കെ.എസ്.ശങ്കർ, ജോൺസൺ, സുരേഷ്
പാലാ: ശല്യംചെയ്തത് എതിര്‍ത്ത ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും വര്‍ക്ഷോപ്പ് ഉടമകളും തൊഴിലാളിയും ചേര്‍ന്ന് മര്‍ദിച്ചു. ഇവര്‍ പിടിയിലായി. വയറിന്റെ അടിഭാഗത്ത് ചവിട്ടേറ്റ ഗര്‍ഭിണിയെ വിദഗ്ധചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് ആറിന് പാലാ-തൊടുപുഴ റോഡില്‍ ഞൊണ്ടിമാക്കല്‍ കവലയിലായിരുന്നു സംഭവം. ഇവിടെയുള്ള കാര്നെസ്റ്റ് വര്‍ക്ഷോപ്പിന്റെ ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് കെ.എസ്.ശങ്കര്‍ (39), അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്സണ് (38), തൊഴിലാളി മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരാണ് തോടനാല്‍ സ്വദേശികളായ ദമ്പതിമാര്‍. ഇവര്‍ ജോലികഴിഞ്ഞ് പാലാ ഞൊണ്ടിമാക്കല്‍ കവലയിലുള്ള വാടകവീട്ടിലേക്ക് പോവുകയായിരുന്നു. കേസില്‍ ഒന്നാംപ്രതിയായ ശങ്കര്‍ യുവതിയോട് മോശമായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതിനെ ഭര്‍ത്താവും യുവതിയും ചോദ്യംചെയ്തു. പ്രകോപിതരായ പ്രതികള്‍ ഭര്‍ത്താവിനെ കൈയേറ്റംചെയ്യുകയും ഗര്‍ഭിണിയുടെ അടിവയറ്റില്‍ ചവിട്ടുകയുമായിരുന്നു.
യുവതിക്ക് രക്തസ്രാവമുണ്ടായതിനാല്‍ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗര്‍ഭസ്ഥശിശുവിന്റെ ജീവന് അപകടാവസ്ഥയിലാണന്ന് പോലീസ് പറയുന്നു. നാട്ടുകാര്‍ വിവരമറിയിച്ച് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും ഒന്നാംപ്രതി ശങ്കര്‍ വര്‍ക്ഷോപ്പിലുണ്ടായിരുന്ന ഒരു കാറില്‍ രക്ഷപ്പെട്ടു.
ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിര്‍ദേശപ്രകാരം പാലാ ഡിവൈ.എസ്.പി. ഷാജു ജോസ് ഉടന്‍ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണമാരംഭിക്കുകയായിരുന്നു. കെ.എസ്.ശങ്കര്‍, ജോണ്സണ് എന്നിവരെ വെള്ളിയാഴ്ച പുലര്‍ച്ചെ അമ്പാറ നിരപ്പിലുള്ള റബ്ബര്‍ത്തോട്ടത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടി. ഇവര്‍ ബെംഗളൂരുവിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷിനെ വീട്ടില്‍നിന്നാണ് പിടികൂടിയത്. പാലാ എസ്.എച്ച്.ഒ. കെ.പി.തോംസണ്‍, എസ്.ഐ. അഭിലാഷ് എം.ഡി., എ.എസ്.ഐ.മാരായ ഷാജി, ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന് സ്റ്റീഫന്‍, ജസ്റ്റിന് ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍ സി.രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Content Highlights: pregnant woman was kicked, three arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..