ലോകേഷ്
കോയമ്പത്തൂര്‍: ഗോപിച്ചെട്ടിപ്പാളയത്തില്‍ 21 വയസ്സുള്ള യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ കൊങ്കര്‍പാളയം ദണ്ഡ് മാരിയമ്മന്‍ കോവില്‍ റോഡിലെ ലോകേഷിനെ (23) പോലീസ് അറസ്റ്റുചെയ്തു. യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഗോപിച്ചെട്ടിപ്പാളയത്തിലെ സ്വകാര്യ കോളേജില്‍ പഠിച്ചിരുന്ന ലോകേഷും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോകേഷ് ഇപ്പോള്‍ സ്വകാര്യ ഐ.ടി. കമ്പനിയില്‍ ജോലിചെയ്യുന്നു. യുവതി ഗര്‍ഭിണിയായതോടെ ഉടന്‍ വിവാഹം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും ലോകേഷ് തയ്യാറായില്ല. വിഷയം വീട്ടുകാര്‍ അറിയുമെന്ന ഭീതിയില്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഇരുവരും തീരുമാനിച്ചു.
ഇതിനായി മാര്‍ച്ച് 28-ന് ഇരുവരും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും നാലുമാസം ആയതിനാല്‍ ഒന്നുംചെയ്യാന്‍ പറ്റില്ലെന്നുപറഞ്ഞ് ആശുപത്രി അധികൃതര്‍ തിരിച്ചയച്ചു. ഇതോടെ ഇരുവരും കൊങ്കര്‍പാളയത്തുള്ള ലോകേഷിന്റെ മുത്തശ്ശിയുടെ വീട്ടിലേക്കുപോയി. ഈ സമയത്താണ് യുവതിയുടെ വീട്ടുകാര്‍ വിളിക്കുന്നത്. ഉടന്‍ വീട്ടിലേക്ക് വരാമെന്ന് വീട്ടുകാരോട് പറയുകയും ചെയ്തു. തുടര്‍ന്ന്, ഭക്ഷണം വാങ്ങിക്കാനായി പുറത്തുപോയിവന്നപ്പോള്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെന്നാണ് ലോകേഷ് മൊഴിനല്‍കിയതെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞാല്‍ തന്നെ അറസ്റ്റുചെയ്യുമെന്ന് ഭയന്ന് ലോകേഷ് തന്നെയാണ് മൃതദേഹം ചാക്കില്‍ക്കെട്ടി ടി.എന്‍. പാളയത്തെ കിണറ്റില്‍ ഉപേക്ഷിച്ചതെന്നും പറയുന്നു. പോലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
ലോകേഷിനെ ഗോപിച്ചെട്ടിപ്പാളയം കോടതിയില്‍ ഹാജരാക്കിയശേഷം ജില്ലാ ജയിലിലടച്ചു. മകളെ കാണാതായ അന്നുതന്നെ യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അഴുകിയ മണം വന്നതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെരുന്തുറ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ലോകേഷിനെ അറസ്റ്റുചെയ്തത്.
Content Highlights: pregnant woman death in coimbatore her lover arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..