സതീശൻ
കടയ്ക്കല്‍ : നാലുമാസം ഗര്‍ഭിണിയായ മകളെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അച്ഛന് അറസ്റ്റില്‍. കിളിമാനൂര്‍ അടയമണ്‍ കൊട്ടാരംമല ചരുവിള പുത്തന്‍വീട്ടില്‍ സതീശ(64)നാണ് പിടിയിലായത്. മുമ്പ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് സതീശന്.
ശനിയാഴ്ചയായിരുന്നു സംഭവം. കശുവണ്ടി ഫാക്ടറി തൊഴിലാളിയായ മകള്‍ അതുല്യ (24) ജോലിക്കായി സ്കൂട്ടറില്‍ പോകുമ്പോള്‍ ഈയക്കോട് ജങ്ഷനുസമീപം വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം അയല്‍വീട്ടിലേക്ക് ഓടിക്കയറിയ മകളെ അവിടെയെത്തി ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. നാട്ടുകാര്‍ യുവതിയെ രക്ഷപ്പെടുത്തുകയും സതീശനെ തടഞ്ഞുവെച്ച് കടയ്ക്കല്‍ പോലീസിന് കൈമാറുകയുമായിരുന്നു. അതുല്യ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സതീശന്റെ ഭാര്യ നേരത്തേ പിണങ്ങിപ്പോയിരുന്നു. ഇപ്പോള്‍ ഹോം നേഴ്സായി ജോലി ചെയ്യുകയാണ്. ഭാര്യയെ ഇയാള്‍ മര്‍ദിക്കുമായിരുന്നെന്ന് പോലീസ് പറഞ്ഞു. അവര്‍ പിണങ്ങിപ്പോകാന്‍ കാരണം മകളാണെന്ന് ആരോപിച്ചാണ് അതുല്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്.
1984-ല്‍ കിളിമാനൂരില്‍ സുകുമാരന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ 12 വര്‍ഷം ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്. പിന്നീട് ചിതറ കണ്ണന്‍കോട് പുഷ്പരാജനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതേവിട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..