അബ്ദുൾ ജലീലിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചതിന്റെ സി.സി.ടി.വി. ദൃശ്യം. കൊണ്ടുവന്നയാളാണ് കാറിന്റെ വാതിൽ തുറക്കുന്നത്
പെരിന്തല്‍മണ്ണ: കാണാതായ പ്രവാസി അബ്ദുള്‍ ജലീലിനെ അബോധാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് കേസിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ പിടികൂടാനായിട്ടില്ല. അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
പരിക്കേറ്റ് അബോധാവസ്ഥയിലായ അബ്ദുള്‍ജലീലിനെ കാറില്‍ ഒരാള്‍ ഒറ്റയ്ക്കാണ് എത്തിച്ചതെന്ന് ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യം വ്യക്തമാക്കുന്നു.
ഊട്ടി റോഡ് ഭാഗത്തുനിന്ന് ആശുപത്രിയിലേക്കു കയറിയ കാറിന്റെ ഡ്രൈവിങ് സീറ്റില്‍നിന്ന് പാന്റ്സും ഷര്‍ട്ടും ധരിച്ചയാള്‍ പുറത്തിറങ്ങുന്നു. ആശുപത്രി ജീവനക്കാരോട് സംസാരിക്കുന്നതിനിടെ അവര്‍ സ്ട്രച്ചര്‍ സജ്ജമാക്കുന്നു. ഇതിനുശേഷം കൊണ്ടുവന്നയാള്തന്നെ കാറിന്റെ പിന്‍വശത്തെ വാതില്‍ തുറക്കുന്നു.
ആശുപത്രി ജീവനക്കാരന് ജലീലിനെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു ജീവനക്കാരന്റെകൂടി സഹായത്തോടെ സ്ട്രച്ചറിലേക്കു മാറ്റുകയാണ്. അപ്പോഴെല്ലാം ഇയാള്‍ നോക്കിനില്‍ക്കുകയാണ്.
സ്ട്രച്ചറിലേക്കു കയറ്റുന്ന സമയത്ത് ജലീലിനെ പിടിക്കാന്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശിയാണ് ജലീലിനെ കൊണ്ടുവന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്വപ്നങ്ങള്‍ ബാക്കിവെച്ച് ജലീലിന്റെ മടക്കയാത്ര
അഗളി: വലിയ സ്വപ്നങ്ങളുമായിട്ടല്ല അഗളി വാക്ക്യത്തോടിയിലെ അബ്ദുള്‍ ജലീല്‍ 10 വര്‍ഷം മുന്‍പ് സൗദി ജിദ്ദയിലേക്ക് യാത്രയായത്. കുടുംബത്തിന്റെ അത്താണിയാകുക മാത്രമായിരുന്നു ലക്ഷ്യം. അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലിചെയ്തുണ്ടാക്കിയ ചെറിയ തുകയായിരുന്നു ജലീലിന്റെ കുടുംബത്തിന്റെ ആശ്രയം. ഈ കുടുംബത്തിന്റെ വരുമാനമാണ് ജലീല്‍ കൊല്ലപ്പെട്ടതോടെ ഇല്ലാതായത്.
വ്യാഴാഴ്ചയാണ് മേലാറ്റൂര്‍ സ്റ്റേഷന് പരിധിയിലെ ആക്കപറമ്പില്‍ റോഡരികില്‍ പരിക്കേറ്റുകിടന്നതായി കണ്ടുവെന്നുപറഞ്ഞ് ഒരാള്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ജലീലിനെ എത്തിച്ചത്. ക്രൂര മര്‍ദനത്തിനിരയായ ജലീലിനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. വ്യാഴാഴ്ച രാത്രിതന്നെ ജലീല്‍ മരിച്ചു.
ജിദ്ദയില്‍ സൗദി എയര്‍ലൈന്‍സിലെ അറബി ഉദ്യോഗസ്ഥന്റെ വീട്ടിലെ ഡ്രൈവറായിരുന്നു ജലീല്‍. അട്ടപ്പാടിയില്‍ ഡ്രൈവറായിരുന്ന ജലീല്‍ സ്വന്തമായി ഒരു ഓട്ടോറിക്ഷവാങ്ങി ഓടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലെ വരുമാനം കുറഞ്ഞതോടെയാണ് ഓട്ടോറിക്ഷവിറ്റ് കിട്ടിയ പണംകൊണ്ട് ജിദ്ദയിലേക്ക് പോയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ തൊഴില്‍ദാതാവ് എടുത്തുകൊടുക്കുന്ന വിമാന ടിക്കറ്റിലാണ് ജലീല്‍ വീട്ടിലേക്ക് വന്നുപോയിരുന്നത്.
ജലീലിന്റെ സ്വപ്നം ഒരുനല്ല വീടായിരുന്നുവെങ്കിലും അതിനുള്ള പണം സ്വരൂപിക്കാന്‍ കഴിയാതെ അഗളി പഞ്ചായത്ത് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് വീട് യാഥാര്‍ഥ്യമായത്.
നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന ജലീല്‍ അറബിക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നതായി ജലീലിന്റെ ബന്ധു ഷിഹാബുദ്ദീന് പറഞ്ഞു. രണ്ടുവര്‍ഷത്തിനുശേഷം ഞായറാഴ്ച വീട്ടിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബം ജലീലിനെ കാണുന്നത് വ്യാഴാഴ്ച അബോധാവസ്ഥയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ്.
ഉമ്മ: ആസിയ, ഭാര്യ: ബുബഷീറ. മക്കള്‍: അന്‍സില്‍, അന്‍ഷിഫ്, അന്‍ഷിത്ത്.
ഇരയായത് ക്രൂരമര്‍ദനത്തിന്
: അബ്ദുള്‍ ജലീലിന്റെ മൃതദേഹം വെള്ളിയാഴ്ച പോലീസ് പരിശോധന നടത്തിയശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ പോലീസ് സര്‍ജന്റെ പരിശോധനയ്ക്കുശേഷം വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 9.30-ഓടെ പോലീസ് തുടങ്ങിയ മൃതദേഹപരിശോധന 12.30-ഓടെയാണ് പൂര്‍ത്തിയായത്.
ക്രൂരമായ പീഡനത്തിനും മര്‍ദനത്തിനും ജലീല്‍ ഇരയായതായാണ് സൂചന. പുറംചുമല്‍ ഭാഗത്താണ് ഏറെയും മുറിവുകള്‍. തലയിലും ആഴത്തില്‍ മുറിവുണ്ട്. കാലിലും തുടയിലും കരിവാളിച്ച പാടുകളും പലയിടങ്ങളിലായി മര്‍ദനമേറ്റതിന്റെ അടയാളങ്ങളുമുണ്ട്.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍മാരായ ഷാരോണ്‍, സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..