നയന സൂര്യ
തിരുവനന്തപുരം: നയനാ സൂര്യന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഫൊറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ.കെ.ശശികല പോസ്റ്റ്മോര്‍ട്ടം നടത്തിയത് മരണം നടന്ന 2019 ഫെബ്രുവരി 24-നായിരുന്നു. എന്നാല്‍ ഡോ.കെ.ശശികല റിപ്പോര്‍ട്ടില്‍ ഒപ്പിട്ടത് ഏപ്രില്‍ അഞ്ച് എന്ന് രേഖപ്പെടുത്തിയാണ്. ഒപ്പിടാന്‍ ഇത്രയും കാലതാമസം ഉണ്ടാകാറില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്താരെയും കാണിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടാണ് മ്യൂസിയം പോലീസ് നയനയുടെ സഹോദരന് കൈമാറിയത്. സ്വയം ശരീരപീഡ നടത്തി ആനന്ദം കണ്ടെത്തുന്ന 'അസ്ഫിക്സിയോഫീലിയ' എന്ന അവസ്ഥയാണ് മരണകാരണമെന്നും അത് പുറത്തറിഞ്ഞാല്‍ നാണക്കേടാകും എന്നു പറഞ്ഞാണ് പോലീസ് റിപ്പോര്‍ട്ട് മറച്ചുവെയ്ക്കാന്‍ ഉപദേശിച്ചത്. നാലുവര്‍ഷത്തിനുശേഷം 'മാതൃഭൂമി' പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ മാത്രമാണ് മരണകാരണം കഴുത്ത് ഞെരിഞ്ഞാണ് എന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്.
സാമ്പത്തിക ഇടപാടും വസ്തു കൈമാറ്റങ്ങളും അന്വേഷിക്കും
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവസംവിധായിക നയനാ സൂര്യന്റെ പേരില്‍ തിരുവനന്തപുരത്ത് ഫ്ലാറ്റ് കൈമാറ്റമോ വസ്തു ഇടപാടുകളോ നടന്നിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. പുനരന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നയനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തുവകകളെക്കുറിച്ചും ആദ്യഘട്ടത്തില്‍ അന്വേഷിക്കും.
ആല്‍ത്തറ ജങ്ഷന് സമീപത്തെ വാടകവീട്ടിലാണ് നയന(28) യെ 2019 ഫെബ്രുവരി 24-ന് മരിച്ചനിലയില്‍ കണ്ടത്. മരണത്തിന് തൊട്ടടുത്ത ദിവസം നയനയുടെ സഹോദരന് മധു പോലീസിനൊപ്പം, മരണം നടന്ന മുറിയിലെത്തിയപ്പോള്‍ കടലാസുകളടക്കം മുറിയില്‍ നിറയെ സാധനങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ പിന്നീട് വസ്ത്രങ്ങളും മറ്റും എടുക്കാന്‍ എത്തിയപ്പോള്‍ മുറിയില്‍ അതൊന്നുമില്ലായിരുന്നു. വസ്ത്രങ്ങളും ലാപ്ടോപ്പും ഫോണും മാത്രമാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളായി പോലീസ് പിന്നീട് കൈമാറിയത്.
നയന ഉപയോഗിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ ഒരു കമ്മല്‍ ഒഴികെ എല്ലാം തിരികെ കിട്ടിയിട്ടുണ്ട്. ലാപ്ടോപ്പിലെ ഡേറ്റകള്‍ പൂര്‍ണമായും നശിപ്പിച്ച നിലയിലും മൊബൈല്‍ഫോണിലെ സന്ദേശങ്ങള്‍ മായ്ച്ച നിലയിലുമാണ് വീട്ടുകാര്‍ക്ക് മടക്കിനല്കിയത്. മരണം നടന്ന് മാസങ്ങള്‍ക്കുശേഷം വന്‍ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ അത് കാര്യമായി എടുത്തില്ല. ആ നോട്ടീസ് നഷ്ടപ്പെടുകയും ചെയ്തു.
സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹായിയായിരുന്ന നയന, അദ്ദേഹം കെ.എസ്.എഫ്.ഡി.സി. എം.ഡി.യായി ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തിന്റെ സ്റ്റാഫായി കെ.എസ്.എഫ്.ഡി.സി.യില്‍ ജോലി ചെയ്തിരുന്നു. ചെയര്മാന് ആയിരിക്കേയായിരുന്നു ലെനിന് രാജേന്ദ്രന്റെ മരണം. ലെനിന് രാജേന്ദ്രന് മരിച്ച് ഒരു മാസം കഴിഞ്ഞപ്പോഴാണ് നയനയുടെ ദുരൂഹമരണവും.
നയനയുടെ മൃതദേഹം കെ.എസ്.എഫ്.ഡി.സി.യുടെ കീഴിലുള്ള വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ സുഹൃത്തുക്കള്‍ ശ്രമം നടത്തിയെങ്കിലും അനുവാദം കിട്ടിയില്ല. ഉന്നത ഇടപെടല്‍ കാരണമാണ് പൊതുദര്‍ശനത്തിന് അനുവാദം കിട്ടാത്തതെന്നാണ് സുഹൃത്തുക്കളുടെ സംശയം. ഒടുവില്‍ മൃതദേഹം വെള്ളയമ്പലം മാനവീയം വീഥിയിലാണ് പൊതുദര്‍ശനത്തിന് വെച്ചത്.
ക്രൈംബ്രാഞ്ചിനു സമാന്തരമായി സ്പെഷ്യൽ ഓഫീസറും അന്വേഷിക്കും- മുഖ്യമന്ത്രി
തിരുവനന്തപുരം: യുവസംവിധായിക നയനാസൂര്യന്റെ ദുരൂഹമരണത്തിൽ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണത്തിനു സമാന്തരമായി സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ നയനയുടെ കുടുംബാംഗങ്ങളെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

നയനയുടെ അച്ഛൻ ദിനേശൻ, അമ്മ ഷീല, സഹോദരൻ മധു, സഹോദരി മഞ്ജു എന്നിവരാണ് കൊല്ലം ആലപ്പാട്ടുനിന്ന് ചൊവ്വാഴ്ച തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്. മുൻമന്ത്രി മെഴ്സിക്കുട്ടിയമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു.
സി.ബി.ഐ. അന്വേഷണത്തോടൊപ്പം കേസ് അട്ടിമറിക്കാൻ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
കേസിൽ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി ബന്ധുക്കൾക്ക് ഉറപ്പുനൽകി.
Content Highlights: Post-mortem on February 24; It was signed on April 5-nayana surya death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..