാറിടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
വാടകക്കൊലയാളിയും ഗുണ്ടാനേതാവുമായ മുകേഷ് സിങ് റാത്തോഡിന് പത്തുലക്ഷം രൂപയാണ് മഹേഷ് വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ അഞ്ചരലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. ഒക്ടോബര്‍ അഞ്ചാം തീയതി ഭാര്യയും ബന്ധുവും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ വിവരങ്ങളടക്കം കൈമാറിയത് മഹേഷ് തന്നെയായിരുന്നു. തുടര്‍ന്നാണ് മുകേഷും സംഘവും രണ്ടുപേരെയും കാറിടിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
Content Highlights: rajasthan man killed wife and staged road accident to get insurance amount
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..