അബ്ദുൾ ഷുക്കൂർ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശിക്ക് കാവല്‍ കിടന്നു മടുത്ത് പോലീസ്. കേസില്‍ ബംഗ്ലാദേശ് ചിറ്റഗോങ് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഷുക്കൂറി (32) നെ മൂന്നുമാസം മുമ്പ് എറണാകുളം റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തതാണ്.
റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായെന്ന ഇളവില്‍ പ്രതിക്ക് ഡിസംബര്‍ ഒമ്പതിന് കോടതി ജാമ്യം നല്‍കി. എറണാകുളം ജില്ല വിട്ടുപോകില്ലെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍, ഒരു രേഖയും ഇല്ലാതെ ഇന്ത്യയില്‍ എത്തുകയും വ്യാജരേഖ ചമച്ച് ബംഗ്ലാദേശികളെ ഇന്ത്യ വഴി വിദേശത്തേക്ക് കടത്തുകയും ചെയ്യുന്നതില്‍ വിദഗ്ധനായ പ്രതി മുങ്ങും എന്ന് ഉറപ്പുള്ളതുകൊണ്ട് ജയില്‍ മോചിതനായ 12-നു തന്നെ ഷുക്കൂറിനെ പോലീസ് വീണ്ടും പൊക്കി. അനധികൃതമായി ഇന്ത്യയില്‍ തങ്ങിയതിന് ഫോറിനേഴ്‌സ് ആക്ട് പ്രകാരം കസ്റ്റഡിയിലെടുത്തു. എന്നാല്‍, പ്രതിക്ക് ജാമ്യം അനുവദിച്ചു വിട്ടിരിക്കുന്നതിനാല്‍ വീണ്ടും അറസ്റ്റ് ചെയ്താല്‍ നിയമപ്രശ്‌നം ആകുമോ എന്ന് പോലീസിന് ആശങ്ക. അതേസമയം, പ്രതി മുങ്ങിയാല്‍ മനുഷ്യക്കടത്ത് കേസന്വേഷണം അവതാളത്തിലുമാകും. ഇതോടെ പ്രതിക്ക് കാവല്‍ നില്‍ക്കുകയാണ് പാവം പോലീസ്.
പോലീസ് തന്നെ ലോഡ്ജ് എടുത്ത് ഇയാളെ ഇവിടെ താമസിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ മാറി മാറി ഇയാളെ നിരീക്ഷിക്കുന്നു. ഒമ്പത് ദിവസമായി ഈ പണി തുടരുന്നു. ഷുക്കൂറിനെ ട്രാന്‍സിസ്റ്റ് ഹോമിലേക്ക് മാറ്റിയാല്‍ പ്രശ്‌നം തീരുമെന്നാണ് ആലുവ പോലീസ് പറയുന്നത്. എന്നാല്‍ ഇതിനുള്ള ഉത്തരവൊന്നും ഇറങ്ങിയിട്ടുമില്ല.
മംഗലാപുരം വിമാനത്താവളം വഴി രണ്ടുപേരെ വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവരും വഴിയാണ് ഷുക്കൂറിനെ എറണാകുളം റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഷുക്കൂറില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ കണ്ടെടുത്തിരുന്നു. കൊച്ചി വിമാനത്താവളം വഴി വ്യാജ രേഖകളുമായി ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്നാണ് ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവന്ന് വ്യാജ പാസ്‌പോര്‍ട്ട് തയ്യാറാക്കി മനുഷ്യക്കടത്ത് നടത്തുന്ന ഷുക്കൂറിനെ പറ്റി വിവരം ലഭിച്ചത്.
Content Highlights: police observing bangladesh native who is the accused in human trafficking case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..