
പൂവരണി ജോയിയെ പിന്നിലിരുത്തി മറ്റൊരു പ്രതിയായ രമേശ് ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം(ഇടത്ത്) അറസ്റ്റിലായ പൂവരണി ജോലി, സെബാസ്റ്റിയൻ, രമേശ്, വിഷ്ണു, ഗിരീഷ് എന്നിവർ.
ഹരിപ്പാട്: ചിങ്ങോലി കാവില്‍പ്പടിക്കല്‍, ഏവൂര്‍ കണ്ണമ്പള്ളില്‍ തുടങ്ങി പത്തോളം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ അഞ്ചംഗസംഘം പിടിയില്‍.
ആലപ്പുഴ തുമ്പോളിയില്‍ താമസിച്ചിരുന്ന കോട്ടയം പൂവരണി കോട്ടയ്ക്കാട്ട് വീട്ടില്‍ ജോയി ജോസഫ് (പൂവരണി ജോയി- 54), കാട്ടൂര്‍ പള്ളിപ്പറമ്പ് സെബാസ്റ്റ്യന്‍ ( സെബാന് - 38), ഇടുക്കി അടിമാലി പടിക്കുപ്പ മാന്നാങ്കണ്ടം മംഗലത്ത് വീട്ടില്‍ രമേശ് (27), ഇടുക്കി കല്ലാര്‍ എട്ടേക്കര്‍ വട്ടയാല്‍ നന്ദനം വിഷ്ണു (30), പത്തനംതിട്ട വാഴമുട്ടം നെല്ലിക്കുന്നില്‍ സ്വദേശി അമ്പി (ഗിരീഷ് - 51) എന്നിവരെയാണ് കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടിയത്.
രണ്ടരവര്‍ഷത്തിനിടെ, തൃശ്ശൂര്‍ മുതല്‍ കൊല്ലം വരെയുള്ള ജില്ലകളിലെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ ഇവര്‍ കവര്‍ച്ച നടത്തിരുന്നെന്ന് പോലീസ് പറഞ്ഞു. നൂറോളം ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയതിനു പലപ്പോഴായി 26 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള പൂവരണി ജോയിയാണു തലവന്‍.
കായംകുളം മേഖലയിലെ ക്ഷേത്രങ്ങളില്‍ ഒരുവര്‍ഷത്തിനിടെ നടന്ന മോഷണങ്ങളെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തിവരുകയായിരുന്നു.
മേയ് രണ്ടിന് ഏവൂര്‍ കണ്ണമ്പള്ളി ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.36,000 രൂപയും സ്വര്‍ണ ഉരുപ്പടികളുമാണു നഷ്ടപ്പെട്ടത്. പ്രതികള്‍ ബൈക്കില്‍ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും വ്യക്തത കുറവായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ക്ഷേത്രമോഷണത്തിനുശേഷം പ്രതികള്‍ ബൈക്കോടിച്ചു പോകുന്നതിന്റെ അവ്യക്തമായ ദൃശ്യങ്ങള്‍ മുന്‍പും പോലീസിനു കിട്ടിയിരുന്നു. ഇതുമായി നടത്തിയ അന്വേഷണം ഫലം കണ്ടിരുന്നില്ല.
മോട്ടോര്‍വാഹന വകുപ്പ് അടുത്തിടെ സംസ്ഥാനവ്യാപകമായി സ്ഥാപിച്ച ക്യാമറകളില്‍, ദേശീയപാതയിലെ അമ്പലപ്പുഴയിലുണ്ടായിരുന്ന ക്യാമറയാണ് പോലീസിനു തുണയായത്. ഇതില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമായിരുന്നു.
പൂവരണി ജോയിയെ പിന്നിലിരുത്തി മറ്റൊരു പ്രതിയായ രമേശ് ബൈക്കോടിക്കുന്ന വ്യക്തമായ ചിത്രം കിട്ടി. തുടര്‍ന്നാണ് ആലപ്പുഴ വാടയ്ക്കല്‍ ഭാഗത്ത് മീന്‍ കച്ചവടം നടത്തിവന്ന ജോയിയെ പോലീസ് പിടികൂടുന്നത്.
2017- ല്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ ജോയിയെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആദ്യം ആലപ്പുഴഭാഗത്തെ ഒരു എന്‍ജീനിയറിങ് കോളേജില്‍ ക്യാന്റീന് നടത്തിവന്ന ഇയാള്‍ കോവിഡ് കാലത്താണ് മീന്‍ കച്ചവടം തുടങ്ങുന്നത്. രണ്ടര വര്‍ഷമായി ക്ഷേത്രകവര്‍ച്ച നടത്തുന്നുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് വ്യക്തമായത്.
പൂവരണി ജോയിയുടെ ആദ്യകവര്‍ച്ച കല്യാണവീട്ടില്‍; വധുവിന്റെ അച്ഛന്റെ ആത്മഹത്യ മനംമാറ്റി, അങ്ങനെ മോഷണം അമ്പലങ്ങളില്‍ മാത്രമാക്കി
ഹരിപ്പാട്: കോട്ടയം പൂവരണി സ്വദേശി ജോയി ജോസഫ് (58) എന്ന പൂവരണി ജോയി നൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതിനു പലപ്പോഴായി പിടിയിലായിട്ടുണ്ട്. ഈ കേസുകളില്‍ 26 വര്‍ഷമാണ് ജയില്‍വാസം അനുഭവിച്ചത്. 2017 ജൂലായില്‍ ശിക്ഷകഴിഞ്ഞിറങ്ങി. നാടുവിട്ട് ആലപ്പുഴയിലെത്തിയ ജോയി പല ജോലികള്‍ചെയ്തു ജീവിക്കുകയാണെന്നാണ് പോലീസിനെ വിശ്വസിപ്പിച്ചിരുന്നത്. ആദ്യം ആലപ്പുഴഭാഗത്തെ ഒരു എന്‍ജിനിയറിങ് കോളേജിലെ കാന്റീന് നടത്തി. കോവിഡ് കാലത്ത് മീന്‍കച്ചവടം തുടങ്ങി. കാട്ടൂര്‍ ഭാഗത്തായിരുന്നു താമസം. ഇയാളുടെ പഴയകാല ജീവിതം നന്നായി അറിയാമായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നു. എന്നാല്‍, അവരെ കബളിപ്പിച്ചുകൊണ്ട് 2020 മുതല്‍ ജോയി ക്ഷേത്രക്കവര്‍ച്ച തുടങ്ങിയതായാണ് ഇപ്പോള്‍ പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.
പത്തൊന്‍പതാം വയസ്സിലായിരുന്നു ഇയാളുടെ ആദ്യ കവര്‍ച്ചയെന്നാണ് പോലീസ് പറയുന്നത്. കോട്ടയം ജില്ലയിലാണു സംഭവം. വിവാഹ ഒരുക്കം നടന്ന വീട്ടില്‍നിന്ന് മുപ്പതുപവനോളം സ്വര്‍ണം കവര്‍ന്നു. മോഷണമറിഞ്ഞ് വധുവിന്റെ അച്ഛന് ആത്മഹത്യചെയ്തു. ഇതറിഞ്ഞതോടെ വീടുകളിലെ മോഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് പ്രതി പോലീസിനോടു പറഞ്ഞിരിക്കുന്നത്.
ക്ഷേത്രങ്ങളിലെ ശ്രീകോവിലില്‍ മോഷണത്തിനു കയറിയാല്‍ നിലവിളക്കുകള്‍ കത്തിച്ചുവെക്കുന്ന രീതിയും ഇയാള്‍ക്കുണ്ട്. ഹരിപ്പാടു ഭാഗത്ത് അടുത്തിടെ നടന്ന ക്ഷേത്രക്കവര്ച്ചകളെല്ലാം ഇങ്ങനെയായിരുന്നു.
പോലീസിന്റെ അന്വേഷണരീതികളെല്ലാം ജോയിക്ക് കൃത്യമായി അറിയാമായിരുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ കൂട്ടാളികള്‍ക്ക് കര്‍ശന നിര്‍ദേശമാണ് ഇയാള്‍ നല്‍കിയിരുന്നത്. പരസ്പരം ഫോണ്വിളിയില്ല. ആവശ്യമുള്ളപ്പോള്‍ നേരിട്ടു കാണും. തുടര്‍ന്ന് മോഷണത്തിനിറങ്ങും. തൊണ്ടിമുതലും സ്വര്‍ണവും തുല്യമായി പങ്കിടും. പരസ്പരം വഴക്കുണ്ടാകാനും അതുവഴി മോഷണവിവരം പുറത്തറിയാനുമുള്ള സാധ്യത ഒഴിവാക്കാനായിരുന്നു ഈ തന്ത്രം.
രണ്ടരവര്‍ഷമായി വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ മോഷണംനടത്തിയിട്ടുള്ളതായി പ്രതികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. പല സംഭവങ്ങളിലും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ചെയ്തിട്ടില്ല.
പൂവരണി ജോയിയെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ജില്ലയിലെ പത്തോളം ക്ഷേത്രങ്ങളില്‍ കവര്‍ച്ചനടത്തിയ മറ്റു നാലു പ്രതികളെപ്പറ്റിയുള്ള വിവരംകൂടി ലഭിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നായാണ് മറ്റുള്ളവരെ പിടികൂടുന്നത്. പ്രതികളിലൊരാള്‍ ആദിവാസിമേഖലയിലാണ് ഒളിച്ചത്. വനംവകുപ്പിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടുന്നത്.
കരീലക്കുളങ്ങര ഇന്‍സ്പെക്ടര്‍ സുധിലാല്‍, എസ്.ഐ.മാരായ ഷെഫീഖ്, മുജീബ്, എ.എസ്.ഐ. പ്രദീപ്, പോലീസ് ഉദ്യോഗസ്ഥരായ എസ്.ആര്. ഗിരീഷ്, മണിക്കുട്ടന്, ഇയാസ് ഇബ്രാഹിം, അരുണ്‍, നിഷാദ്, ദീപക്, ഷാജഹാന്, ബിജു, ശ്യാം, സജിത്ത്, ഷെമീര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..