Photo: facebook.com/Govt. College of Pharmaceutical Sciences, Kozhikode
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ഫാര്‍മസി കോളേജിന്റെ പാരാമെഡിക്കല്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ റാഗ്ചെയ്തെന്ന പരാതിയില്‍ ബി.ഫാം. അഞ്ചാംസെമസ്റ്റര്‍ വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ബി.ഫാം. നാലാം സെമസ്റ്ററിലെ നിലമ്പൂര്‍ സ്വദേശിയായ പിന്നാക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ റാഗിങ്ങിന് വിധേയയാക്കിയ അഞ്ചാംസെമസ്റ്ററിലെ ഫറോക്ക് സ്വദേശി സി. സനയെയാണ് സസ്പെന്‍ഡ് ചെയ്തത്.
റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥിനി കോളേജില്‍ വരുന്നില്ലെന്നും പഠനംനിര്ത്താനൊരുങ്ങുകയാണെന്നും സഹപാഠികള്‍ പറഞ്ഞു.
കോവിഡിനുമുമ്പ് കോളേജില്‍ ഒന്നാംസെമസ്റ്ററില് പ്രവേശനം ലഭിച്ചെത്തിയ തന്നെ രണ്ടാം സെമസ്റ്ററിലെ സി. സന ഹോസ്റ്റലിലെ അവളുടെ മുറിയിലേക്ക് വിളിപ്പിച്ച് വളരെ മോശമായരീതിയില്‍ സംസാരിച്ച് മാനസികമായി പീഡിപ്പിച്ചെന്നും കോളേജ് യൂണിയന് പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന് പറയുകയും ചെയ്തെന്നാണ് വിദ്യാര്‍ഥിനി നല്കിയ പരാതിയിലുള്ളത്.
സംഭവംനടന്നിട്ട് രണ്ടുവര്‍ഷമായെങ്കിലും കുട്ടി പരാതിനല്‍കിയത് കഴിഞ്ഞ നവംബറിലാണ്. ആദ്യത്തെ മാനസികപീഡനത്തിനുശേഷം തുടര്‍ന്നുള്ള യൂണിയന്റെ കലാപരിപാടികളിലൊന്നും പങ്കെടുപ്പിക്കാതെ മനഃപൂര്‍വം വിദ്യാര്‍ഥിയെ മാറ്റിനിര്‍ത്തുകയായിരുന്നു. കോവിഡിനുശേഷം നടന്ന ഇത്തവണത്തെ പരിപാടിയില്‍നിന്നും ഒഴിവാക്കിയതോടെയാണ് സീനിയര്‍ വിദ്യാര്‍ഥിനിയുടെ പേരില്‍ പരാതി നല്‍കിയത്.
പരാതിയിന്മേല് ആന്റി റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സീനിയര്‍ വിദ്യാര്‍ഥിനിയെ സസ്പെന്‍ഡ് ചെയ്തത്. ഇക്കാലയളവില്‍ ക്ളാസില്‍ ഹാജരാകാനോ, പരീക്ഷയെഴുതാനോ സാധിക്കില്ല.
Content Highlights: ragging in kozhikode govt pharmacy college hostel girl student got suspension
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..