Screengrab: twitter.com/Anurag_Dwary
ഇന്ദോര്‍: മധ്യപ്രദേശിലെ മെഡിക്കല്‍ കോളേജില്‍ വീണ്ടും റാഗിങ് പരാതി. രത്ലാം ഗവ. മെഡിക്കല്‍ കോളേജില്‍നിന്നാണ് പുതിയ റാഗിങ് പരാതി ഉയര്‍ന്നിരിക്കുന്നത്. സീനിയര്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ വരിവരിയായി നിര്‍ത്തി മര്‍ദിച്ചെന്നും സംഭവം അറിഞ്ഞെത്തിയ ഹോസ്റ്റല്‍ വാര്ഡന് നേരേ മദ്യക്കുപ്പികള്‍ എറിഞ്ഞെന്നുമാണ് ആരോപണം. സംഭവത്തില്‍ പോലീസും കോളേജിലെ റാഗിങ് വിരുദ്ധ സമിതിയും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയായത്. ഒരുകൂട്ടം സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി മുഖത്തടിക്കുകയും ഹോസ്റ്റല്‍ വരാന്തയില്‍ ഇവരെ വരിവരിയായി നിര്‍ത്തിക്കുകയുമായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് ഹോസ്റ്റല്‍ വാര്‍ഡനായ ഡോ. അനുരാഗ് ജെയിന് സ്ഥലത്തെത്തിയെങ്കിലും സീനിയര്‍ വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തിന് നേരേ മദ്യക്കുപ്പികള്‍ എറിഞ്ഞു. തുടര്‍ന്ന് മറ്റൊരു സീനിയര്‍ വിദ്യാര്‍ഥിയുടെ സഹായത്തോടെ സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ആരെല്ലാമാണെന്ന് വാര്ഡന് തിരിച്ചറിഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ ഈ വിദ്യാര്‍ഥിയുടെ ഹോസ്റ്റല്‍ മുറി മറ്റുള്ളവര്‍ അടിച്ചുതകര്‍ത്തതായും വാര്ഡന് പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ ഉള്‍പ്പെട്ട പത്തുവിദ്യാര്ഥികളില് അഞ്ചുപേരെ തിരിച്ചറിഞ്ഞതായി കോളേജ് ഡീന്‍ ഡോ. ജിതേന്ദ്ര ഗുപ്ത പ്രതികരിച്ചു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇവരെയെല്ലാം ഹോസ്റ്റലില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇവരെ ഒരുവര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാനും റാഗിങ് വിരുദ്ധ സമിതി തീരുമാനമെടുത്തിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ദോറിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലും റാഗിങ് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ ഫ്ളാറ്റില്‍വെച്ച് ജൂനിയര്‍ വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ചെന്നും അശ്ലീലരീതിയില്‍ പെരുമാറാന്‍ ആവശ്യപ്പെട്ടെന്നുമായിരുന്നു പരാതി. തലയിണയുമായി സെക്സ് ചെയ്യാന്‍ ആവശ്യപ്പെടുകയും ക്ലാസിലെ പെണ്‍കുട്ടികളെക്കുറിച്ച് അശ്ലീലരീതിയില്‍ സംസാരിക്കാന്‍ പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ആറ് പ്രതികളെ തിരിച്ചറിഞ്ഞതായാണ് പോലീസിന്റെ പ്രതികരണം. കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..