മുഹമ്മദ് ഷാഫി, സിസിടിവി ദൃശ്യത്തിൽ നിന്നും
താമരശ്ശേരി: വിദേശത്തെ ഇടപാടിന്റെപേരിൽ വീട്ടിൽ അതിക്രമിച്ചുകയറി പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് ഷാഫിയെ (38) തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘം വീടും പരിസരവുംകണ്ട് സ്ഥിരീകരിച്ച് തട്ടിക്കൊണ്ടുപോകലിന്റെ അന്തിമസ്കെച്ച് രൂപപ്പെടുത്തിയത് കടത്തിക്കൊണ്ടുപോവുന്നതിന് രണ്ടുദിവസംമുമ്പ്. വെള്ളിയാഴ്ച രാത്രി ഒമ്പതേപത്തിന് കടത്തിക്കൊണ്ടുപോകൽ നടപ്പാക്കിയ ആളുകൾ, ബുധനാഴ്ചയാണ് രണ്ട് സംഘാംഗങ്ങളെ വീട് കണ്ടുറപ്പിക്കുന്നതിനായി നിയോഗിച്ച് അയച്ചതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ബുധനാഴ്ച പകൽ രണ്ടുപേർ ഒരു കാറിൽ പരപ്പൻപൊയിലുള്ള ഷാഫിയുടെ ‘ജുമൈല മാൻഷൻ’ വീടിന് സമീപമെത്തിയിരുന്നു. തൊട്ടടുത്ത വീടിന് മുന്നിലേക്കുവെച്ച കാർ പിന്നീട് റിവേഴ്‌സെടുത്ത് ഷാഫിയുടെ വീടിന്റെ ഗേറ്റിനടുത്ത് നിർത്തി. കാറിൽനിന്ന് പിസ്തകളർ കള്ളിമുണ്ട് ധരിച്ച് നല്ല ഉയരവും ഉറച്ച ശരീരപ്രകൃതവുമുള്ള ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി ഗേറ്റിന് മുന്നിലേക്കെത്തി. സിറ്റൗട്ടിൽ കസേരയിലിരിക്കുകയായിരുന്ന ബന്ധുവായ യുവാവിനോട് ‘‘ഷാഫിക്കായുടെ വീട് ഇതല്ലേ, നിങ്ങളാണോ ഷാഫി’’ എന്നും ചോദിച്ചു. വീട് ഇതുതന്നെയാണെന്നും ഷാഫി പുറത്തുപോയതാണെന്നും ഷാഫിയുടെ ബന്ധു മറുപടിപറഞ്ഞു. പേരും ആഗമനോദ്ദേശ്യവും ആരാഞ്ഞപ്പോൾ ‘‘ഒന്നുമില്ല ഞാൻ വിളിച്ചോളാം’’ എന്നുപറഞ്ഞ് വന്നയാൾ വേഗം പിൻതിരിഞ്ഞ് കാറിൽക്കയറി മടങ്ങുകയായിരുന്നു. ഇതേ ആൾ കൂടി ഉൾപ്പെട്ട സംഘമാണ് രണ്ടുദിവസം കഴിഞ്ഞ് വീട്ടുവരാന്തയിൽ തോക്കുമായി അതിക്രമിച്ചുകയറി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കളുടെ നിഗമനം.
ഷർട്ടിടാത്ത ഒരു യുവാവിനൊപ്പമെത്തിയ സംഘാംഗങ്ങളിൽ മുഖംമറയ്ക്കാത്ത ഉയരമുള്ള വ്യക്തിയുടെ മുഖം, തന്നോട് ഷാഫിയുടെ വീടന്വേഷിച്ച യുവാവിനോട് സമാനതയുണ്ടെന്നാണ് ബന്ധു അന്വേഷണസംഘത്തെ അറിയിച്ചത്. രണ്ടുതവണ വീട്ടിലെത്തിയ യുവാവിന്റെ രേഖാചിത്രമാണ് സെനിയയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ആദ്യഘട്ടത്തിൽ തയ്യാറാക്കുന്നത്.
അതേസമയം, ഷാഫിയെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘത്തിന് വഴികാട്ടിയായി ഒരു സ്കൂട്ടറിൽ കുടുക്കിലുമ്മാരം സ്വദേശിയായ ഒരു യുവാവും വെള്ളിയാഴ്ച രാത്രി ഒപ്പമുണ്ടായിരുന്നെന്നാണ് വിവരം. സി.സി.ടി.വി. ദൃശ്യങ്ങളും ടവർലൊക്കേഷനും പരിശോധിച്ചപ്പോൾ ഇയാളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് ഇയാളെ തേടിയിറങ്ങിയിരുന്നു. എന്നാൽ, അന്നുമുതൽ ഈ യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്.

താമരശ്ശേരി ഡിവൈ.എസ്.പി. ഓഫീസിലെത്തിയപ്പോൾ
വിമാനത്താവളറോഡിൽ തിങ്കളാഴ്ച കണ്ടെത്തിയ മൊബൈൽഫോൺ മുഹമ്മദ് ഷാഫിയുടേതാവാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനമെങ്കിലും ഇക്കാര്യത്തിൽ സംശയമുണ്ടെന്നാണ് ബന്ധുക്കളുടെ പക്ഷം.
ഫോൺ മാറ്റിയതോ, അതോ വഴിതെറ്റിക്കലോ?
തട്ടിക്കൊണ്ടുപോയ ഏപ്രിൽ ഏഴുവരെ ഷാഫി ഉപയോഗിച്ചിരുന്ന ഐഫോണിൽ നീലനിറത്തിലുള്ള പ്രതലമായിരുന്നു വാൾപേപ്പറായി വെച്ചിരുന്നത്. ലോക്ക് സ്‌ക്രീനായി വെച്ചതാവട്ടെ മക്കളുടെ ഫോട്ടോയും. എന്നാൽ, മാധ്യമങ്ങളിൽ പ്രചരിച്ച, ഷാഫിയുടെ ഫോട്ടോയുടെ നിറംമാറ്റിയ പതിപ്പായിരുന്നു കണ്ടെത്തിയ ഫോണിലെ വാൾപേപ്പർ. പാസ്‌വേഡും വേറെയായിരുന്നു. ഷാഫിയുടെ ഭാര്യയ്ക്കും അടുത്തബന്ധുവിനും അറിയാവുന്ന മൂന്ന് പാസ്‌വേഡുകൾ ഉപയോഗിച്ച്, കണ്ടെത്തിയ ഫോണിന്റെ ലോക്ക് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഷാഫിയുടെ ഫോണിനുണ്ടായിരുന്ന കെയ്‌സും കഴിഞ്ഞദിവസം കണ്ടെത്തിയപ്പോൾ ഇല്ലായിരുന്നു. ഗുണ്ടാസംഘം ഷാഫിയുടെ ഫോൺ എടുത്ത് വാൾപേപ്പറും ബാക്ക് കവറുമെല്ലാം മാറ്റിയതാവാമെന്നാണ് പ്രാഥമികനിഗമനം. അതല്ലെങ്കിൽ സമാനമായ മറ്റൊരു ഐഫോണിൽ ഷാഫിയുടെ ഫോട്ടോ വാൾപേപ്പറാക്കി വെച്ച് അന്വേഷണസംഘത്തെ വഴിതെറ്റിക്കാൻ ഉപേക്ഷിച്ചതാവാമെന്ന സംശയവും ബന്ധുക്കൾക്കുണ്ട്.
ഷാഫിയുടേതെന്നു കരുതുന്ന മൊബൈൽഫോൺ ഉപേക്ഷിക്കപ്പെട്ടനിലയിൽ
താമരശ്ശേരി: പരപ്പൻപൊയിലിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യെ ഗുണ്ടാസംഘം വീട്ടിൽനിന്ന് ബലമായി വലിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയ കേസിൽ ഷാഫിയുടേതെന്നു കരുതുന്ന മൊബൈൽ ഫോൺ കണ്ടെത്തി. കോഴിക്കോട്-പാലക്കാട് പാതയിൽ വിമാനത്താവളം റോഡ് ജങ്ഷന് അടുത്തുള്ള ബാർ ഹോട്ടലിന് സമീപത്തുനിന്നാണ് ഷാഫിയുടെ പ്രൊഫൈൽ ഫോട്ടോയുള്ള ഐ ഫോൺ തിങ്കളാഴ്ച കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോകപ്പെട്ട ഷാഫിയുടെ ഐ ഫോണിന്റെ ടവർ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് പരിശോധിച്ചപ്പോൾ അന്ന് രാത്രി 11.30-ന് ലക്കിടിയിലും തുടർന്ന് പിറ്റേന്ന് പുലർച്ചെ വിമാനത്താവള റോഡിലുമാണ് അവസാനമായി കണ്ടെത്തിയിരുന്നത്. ശനിയാഴ്ച പുലർച്ചെ കണ്ടെത്തിയ അതേ ടവർ പരിധിയിലാണ് തിങ്കളാഴ്ച മൊബൈൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. മൊബൈൽ ഷാഫിയുടേതാവാമെന്ന പ്രാഥമികനിഗമനത്തിലാണ് അന്വേഷണസംഘം. എന്നാൽ, ഇക്കാര്യം ബന്ധുക്കൾ ഉറപ്പിച്ചിട്ടില്ല.
അതേസമയം ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഫലപ്രാപ്തിയിലെത്തിയില്ല. 7001 രജിസ്‌ട്രേഷൻ നമ്പറുള്ള കാറാണ് തട്ടിക്കൊണ്ടുപോവാൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ നമ്പറിലുള്ള ഒട്ടേറെ വാഹനങ്ങൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. എന്നാൽ, വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നാണ് സൂചന.
സമീപസംസ്ഥാനങ്ങളിലെവിടെയെങ്കിലും ഷാഫിയെ തടങ്കലിൽ പാർപ്പിച്ചിരിക്കാമെന്ന സംശയത്തിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി. പി. വിമലാദിത്യ ചൊവ്വാഴ്ചയും താമരശ്ശേരി ഡിവൈ.എസ്.പി. ഓഫീസിലെത്തി അന്വേഷണപുരോഗതി വിലയിരുത്തി. പോലീസിന്റെ അന്വേഷണത്തിൽ ബന്ധുക്കൾ അസംതൃപ്തി പ്രകടിപ്പിക്കുന്നില്ലെങ്കിലും ഷാഫി എവിടെയെന്ന് അഞ്ചുദിവസമായിട്ടും കണ്ടെത്താനാവാത്തതിൽ അവർ ആശങ്കയിലാണ്.
യുവാവിനെ ഇത്രയും ദിവസമായിട്ടും കണ്ടെത്താനാവാത്ത സാഹചര്യത്തിൽ പ്രദേശവാസികളും രാഷ്ട്രീയകക്ഷി പ്രതിനിധികളുമെല്ലാം ചേർന്ന് ഒരു ജനകീയ ആക്ഷൻ കമ്മിറ്റിക്ക് രൂപംനൽകി.
താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ചെയർമാനും കെ.പി.സി.സി. മെമ്പർ എ. അരവിന്ദൻ ജനറൽ കൺവീനറുമായാണ് കർമസമിതി രൂപവത്കരിച്ചത്. അന്വേഷണത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
തട്ടിക്കൊണ്ടുപോയതിൽ തനിക്കുപങ്കില്ലെന്ന് മുഹമ്മദ് സാലി
താമരശ്ശേരി: വീട്ടിൽ അതിക്രമിച്ചുകയറി പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് ഷാഫി (38)യെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തനിക്കുപങ്കില്ലെന്ന വാദവുമായി കൊടുവള്ളി സ്വദേശി മുഹമ്മദ് സാലി. തട്ടിക്കൊണ്ടുപോയത് താനാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഷാഫിയെ എത്രയുംപെട്ടന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും സാലി ആവശ്യപ്പെടുന്ന വീഡിയോസന്ദേശം പുറത്തുവന്നു. സാലിയുമായി നടന്ന ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഒന്നരമാസംമുമ്പുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് തട്ടിക്കൊണ്ടുപോകലെന്നായിരുന്നു അന്വേഷണഘട്ടത്തിലെ പ്രാഥമികനിഗമനം.
സൗദിയിലെ ബിസിനസ് അവസാനിപ്പിച്ച് പോവുന്ന സാഹചര്യത്തിൽ ദുബായിൽ നൽകാൻ ഷാഫിയെ ഏൽപ്പിച്ചിരുന്ന തുക മടക്കിനൽകണമെന്നാവശ്യപ്പെട്ട് ഒന്നരമാസംമുമ്പ് മധ്യസ്ഥരുമായി ഷാഫിയുടെ വീട്ടിൽപ്പോയിരുന്നതായി സാലി സമ്മതിക്കുന്നു. അതേസമയം ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകൽ കേസിൽ തനിക്കുപങ്കില്ലെന്നും തന്റെ ഇ-മെയിലുകൾ ഹാക്ക് ചെയ്യപ്പെട്ടതായും സാലി വീഡിയോയിൽ അവകാശപ്പെടുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 21-ന് വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിമുഴക്കിയെന്ന ഷാഫിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒന്നാംപ്രതിയായ മുഹമ്മദ് സാലി ഉൾപ്പെടെ ഏഴുപേരുടെയും കണ്ടാലറിയാവുന്ന പതിനഞ്ചാളുടെയുംപേരിൽ താമരശ്ശേരി പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പൂനൂർ മങ്ങാട് വടക്കേ കണ്ണച്ചൻവീട്ടിൽ അജു എന്ന അജ്‌നാസ് (30), പരപ്പൻപൊയിൽ മേടയത്ത് വീട്ടിൽ അബ്ദുൾ നിസാർ (46) എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലാവുകയും ചെയ്തിരുന്നു.
Content Highlights: pravasi youth muhammad shafi kidnapping case update


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..