Photo Courtesy: Twitter.com/CBSNews
വിര്‍ജീനിയ(യു.എസ്): ചുമര്‍ തുരന്ന് ജയിലില്‍നിന്ന് രക്ഷപ്പെട്ട തടവുപുള്ളികള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസിലെ ജയിലില്‍നിന്ന് രക്ഷപ്പെട്ട രണ്ട് തടവുകാരെയാണ് സമീപനഗരത്തിലെ റെസ്റ്റോറന്റില്‍നിന്ന് പോലീസ് സംഘം പിടികൂടിയത്.
ന്യൂപോര്‍ട്ട് ന്യൂസിലെ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് തിങ്കളാഴ്ച രാത്രി 7.15-ഓടെ രക്ഷപ്പെട്ടത്. ജയില്‍ അധികൃതര്‍ രാത്രി തടവുകാരുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇരുവരെയും കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ സെല്ലിലെ ചുമര്‍ തുരന്നനിലയിലും കണ്ടെത്തി. ഇതോടെ പോലീസ് സംഘം ഊര്‍ജിതമായ തിരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ 4.20-ഓടെ സമീപനഗരമായ ഹാംടണില്‍നിന്ന് രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.
ചുമരില്‍ വലിയ ദ്വാരമുണ്ടാക്കി സെല്ലില്‍നിന്ന് പുറത്തുകടന്ന തടവുപുള്ളികള്‍, ജയില്‍വളപ്പിലെ സുരക്ഷാമതില്‍ ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ടൂത്ത് ബ്രഷും മറ്റൊരു ലോഹവസ്തുവും ഉപയോഗിച്ചാണ് ഇരുവരും ചുമരില്‍ ദ്വാരമുണ്ടാക്കിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.20-ന് ഹാംടണിലെ റെസ്റ്റോറന്റില്‍നിന്നാണ് രണ്ടുതടവുപുള്ളികളെയും പോലീസ് സംഘം കണ്ടെത്തിയത്. ന്യൂപോര്‍ട്ട് ജയിലില്‍നിന്ന് പത്തുകിലോമീറ്ററോളം അകലെയുള്ള സ്ഥലമാണിത്. നടന്നുവരികയാണെങ്കില്‍ ജയിലില്‍നിന്ന് ഇവിടെയെത്താന്‍ ഏകദേശം രണ്ടേകാല്‍മണിക്കൂര്‍ സമയമെടുക്കുമെന്നും അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: prisoners escaped from a jail in newport news city usa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..