ചേരാനെല്ലൂർ പോലീസിന്റെ പിടിയിലായ സനൂപ്, നൗഫൽ, അപർണ എന്നിവർ
കൊച്ചി: നഗരത്തില്‍ പോലീസ്, എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ യുവതി ഉള്‍പ്പെടെ ഒന്‍പതുപേര്‍ പിടിയിലായി. 310 ലോഡ്ജുകളില്‍ പോലീസ് പരിശോധന നടത്തി. ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമൃത ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത് യുവതിയടക്കം മൂന്നുപേരാണ്. ഇവരില്‍നിന്നു പിടിച്ചത് എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള അഞ്ച് തരം രാസലഹരിയാണ്. നഗരത്തില്‍ ഇത്രയും ലഹരികള്‍ ഒരു സംഘത്തില്‍ നിന്ന് ഒരുമിച്ച് പിടിക്കുന്നത് ആദ്യമായാണെന്ന് പോലീസ് പറയുന്നു. ആലുവ എടത്തല സ്വദേശികളായ തോപ്പില്‍ നൗഫല്‍ (28), തുരുത്തുമ്മേല്‍ പറമ്പില്‍ സനൂപ് (38), മുണ്ടക്കയം സ്വദേശിനി മഞ്ഞമാവുങ്കല്‍ അപര്‍ണ രാധാകൃഷ്ണന്‍ (22) എന്നിവരെയാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത്. ഇവരില്‍നിന്ന് 7.45 ഗ്രാം എം.ഡി.എം.എ., 2.37 ഗ്രാം ഹാഷിഷ് ഓയില്‍, 48 ഗ്രാം കഞ്ചാവ്, ആറ് എല്‍.എസ്.ഡി. സ്റ്റാമ്പ്, നാല് നൈട്രസെപാം എന്നിവ പിടിച്ചെടുത്തു.
ചികിത്സയ്‌ക്കെന്ന വ്യാജേനയാണ് ഇവര്‍ ഒരു മാസമായി ലോഡ്ജില്‍ താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. സനൂപാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. നൗഫല്‍ ഓടിച്ചിരുന്ന ഓണ്‍ലൈന്‍ ടാക്‌സിയില്‍ അപര്‍ണ മുഖേനയായിരുന്നു വില്‍പ്പന. സനൂപിന്റെ പേരില്‍ വിവിധ ജില്ലകളില്‍ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
2 പേരെ എക്സൈസ് പിടികൂടി
കൊച്ചി: കലൂര്‍ സ്റ്റേഡിയം പരിസരത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ എക്സൈസ് പിടിയിലായി. ആലുവ പട്ടേരിപ്പുറം പൈനാടത്ത് ആഷിക് ജോണ്‍സണ്‍ (27), ഇടപ്പള്ളി ഉണിച്ചിറ കുറുപ്പന്‍പറമ്പില്‍ ആദില്‍ ഷാജി (27) എന്നിവരാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് എക്സൈസിന്റെ പിടിയിലായത്. പ്രതികളില്‍നിന്ന് ഒന്നര ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. കലൂര്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറേ ഗേറ്റിനു സമീപം മയക്കുമരുന്നുമായി എത്തിയ യുവാക്കളെ എക്സൈസ് വളഞ്ഞു. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതികളില്‍നിന്ന് നിരവധിപ്പേര്‍ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: raid in 310 lodges in kochi chemical drug including mdma seized
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..