പ്രവീൺ റാണ
തൃശ്ശൂര്‍: സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയ ചെയര്മാന് പ്രവീണ്റാണയ്ക്ക് പോലീസുകാരുമായി അടുത്ത ബന്ധം. പ്രവീണ്‍ നായകനായി ഡിസംബറില്‍ റിലീസ് ചെയ്ത ചോരന് സിനിമ സംവിധാനം ചെയ്തത് റൂറല്‍ പോലീസിലെ എ.എസ്.ഐ. സാന്റോ അന്തിക്കാടാണ്. പ്രവീണ്‍റാണ തട്ടിപ്പുകാരനാണെന്ന് തൃശ്ശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണിത്.
പോലീസിലെ നിരവധിപേര്‍ക്ക് പ്രവീണുമായി ബന്ധമുണ്ട്. സേനയില്‍നിന്ന് വിരമിച്ച സി.ഐ.യും എസ്.െഎ.യും ഉള്‍പ്പടെയുള്ള പലരും ഇയാളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. പ്രവീണിന്റെ സ്ഥാപനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാന്റോയെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്ന് വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല.
കേസുകള്‍ വീണ്ടും
തൃശ്ശൂര്‍ ആസ്ഥാനമായ സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയുടെ ചെയര്‍മാനായ കെ.പി പ്രവീണ്‍ വന്‍ പലിശ വാഗ്ദാനം നല്കി കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളില്‍ ഇതിനകം 25-ഓളം പരാതികള്‍ ലഭിച്ചു. ഒരു ലക്ഷം മുതല്‍ 17 ലക്ഷം വരെ തട്ടിയെന്നാണ് പരാതികള്‍. പ്രവീണിന്റെ തൃശ്ശൂരിലെ സ്ഥാപനങ്ങളിലും പാലക്കാട്ടെ സ്ഥാപനത്തിലും വെളുത്തൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയതില്‍ നിക്ഷേപകരുമായി ബന്ധപ്പെട്ട ഇടപാടുരേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം 15 കേസുകളുണ്ട്. ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം, പീച്ചി സ്റ്റേഷനുകളിലായിട്ടാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഷൊര്‍ണൂര്‍ ഓഫീസ് സീല്‍ ചെയ്തു
ഷൊര്‍ണൂര്‍: നിക്ഷേപത്തട്ടിപ്പ് കേസില്‍ തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് എന്ന ധനകാര്യസ്ഥാപനത്തിന്റെ ഷൊര്‍ണൂരിലെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. രേഖകളും ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തു. തുടര്‍ന്ന് ഓഫീസ് പൂട്ടി സീല്‍ ചെയ്തു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് പരിശോധന നടത്തിയത്. ഷൊര്‍ണൂരില്‍നിന്ന് പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസ്.എച്ച്.ഒ. പി.എം. ഗോപകുമാര്‍ പറഞ്ഞു.
തട്ടിച്ചത് 100 കോടി
സേഫ് ആന്‍ഡ് സ്ട്രോങ് നിധി എന്ന സാമ്പത്തികസ്ഥാപനം വഴിയും വിവിധ ബിസിനസുകളുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ചും പ്രവീണ്‍റാണ നാലുവര്‍ഷംകൊണ്ട് 100 കോടിയിലധികം തട്ടിയെടുത്തെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് നിക്ഷേപകര്‍ വീണത്. അതിശയിക്കുന്ന വേഗത്തിലായിരുന്നു പ്രവീണിന്റെ വളര്‍ച്ച.
പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങിയത്. പിന്നീട് ഇത് സേഫ് ആന്‍ഡ് സ്ട്രോങ് നിധിയെന്ന സാമ്പത്തികസ്ഥാപനമായി. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാര്‍ അവിടെ പ്രവര്‍ത്തിക്കുന്നു.
ഹോട്ടല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. തുടക്കത്തില്‍ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിക്ഷേപകരും ജീവനക്കാരും പരിചയക്കാരെ റാണയുടെ ഫ്രാഞ്ചൈസിയില്‍ നിക്ഷേപകരാക്കി. കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളും നല്കി. പണം വന്നുതുടങ്ങിയതോടെ പ്രചാരണങ്ങളും പരസ്യങ്ങളുമായി റാണ തട്ടിപ്പിന് ആക്കംകൂട്ടി. ദക്ഷിണേന്ത്യയില്‍ പബ്ബും ഡാന്‍സ് ബാറുകളും ആരംഭിച്ചു. പോലീസുകാരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ബന്ധങ്ങളുണ്ടാക്കി.
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ റാണയുടെ നിധി സ്ഥാപനത്തിന്റെ ലൈസന്‍സ് 2021-ല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റദ്ദാക്കിയതോടെയാണ് അടിത്തറയിളകിത്തുടങ്ങിയത്.
പലിശയും മുതലും നല്‍കുന്നത് മുടങ്ങിയതോടെ നിക്ഷേപകര്‍ പരാതിയുമായി എത്തിത്തുടങ്ങി. അവധികള്‍ പറഞ്ഞും കോടതികളില്‍നിന്ന് ജാമ്യം നേടിയും റാണ താത്കാലിക പരിഹാരം കണ്ടെങ്കിലും നിക്ഷേപകര്‍ പിടിമുറുക്കിയതോടെ പതറി. പിടിച്ചുനില്പ്പിനായി ഡിസംബര്‍ 27-ന് വിളിച്ച നിക്ഷേപകരുടെ യോഗത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഒടുവില്‍ ജനുവരി 10-ന് പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പിരിഞ്ഞത്. എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് റാണ രാജിവച്ചെന്ന വിവരമെത്തി. ഇതോടെ പോലീസ് സ്റ്റേഷനുകളില്‍ കൂട്ടപ്പരാതിയെത്തി. പിന്നാലെ ഇയാള്‍ മുങ്ങി. സംസ്ഥാനം വിട്ടെന്ന സൂചനയാണ് പോലീസിന് കിട്ടിയിരിക്കുന്നത്.
Content Highlights: praveen rana fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..