പിടിയിലായ പ്രതികൾ പോലീസുകാർക്കൊപ്പം
കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച യുവതിയും യുവാവും കര്‍ണാടകയില്‍ പിടിയില്‍. കർണാടക ഹോസ്ദുർഗ് ഷിമോഗ സ്വദേശികളായ നിഖിൽ(23), ശ്രേയ(23) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കര്‍ണാടകയിലെ കാര്‍ഖലയില്‍വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് മോഷ്ടിച്ച നായക്കുട്ടിയെ കണ്ടെത്തി.
സി.സി.ടി.വി.യില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യവും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്കെത്തിയത്. വിശദാന്വേഷണത്തില്‍ പ്രതികള്‍ ഇതര സംസ്ഥാനക്കാരാണെന്ന് ബോധ്യമായി. ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായും പോലീസ് കണ്ടെത്തി. ഇതോടെ അന്വേഷണ സംഘം കര്‍ണാടകയിലെത്തി ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് ഉഡുപ്പിയിലെ കാര്‍ഖലയില്‍വെച്ച് രണ്ടുപേരെയും പിടികൂടുകയായിരുന്നു. ഇരുവരും എന്‍ജിനീയറിങ് വിദ്യാര്‍ഥികളും ഒരുമിച്ചു താമസിക്കുന്നവരുമാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ മോഷണം നടത്തിയത്. കൊച്ചിയില്‍വന്ന് മുറിയെടുത്ത് താമസിക്കുകയായിരുന്നു ആദ്യം ചെയ്തത്. ശേഷം സ്ഥലത്തെ പെറ്റ് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നെട്ടൂരിലെ പെറ്റ് ഷോപ്പ് കണ്ടെത്തി. 5000 രൂപ വിലയുള്ള 45 ദിവസം പ്രായമുള്ള നായ്ക്കുട്ടിയെ പെറ്റ്‌ഷോപ്പില്‍ പൂച്ചയെ വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ മോഷ്ടിച്ച് കടക്കുകയായിരുന്നു. ഇതുമായി കര്‍ണാടകയിലേക്ക് പോകുകയും ചെയ്തു.
യുവാവും യുവതിയും കൂടി ബൈക്കില്‍ പെറ്റ്‌ഷോപ്പില്‍ എത്തുകയും പൂച്ചയേക്കുറിച്ച് അന്വേഷിച്ച ശേഷം കടക്കുള്ളില്‍ മുഴുവന്‍ നടന്ന് കാണുകയും ചെയ്തു. നായ്ക്കുട്ടികളില്‍ ഒന്നിനെ കൂട് തുറന്ന് എടുത്ത് കളിപ്പിക്കുകയും ശേഷം തിരികെ വെക്കുകയുമായിരുന്നു. എന്നാല്‍ കൂട് പൂട്ടിയിരുന്നില്ല. പിന്നാലെ അണ്ണാനെ ഇട്ടിരിക്കുന്ന സ്ഥലത്തേക്ക് എത്തുകയും അതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഈ സമയത്ത് കടയിലുണ്ടായിരുന്ന സ്റ്റാഫ് ഫോണ്‍ വന്നതിനെ തുടര്‍ന്ന് മാറുമ്പോള്‍ ഇരുവരും നായ്ക്കുട്ടിയെ കൈയിലുണ്ടായിരുന്ന ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടക്കുകയായിരുന്നു.
പിന്നീട് ആലപ്പുഴ സ്വദേശി നായ്ക്കുട്ടിയെ വാങ്ങാനെത്തിയപ്പോഴാണ് മൂന്ന് നായ്ക്കുട്ടികളില്‍ ഒന്നിനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് സി സി ടി വി പരിശോധിക്കുമ്പോഴാണ് മോഷണ വിവരം പുറത്തുവന്നത്.
നായ്കുട്ടിയുമായി തിരികെ കേരളത്തിലേക്ക് വരുകയാണെന്നും പ്രതികളായവരെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡില്‍ വിടുമെന്നും പനങ്ങാട് എസ്. ഐ ജിന്‍സന്‍ ഡൊമനിക് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മുന്‍പും ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ജിന്‍സന്‍ ഡൊമനിക്, എസ് ഐ ജി ഹരികുമാര്‍, സി പി ഒമാരായ എസ് സുധീഷ്, എം മഹേഷ്, ഷീബ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
മോഷണം പോയ നായ്കുട്ടിയെ കൈയില്‍ കിട്ടിയിട്ടില്ലെന്നും പോലീസിന് പിടികൂടാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും പെറ്റ്‌ഷോപ് ഉടമ ബാസിത്ത് പറഞ്ഞു.
Content Highlights: puppy stolen from a pet shop in nettoor, kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..