Photo: Mathrubhumi
കൊച്ചി: ജോലിസ്ഥലത്തെ മാനസിക പീഡനമെന്ന പരാതിയില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്.എല്‍.) എച്ച്.ആര്. വിഭാഗം ജനറല്‍ മാനേജര്‍ക്കെതിരേ ആഭ്യന്തര അന്വേഷണം.
ഇവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കൊച്ചി മെട്രോ സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷനും (ഐ.എന്‍.ടി.യു.സി.) രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെല്ലാം പരാതി നല്‍കിയിട്ടുണ്ട്. മെട്രോ അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. ബുധനാഴ്ചയാണ് സംഭവം. അതിരുകടന്ന അധിക്ഷേപമാണുണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് യുവതി മാനസിക സംഘര്‍ഷത്തിലായി. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ കോര്‍പ്പറേറ്റ് ഓഫീസിന്റെ ഏറ്റവും മുകളിലെ നിലയിലേക്ക് കയറിയ യുവതിയെ ജീവനക്കാര്‍ അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. തുടര്‍ന്ന് കെ.എം.ആര്.എല്‍. എം.ഡി. യുവതിയുമായി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
ആരോപണ വിധേയയായ ഉദ്യോഗസ്ഥയ്ക്കെതിരേ പരാതികള്‍ ഏറെയുണ്ടെന്ന് മെട്രോ സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നും അസോസിയേഷന് പ്രസിഡന്റ് വി.പി. ജോര്‍ജ് കെ.എം.ആര്.എല്‍. മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹറയ്ക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥയ്ക്കെതിരേ പരാതി ലഭിച്ചതായി കെ.എം.ആര്.എല്‍. അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..