കണ്ണൂരിൽ അറസ്റ്റിലായ ദമ്പതിമാർ. ഇൻസെറ്റിൽ പൊള്ളാച്ചിയിൽ കൊല്ലപ്പെട്ട സുബുലക്ഷ്മി
കണ്ണൂര്‍: പൊള്ളാച്ചിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ യുവദമ്പതിമാര്‍ കണ്ണൂരില്‍ അറസ്റ്റിലായി. കോയമ്പത്തൂര്‍ എടയാര്‍പാളയം രാജന്റെ മകള്‍ സുബുലക്ഷ്മിയെ (20) കൊലപ്പെടുത്തിയ കേസില്‍ പൊള്ളാച്ചി മഹാലിംഗപുരം കെ.ജെ. അപ്പാര്‍ട്ട്‌മെന്റിലെ സുജയ് (31), ഭാര്യ കോട്ടയം സ്വദേശി രേഷ്മ (25) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റുചെയ്തത്. താവക്കരയുള്ള ഹോട്ടലില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇരുവരും.
കണ്ണൂര്‍ എ.സി.പി. ടി.കെ. രത്‌നകുമാറിന് ബുധനാഴ്ച രാത്രി പൊള്ളാച്ചി പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു. പ്രതികള്‍ ബൈക്കില്‍ യാത്രചെയ്യുന്ന ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
എടയാര്‍പാളയം സ്വദേശികളായ സുജയും രേഷ്മയും നേരത്തേ പ്രണയത്തിലായിരുന്നു. പിന്നീട് സുജയ് രേഷ്മയെ ഒഴിവാക്കി ഇതേയിടത്ത് താമസിക്കുന്ന സുബുലക്ഷ്മിയുമായി പ്രണയത്തിലായി. ഈ ബന്ധം തുടരുന്നതിനിടെ സുജയ് രേഷ്മയെ വിവാഹംചെയ്ത് പൊള്ളാച്ചി കോട്ടംപട്ടി ഗൗരിനഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കി. മേയ് രണ്ടിന് സുബുലക്ഷ്മി ഈ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് സുജയ് രേഷ്മയെ കല്യാണം കഴിച്ച വിവരം അറിയുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് സുജയ്, രേഷ്മ എന്നിവര്‍ ചേര്‍ന്ന് സുബുലക്ഷ്മിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊള്ളാച്ചി പോലീസ് പറഞ്ഞു. രേഷ്മ സുബുലക്ഷ്മിയുടെ വയറ്റിലും സുജയ് കഴുത്തിലും കുത്തിയെന്ന് പോലീസിന് മൊഴിനല്‍കി. സുബുലക്ഷ്മിയുടെ ശരീരത്തില്‍ കുത്തേറ്റ ഒമ്പത് മുറിവുകളുണ്ടായിരുന്നു. സംഭവത്തിന്റെ കുറേ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊള്ളാച്ചി പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. നാഗരാജ്, ഗണേഷ്മൂര്‍ത്തി എന്നിവര്‍ കണ്ണൂരിലെത്തി അറസ്റ്റിലായവരെ പൊള്ളാച്ചിയില്‍ കൊണ്ടുവന്നു. കൂടുതല്‍ ചോദ്യംചെയ്യലും മൊഴിയെടുക്കലും തുടരുകയാണ്.
Content Highlights: pollachi college student murder case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..