.jpg?$p=2922c1a&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം/മാതൃഭൂമി
പത്തനംതിട്ട: പോക്സോ കേസില്‍ വൈദികന് അറസ്റ്റില്‍. പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്സ് പള്ളി വികാരിയും കൊടുമണ്‍ സ്വദേശിയുമായ പോണ്ട്സണ്‍ ജോണിനെയാണ് പത്തനംതിട്ട വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. കൊടുമണിലെ വീട്ടില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് വൈദികനെ പിടികൂടിയത്.
പ്രാര്‍ഥനയ്ക്കും കൗണ്‍സിലിങ്ങിനും എത്തിയ പെണ്‍കുട്ടിയ്ക്ക് നേരേ വൈദികന് ലൈംഗികാതിക്രമം നടത്തുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. മാര്‍ച്ച് 12, 13 തീയതികളിലായിരുന്നു സംഭവം.
പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന പെണ്‍കുട്ടിയെ അമ്മയാണ് വൈദികന്റെ അടുത്തെത്തിച്ചത്. പ്രാര്‍ഥനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും പഠനത്തില്‍ മികവുണ്ടാക്കാനായാണ് അമ്മ കുട്ടിയുമായി മാര്‍ച്ച് 12-ന് വൈദികന്റെ വീട്ടിലെത്തിയത്. രാത്രി 8.30-ഓടെ പ്രാര്‍ഥനയ്ക്കെത്തിയ കുട്ടിയെ വൈദികന് വീട്ടിലെ മുറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ബലമായി ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
പിറ്റേദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചാണ് അതിക്രമമുണ്ടായത്. പ്രാര്‍ഥനയ്ക്കെന്ന് പറഞ്ഞ് വീട്ടിലെത്തിയ വൈദികന് ഇവിടെവെച്ചും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മാനസികപ്രയാസത്തിലായ വിദ്യാര്‍ഥിനി തന്റെ സഹപാഠിയോടെയാണ് ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ സ്കൂളിലെ അധ്യാപികയെ വിവരമറിയിക്കുകയും അധ്യാപിക പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..