രാജ്യവർധൻ സിങ് റാഥോഡ്, രാഹുൽ ഗാന്ധി | Photo: PTI
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയും എം.പി.യുമായ രാജ്യവർധൻ സിങ് റാഥോഡിനെതിരെ കേസ്. ഛത്തീസ്ഗഡിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സീ ന്യൂസ് ചാനൽ പുറത്തുവിട്ട വ്യാജ വീഡിയോയാണ് റാഥോഡ് അടക്കമുള്ള ബി.ജെ.പി. നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അതേസമയം സീ ന്യൂസ് ചാനൽ അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഡ് പോലീസ് എത്തിയെങ്കിലും ഇയാളെ ഉത്തർപ്രദേശ് പോലീസെത്തി നാടകീയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു.
‘വയനാട്ടിലെ എം.പി. ഓഫീസ് തകർത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെ’ന്നുമുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് ഉദയ്പുരിലെ തയ്യൽക്കാരൻ കനയ്യലാലിനെ കൊന്നവരെ രാഹുൽ കുട്ടികളെന്നു വിശേഷിപ്പിച്ചു എന്ന തരത്തിലായിരുന്നു ചാനൽ വാർത്ത നൽകിയത്. വയനാട് പ്രസ്താവനയുടെ ഒരുഭാഗംമാത്രം ചേർത്തായിരുന്നു വാർത്ത. സംഭവത്തിൽ ആറ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതിൽ ഛത്തീസ്ഗഡ് പോലീസാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ചാനൽ അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഡ് പോലീസ് ഗാസിയാബാദിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോൾ ഉത്തർപ്രദേശ് പോലീസ് തടയുന്ന അവസ്ഥയും ഉണ്ടായി. പകരം നോയിഡ സെക്ടർ 20ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതിനുള്ള ഡി.എൻ.എ. പ്രൈം ടൈം ഷോയിലാണ് അവതാരകനായ രോഹിത് രഞ്ജൻ ഉദയ്പുർ കൊലയാളികളെ രാഹുൽ കുട്ടികളെന്നു വിളിച്ചത് ഞെട്ടിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. ഇതാണ് ബി.ജെ.പി. നേതാക്കളായ റാഥോഡും സുബ്രത് പഥക് എം.പി., കമലേഷ് സൈനി എം.എൽ.എ. എന്നിവരും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ആദ്യം ഒഴിവാക്കിയെങ്കിലും റാത്തോഡ് വീണ്ടും പങ്കുവെച്ചു. ട്വിറ്ററും ഉള്ളടക്കം വ്യാജമെന്ന് മുദ്ര കുത്തിയിരുന്നു. ഒഴിവാക്കിയ പോസ്റ്റ് റാഥോഡ് വീണ്ടും അപ്ലോഡ് ചെയ്തത് രാഹുൽഗാന്ധിയെ അപഹാസ്യനാക്കാനുള്ള ബി.ജെ.പി.യുടെ മനഃപൂർവമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കെഴുതിയ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
നേരത്തേയും രാഹുലിന്റെ വയനാടൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഹിന്ദി മേഖലയിൽ വലിയതോതിൽ വ്യാജപ്രചാരണം നടന്നിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ മുസ്ലിം ലീഗ് പ്രവർത്തകർ പച്ചപ്പതാക വീശിയത് പാകിസ്താൻ പതാകയെന്ന തരത്തിലായിരുന്നു പ്രചാരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..