ദിവ്യ, ഗൗരി
തിരുവനന്തപുരം: പൂവച്ചലിലെ യുവതിയുടെയും മകളുടെയും തിരോധാനം കൊലപാതകമെന്ന് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. പതിനൊന്നു വര്‍ഷം മുന്‍പാണ് പൂവച്ചല്‍ സ്വദേശി ദിവ്യ, മകള്‍ ഒന്നരവയസ്സുകാരി ഗൗരി എന്നിവരെ കാണാതായത്. ദിവ്യയ്ക്കൊപ്പം താമസിച്ചിരുന്ന പങ്കാളി മാഹീന്‍കണ്ണാണ് കൊലപാതകം നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2011 ഓഗസ്റ്റ് 18 മുതലാണ് ദിവ്യയെയും ഗൗരിയെയും കാണാതാകുന്നത്. ഇത് സംബന്ധിച്ച് ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പതിനൊന്നു കൊല്ലം കേസ് തെളിയാതെ കിടന്നു. ഡി. ശില്പ തിരുവനന്തപുരം റൂറല്‍ എസ്.പിയായതിന് പിന്നാലെ രണ്ടുമാസം മുന്‍പാണ് കേസ് അന്വേഷണം പ്രത്യേകസംഘത്തെ ഏല്പിച്ചത്.
ക്രൈം ബ്രാഞ്ച് ഡിവൈ.ഐ.എസ്.പി. ജോണ്‍സന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേകസംഘം രൂപവത്കരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിവ്യയെയും മകളെയും മാഹീന്‍കണ്ണ് കൊലപ്പെടുത്തിയതായി തെളിഞ്ഞത്. ഇതു സംബന്ധിച്ച് മാഹീന്‍കണ്ണ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ദിവ്യയെയും മകളെയും തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നും ശേഷം മൃതദേഹം കടലില്‍ കളഞ്ഞുവെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് ക്രൈം ബ്രാഞ്ച് കടക്കും. മകളുടെയും കൊച്ചുമകളുടെയും തിരോധാനം സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദിവ്യയുടെ അമ്മ രാധ പലവാതിലുകളില്‍ മുട്ടിയിരുന്നു.
ഊരൂട്ടമ്പലം വെള്ളൂര്‍കോണത്ത് വാടകവീട്ടിലായിരുന്നു മാഹീന്‍കണ്ണിനൊപ്പം ദിവ്യയും മകളും താമസിച്ചിരുന്നത്. ഇരുവരെയും കാണാതായതിനെ കുറിച്ച് മാഹീന്കണ്ണിനോട് അന്വേഷിച്ചപ്പോള്‍ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. വീട്ടില്‍നിന്ന് ഇവര്‍ ഇറങ്ങിപ്പോയെന്നായിരുന്നു പറഞ്ഞിരുന്നത്. ലോക്കല്‍ പോലീസ് കേസ് കൃത്യമായി മാഹീനെ ചോദ്യം ചെയ്യുകയോ ഗൗരവമായി അന്വേഷിക്കുകയോ ചെയ്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
വിവാഹിതനാണെന്നും ഇതരമതസ്ഥനാണെന്നുമുള്ള വിവരങ്ങള്‍ മറച്ചുവച്ച് മനുവെന്ന പേരിലാണ് മാഹീന് ദിവ്യയുമായി അടുപ്പത്തിലാവുന്നത്. പിന്നീട് ദിവ്യയെ വിളിച്ചിറക്കി കൊണ്ടുപോയി. ദിവ്യ ഗര്‍ഭിണിയായതോടെ മാഹീന് വിദേശത്തേക്കു കടന്നു. ദിവ്യ പ്രസവിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് മാഹീന് തിരികെയെത്തിയത്. തുടര്‍ന്ന് ദിവ്യയും കുഞ്ഞുമായി മാഹീന് ഊരൂട്ടമ്പലത്ത് താമസം തുടങ്ങി.
ഇവിടെവച്ചാണ് മാഹീന് വേറെ ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന് ദിവ്യ അറിയുന്നത്. ഇത് മാഹീന്റെ കുടുംബവും അറിഞ്ഞതോടെ തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തു. 2011 ഓഗസ്റ്റ് 18 വൈകീട്ടാണ് മാഹീന് ദിവ്യയെയും മകളെയും കൂട്ടിക്കൊണ്ടുപോകുന്നത്. ഇരുവരും പോകുന്നത് ദിവ്യയുടെ സഹോദരി ശരണ്യ യാദൃച്ഛികമായി കണ്ടതായിരുന്നു കേസിലെ പ്രധാനതെളിവ്. കാണാതായതിനെ തുടര്‍ന്ന് ദിവ്യയുടെ അമ്മ രാധ, മാഹീനെ ഫോണില്‍ വിളിച്ചപ്പോള്‍ ആദ്യം പൂവാറിലാണെന്നും പിന്നീട് വേളാങ്കണ്ണിയിലേക്കു പോകുകയാണെന്നുമായിരുന്നു മറുപടി. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുവരെയും കാണാത്തതിനാല്‍ രാധ മാറനല്ലൂര്‍ പോലീസിലും മാഹീന്റെ സ്വദേശമായ പൂവാര്‍ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടിരുന്നില്ല.
Content Highlights: poovachal woman and daughter went missing 11 years ago murdered founds crime branch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..