ദിവ്യ, ഗൗരി
തിരുവനന്തപുരം: പൂവച്ചല്‍ സ്വദേശികളായ ദിവ്യയേയും മകള്‍ ഗൗരിയേയും പങ്കാളി മാഹീന്‍കണ്ണ് കൊലപ്പെടുത്തിയ കേസ് അട്ടിമറി തുടങ്ങിയത് പോലീസില്‍നിന്ന്. രണ്ട് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ പ്രതിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരു പ്രാദേശിക നേതാവടക്കം രണ്ട് ജനപ്രതിനിധികളും പ്രതിക്കായി ഇടപെട്ടതായും ആരോപണമുണ്ട്. നിര്‍ധനയായ ദിവ്യയുടെ അമ്മയില്‍ നിന്നു പണംവാങ്ങി വേളാങ്കണ്ണിക്ക് ഒരു ഉദ്യോഗസ്ഥന് അന്വേഷണത്തിനെന്ന പേരില്‍ 'വിനോദയാത്ര' നടത്തുകയും ചെയ്തു.
2011 ഓഗസ്റ്റ് 18 നാണ് മാഹീന്‍കണ്ണ് ദിവ്യയും മകളുമായി ഊരൂട്ടമ്പലത്ത് നിന്ന് പോകുന്നത്. ഇയാളുടെ മറുപടികളില്‍ അവ്യക്തത വന്നതോടെ ദിവ്യയുടെ അമ്മ രാധ 21 ന് മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ കേസെടുക്കാതെ മാഹീന്റെ സ്ഥലമായ പൂവാര്‍ സ്റ്റേഷനില്‍ അന്വേഷിക്കാനായിരുന്നു മറുപടി. ഇവിടെ പരാതി നല്‍കാനെത്തിയപ്പോഴാണ് സ്റ്റേഷന് മുന്നില്‍ വച്ച് മാഹീനെ കാണുന്നത്.
പോലീസ് മാഹീനെ സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ പിതാവടക്കമുള്ള ബന്ധുക്കളും ചില പ്രാദേശിക നേതാക്കളും എത്തി ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി. ദിവ്യയും മകളും വേളാങ്കണ്ണിയിലുണ്ടെന്നും മൂന്ന് ദിവസത്തിനകം ഹാജരാക്കാം എന്നു പറഞ്ഞ മാഹിനെ വിട്ടയച്ചു. പരാതി നല്കി അഞ്ച് ദിവസം കഴിഞ്ഞ് 26 നാണ് മാറനല്ലൂര്‍ പോലീസ് കേസെടുത്തത്.
മാഹീന് ഒളിവില്‍ പോകുകയും ചെയ്തു. പോലീസും കേസ് അന്വേഷണവുമായി മുന്നോട്ടുപോയില്ല. മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് ദിവ്യയുടെ വീട്ടുകാരില്‍ നിന്നും പല പ്രാവശ്യം പണം വാങ്ങുകയും ചെയ്തു. കണ്ടെത്താനായില്ലെന്ന പേരില്‍ പത്ത് മാസത്തിനകം കേസ് എഴുതിത്തള്ളുകയും ചെയ്തു. സാമ്പത്തികമായി തകര്‍ന്ന ദിവ്യയുടെ കുടുംബത്തിന് കേസിന് പിന്നാലെ പോകാനുള്ള കഴിവുമുണ്ടായിരുന്നില്ല.
2019-ല്‍ ഐ.എസ്. ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാറനല്ലൂര്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചു. മാഹീനെ അന്വേഷണങ്ങളുടെ ഭാഗമായി നോട്ടീസ് നല്കി വിളിപ്പിച്ചു. പോലീസിന്റെ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയായിരുന്നു ഇയാള്‍. ദിവ്യയേും കുഞ്ഞിനേയും ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ബാലരാമപുരത്ത് ഇറക്കിവിട്ടതായും തനിക്കൊന്നുമറിയില്ലെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ നിന്നും പോലീസ് ചോദ്യം ചെയ്യുന്നതിനെതിരായ ഉത്തരവ് വാങ്ങി ഇയാള്‍ അന്വേഷണ സംഘത്തോട് നിസ്സഹകരിച്ചു. ഇയാളുടെ പിന്നാലെയുണ്ടായിരുന്ന ഷാഡോ സംഘം ദിവ്യയും കുഞ്ഞും കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തില്‍ തന്നെയായിരുന്നു.
പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തപ്പോഴും കാട്ടാക്കട കോടതിയെ സമീപിച്ച് ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി കേസ് തള്ളുകയായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് മാഹീനെ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
ഒടുവില്‍ ആത്മഹത്യ കഥ...
തിരുവനന്തപുരം: കൊലപാതകക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ അവസാന നിമിഷം വരെ വ്യത്യസ്തമായ തന്ത്രങ്ങളാണ് മാഹീന് പുറത്തെടുത്തത്. ദിവ്യയേയും മകളേയും ഹാജരാക്കാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ മാഹീന് വിദേശത്തേക്ക് കടന്നു. 2019 ല്‍ കേസ് പുനരന്വേഷണം തുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ രേഖകളിലൂടെ വേളാങ്കണ്ണിക്കഥ പൊളിച്ചു. പിന്നീട് ഇയാള്‍ മറുപടി പറയാന്‍ തയാറായില്ല.
അവസാനം പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ദിവ്യയും മകളും മരിച്ചെന്ന് സമ്മതിച്ചു. കുടുങ്ങുമെന്നായപ്പോള്‍ ദിവ്യ ആത്മഹത്യ ചെയ്തു എന്ന പുതിയ കഥ മെനഞ്ഞു. ഓഗസ്റ്റ് 11 ന് ദിവ്യയേയും കുഞ്ഞിനേയും ഇരയിമ്മന്തുറയ്ക്ക് സമീപം ആളില്ലാതുറയില്‍ ഉപക്ഷിച്ച് തിരികെപ്പോരുകയായിരുന്നെന്നും ദിവ്യ കരഞ്ഞുകൊണ്ട് വാഹനത്തിന് പിന്നാലെ ഓടിയെന്നും ഇയാള്‍ മൊഴി നല്കി. 19ന് കുളച്ചല്‍ കോസ്റ്റല്‍ പോലീസിന് കടലില്‍ നിന്നും മൃതദേഹം കിട്ടി എന്ന വാര്‍ത്ത തമിഴ് പത്രങ്ങളില്‍ വന്നിരുന്നു. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പുതുക്കട പോലീസ് സ്റ്റേഷന് പരിധിയിലും ലഭിച്ചു. ഇത് സംബന്ധിച്ച പത്രവാര്‍ത്തകളും മാഹീന് സൂക്ഷിച്ച് വച്ചിരുന്നു. താന്‍ ഉപേക്ഷിച്ച് കടന്നതോടെ ദിവ്യ ആത്മഹത്യ ചെയ്തു എന്ന് വരുത്താനായിരുന്നു ശ്രമം. പ്രത്യേക അന്വേഷണ സംഘം ഇതെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തി. തമിഴ്നാട്ടിലെ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച ചിത്രങ്ങള്‍ ദിവ്യയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
മാഹീനുമായി ഈ പ്രദേശങ്ങളിലെല്ലാം പോയി. പക്ഷേ മാഹീന്റെ ആത്മഹത്യ കഥ വിശ്വസിക്കാന്‍ അന്വേഷണ സംഘം തയാറായിരുന്നില്ല. കൊലപാതകം തന്നെയാണെന്നായിരുന്നു സംഘത്തിന്റെ നിഗമനം.
ആളില്ലാതുറയില്‍ നിന്നും തിരിച്ചെത്തിയ ശേഷമുള്ള ചോദ്യം ചെയ്യലില്‍ മാഹീന് കൊലപാതകം സമ്മതിക്കുകയായിരുന്നു. കൃത്യമായ നിയമോപദേശങ്ങള്‍ തേടിയാണ് ഇയാളുടെ നീക്കങ്ങളെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാളുടെ മൊബൈല്‍ സിം കാര്‍ഡും സ്ഥാപനങ്ങളും വാഹനവും അടക്കം ഭാര്യയുടെ പേരിലാണ്. ഉച്ചക്കടയിലെ സ്വന്തം ഹോട്ടലിന്റെ മുന്‍ഭാഗത്തേക്ക് ഇയാള്‍ സാധാരണ വരാറില്ലായിരുന്നു. ഒരു ഒളിവ് ജീവിതത്തിന്റെ ശൈലി സ്വീകരിച്ചിരുന്നു.
അവര്‍ തിരിച്ചുവരില്ല...കേട്ടപ്പോള്‍ രാധ ബോധരഹിതയായി
തിരുവനന്തപുരം: വര്‍ഷങ്ങളായി കാത്തിരുന്ന മകളും ചെറുമകളും തിരികെ എത്തില്ലെന്ന വാര്‍ത്ത വിശ്വസിക്കാനാകാതെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിവ്യയുടെ അമ്മ രാധ ബോധരഹിതയായി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് സംഭവം. ദിവ്യയെ കടലില്‍ തള്ളിയിട്ട് കൊന്നതാണെന്ന പ്രതി മാഹിന്‍ കണ്ണിന്റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് രാധയെ വിളിച്ചു വരുത്തിയത്. മൊഴി രേഖപ്പെടുത്താനായി വരാനായിരുന്നു ആവശ്യപ്പെട്ടത്. വൈകീട്ടോടെ വന്ന രാധയോട് ഉദ്യോഗസ്ഥര്‍ മകളും കൊച്ചുമകളും ഇനി തിരികെ വരില്ലെന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തി. ഇതോടെ ബോധരഹിതയായി കസേരയിലേക്ക് ചാഞ്ഞു. ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു.
Content Highlights: poovachal woman and daughter went missing 11 years ago murdered founds crime branch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..