കൊല്ലപ്പെട്ട രാജേഷ്
തിരുവനന്തപുരം: മടവൂര്‍ പടിഞ്ഞാറ്റേലാ ആശാഭവനില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. സാക്ഷിവിസ്താരം പൂര്‍ത്തിയായി അന്തിമവാദത്തിനിരുന്ന കേസിലാണ് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കേസിലെ ഏക ദൃക്‌സാക്ഷിയെ വീണ്ടും വിസ്തരിക്കാന്‍ മൂന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി.അനില്‍കുമാര്‍ അനുമതി നല്‍കിയത്.
കൊല്ലപ്പെട്ട രാജേഷിന്റെ അടുത്ത സുഹൃത്തും സംഭവദിവസം പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റയാളുമായ വെള്ളൂര്‍ തേവലക്കാട് തില്ല വിലാസത്തില്‍ കുട്ടനാണ് നിലവില്‍ കോടതിയില്‍ നല്‍കിയിരുന്ന ആദ്യമൊഴി മാറ്റി പ്രതികള്‍ക്ക് അനുകൂലമായ മൊഴി നല്‍കിയത്.
പ്രതികള്‍ തന്നെയും രാജേഷിനെയും ആക്രമിക്കാന്‍ എത്തിയപ്പോള്‍ മങ്കി ക്യാപ് ആണ് ധരിച്ചിരുന്നതെന്ന് ആദ്യം മൊഴിനല്‍കിയ കുട്ടന്‍ പ്രാധാന പ്രതികളെ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.
പുതുതായി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പ്രതികള്‍ പൂര്‍ണമായി മുഖം മറച്ചിരുന്നതുകൊണ്ട് ആരാണ് തങ്ങളെ ആക്രമിച്ചതെന്ന് അറിയില്ലെന്നാണ് കുട്ടന്‍ മൊഴിമാറ്റിയത്. ആദ്യമൊഴി നല്‍കിയത് പോലീസ് നിര്‍ദേശപ്രകാരം ആയിരുന്നെന്നും പോലീസിനെ ഭയന്നാണ് അന്ന് മൊഴി നല്‍കിയതെന്നും കോടതിയെ അറിയിച്ചു.
ഇപ്പോള്‍ താന്‍ സ്വതന്ത്രനായാണ് മൊഴിനല്‍കുന്നതെന്നും പോലീസിന് ഒപ്പമല്ല തന്റെ സഹോദരനൊപ്പമാണ് കോടതിയില്‍ എത്തിയതെന്നുമായിരുന്നു മൊഴി. നിര്‍ണായക സാക്ഷിയുടെ മൊഴിമാറ്റത്തിലും അതിനു വഴിയൊരുക്കിയ പ്രോസിക്യൂഷന്‍ നടപടിയും പൊതുവില്‍ സംശയം ജനിപ്പിക്കുന്നതാണ്. പ്രതികളുടെ കുറ്റകരമായ ഗൂഢാലോചനയില്‍ കുറച്ചുകൂടി വ്യക്തത വേണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
കേസിലെ ഒന്നാംപ്രതിയും ഖത്തറിലെ വ്യവസായിയും ഓച്ചിറ സ്വദേശിയുമായ അബ്ദുള്‍ സത്താര്‍ ഇപ്പോഴും ഒളിവിലാണ്.
സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള വഴിവിട്ട സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.
കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സാലി തന്റെ സുഹൃത്തും സാത്താന്‍ ചങ്ക്സ് എന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവനുമായ കായകുളം പുള്ളിക്കണക്ക് ദേശത്തിനകം സ്വദേശി അപ്പുണ്ണി എന്ന അപ്പുവിനെയാണ് കൊലപാതകത്തിന് കൂട്ടുപിടിച്ചത്. അപ്പുണ്ണിയുടെ സംഘാംഗങ്ങളും സാലിഹും നേരിട്ടെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2018 മാര്‍ച്ച് 18-ന് പുലര്‍ച്ചെ രണ്ടിനാണ് പ്രതികള്‍ മടവൂരുള്ള രാജേഷിന്റെ മെട്രാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്ന റെക്കോഡിങ് സ്റ്റുഡിയോയിലിട്ട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാള്‍ജിയ എന്ന നാടന്‍ പാട്ട് സംഘാംഗങ്ങളായിരുന്നു രാാജേഷും കുട്ടനും. ഇരുവരും സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടിക്ക് പാട്ട് പ്രാക്ടീസ് ചെയ്യുമ്പോഴായിരുന്നു പ്രതികളുടെ ആക്രമണം.
Content Highlights: radio jockey rajesh murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..