പുനലൂരിലെ എ.ടി.എം. കവർച്ചാശ്രമക്കേസിലെ പ്രതി അപ്പുവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
പുനലൂര്‍ : നഗരത്തിലെ ചൗക്ക റോഡില്‍ ധനലക്ഷ്മി ബാങ്കിന്റെ എ.ടി.എം. തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. ആലപ്പുഴ തകഴി പടഹാരം ശ്യാംഭവനില്‍ അപ്പു(20)വാണ് പുനലൂര്‍ പോലീസിന്റെ കസ്റ്റഡിയിലായത്. ഏറ്റുമാനൂരില്‍ എ.ടി.എം. കവര്‍ച്ചയ്ക്കു ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പുനലൂരിലെത്തിച്ച പ്രതിയുമായി ചൊവ്വാഴ്ച ഡിവൈ.എസ്.പി. ബി.വിനോദിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
ഈമാസം അഞ്ചിന് പുലര്‍ച്ചെ മൂന്നരയോടെയാണ് പുനലൂരില്‍ എ.ടി.എം. കവര്‍ച്ചയ്ക്കു ശ്രമം നടന്നത്. യന്ത്രം തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ പണം നഷ്ടമായിരുന്നില്ല. തൊപ്പിയും ടീ ഷര്‍ട്ടും മാസ്കും ധരിച്ച യുവാവ് എ.ടി.എം. കുത്തിത്തുറക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍നിന്നു ലഭ്യമായിരുന്നു.
പിറ്റേദിവസംതന്നെ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. ഇതിനിടെയാണ് ജനുവരി 30-ന് ഏറ്റുമാനൂരിലെ പേരൂര്‍ പുളിമൂട് കവലയിലുള്ള എ.ടി.എമ്മിലും സമാനരീതിയില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നെന്നും പ്രതി പിടിയിലായെന്നുമറിഞ്ഞത്. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കവര്ച്ചാശ്രമത്തിനുശേഷം പ്രതി തിരുവനന്തപുരത്ത് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നെന്നും പോലീസ് അറിയിച്ചു.
കവര്ച്ചയ്ക്കെത്തിയത് പാലരുവി എക്സ്പ്രസില്‍
പുനലൂരില്‍ എ.ടി.എം. കവര്‍ച്ചയ്ക്ക് പ്രതി എത്തിയത് എറണാകുളത്തുനിന്നാണെന്നും പുലര്‍ച്ചെ 1.10-ന് പാലരുവി എക്സ്പ്രസിലാണ് പുനലൂരിലെത്തിയതെന്നും പോലീസ്. പലയിടത്തും എ.ടി.എം. കവര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രൊഫഷണല്‍ മോഷ്ടാവല്ലാത്തതിനാല് പണം അപഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.
തീവണ്ടിയില്‍ പുനലൂര്‍ സ്റ്റേഷനിലെത്തിയ പ്രതി കുറേനേരം സ്റ്റേഷനില്‍ കറങ്ങിനടന്നശേഷം ചൗക്ക റോഡിലൂടെ നടന്ന് ധനലക്ഷ്മി ബാങ്കിന്റെ എ.ടി.എമ്മില്‍ എത്തുകയായിരുന്നു. 3.10-നാണ് കൗണ്ടറില്‍ പ്രവേശിക്കുന്നത്. 3.31 വരെ മെഷീന് കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടര്‍ന്ന്് കൗണ്ടര്‍ വിട്ടു. ദേശീയപാതയിലൂടെ കൊട്ടാരക്കര ഭാഗത്തേക്ക് ഇയാള്‍ നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനിടെ ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കെ.എസ്.ആര്.ടി.സി. ബസില്‍ കൊട്ടാരക്കരയിലെത്തുകയും അവിടെനിന്ന് തിരുവനന്തപുരത്തേക്കു പോകുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസ്, എസ്.ഐ.മാരായ ഹരീഷ്, രാജശേഖരന്, ഷിബു, കൃഷ്ണകുമാര്‍, സിവില്‍ ഓഫീസര്‍മാരായ രജ്ബീര്‍, അജാസ്, രജിത്ലാല്‍, രഞ്ജിത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Content Highlights: punalur atm robbery attempt case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..