ദിലീപ് (ഫയൽ ചിത്രം)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് ഒരവസരംകൂടി അനുവദിച്ചു. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയും പ്രോസിക്യൂഷനെ വിമര്‍ശിച്ച സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഹര്‍ജി 26-ലേക്കു മാറ്റി. തെളിവുകള്‍ ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്ന് മുന്നറിയിപ്പും നല്കി.
ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൂടുതല്‍ തെളിവുണ്ടെന്ന വാദത്തില്‍ പ്രോസിക്യൂഷന് ഉറച്ചുനിന്നു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി പ്രോസിക്യൂഷന് വിചാരണക്കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ദിലീപും കൂട്ടരും ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ഇതിനായി ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെ സ്വകാര്യ ഫൊറന്‍സിക് ലാബിലേക്കു പോയെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു.
ഫോണില്‍നിന്ന് വിവരങ്ങള്‍ സാങ്കേതികവിദഗ്ധന്‍ സായ് ശങ്കറിന്റെ സഹായത്തോടെ നശിപ്പിച്ചു. ഫോണുകള്‍ ഹാജരാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ദിലീപ് ഫോണിലെ 12 വാട്സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചശേഷമാണ് ഹാജരാക്കിയതെന്നും ഇതു വീണ്ടെടുത്തെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഇവയൊക്കെ നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണെന്ന് എങ്ങനെയാണ് വിലയിരുത്തിയതെന്ന് കോടതി ആരാഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ഇവയ്ക്കു ബന്ധമുണ്ടെങ്കിലേ തെളിവുകള്‍ നശിപ്പിച്ചുവെന്ന വാദം നിലനില്‍ക്കൂ. ഫോണുകളില്‍നിന്ന് ഏതൊക്കെ രേഖകള്‍ ലഭിച്ചെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫോണില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ വളരെയധികമുണ്ടെന്നും വിശദവിവരങ്ങള്‍ റിപ്പോര്‍ട്ടിന്റെ സോഫ്റ്റ്കോപ്പിയിലുണ്ടെന്നും പ്രോസിക്യൂഷന് മറുപടി നല്കി. ഇതു കാണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ദിവസമാകാമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കാതെ അടുത്തതവണ ഹാജരാക്കാമെന്ന് ഓരോ തവണയും പറയുന്നു. ഇത്തരത്തില്‍ വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. വോയ്സ് ക്ളിപ്പുകളാണ് പ്രധാന തെളിവുകളെന്നു പറയുന്നു. എന്നാല്‍, ഇവപോലും പൂര്‍ണമായി ഹാജരാക്കുന്നില്ല.
ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കണമെന്നും ഇതിനുശേഷമേ വാദം തുടങ്ങൂവെന്നും കോടതി ഓര്‍മപ്പെടുത്തി. തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..