വിവാഹം മുടങ്ങി, MDMA കേസില്‍ പെട്ടവരായി ചിത്രീകരിച്ചു; പോലീസ് ക്രൂരതയില്‍ ജീവിതംതകര്‍ന്ന് യുവാക്കള്‍


സൈനികനും സഹോദരനും കിളികൊല്ലൂർ പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായപ്പോൾ (സഹോദരങ്ങൾ പുറത്തു വിട്ട ചിത്രം)

കൊല്ലം: നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി, സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റില്‍ കായികക്ഷമതാപരീക്ഷയ്ക്ക് പങ്കെടുക്കാനാകാത്ത അവസ്ഥയിലാക്കി. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ കസേരയില്‍നിന്നു വലിച്ചുനിലത്തിട്ട് സ്റ്റൂള്‍കൊണ്ട് തലയ്ക്കടിച്ചെന്ന സംഭവത്തില്‍ കള്ളക്കഥകള്‍ ചമയ്ക്കുയും സ്റ്റേഷനിലിട്ട് തല്ലിച്ചതയ്ക്കുകയുംചെയ്ത പോലീസിന്റെ ക്രൂരതയില്‍ തകര്‍ന്നത് പേരൂര്‍ ഇന്ദീവരത്തില്‍ സഹോദരങ്ങളുടെ ജീവിതമാണ്. സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്‌നേഷിനുമാണ് കിളികൊല്ലൂര്‍ പോലീസില്‍നിന്ന് തിക്താനുഭവമുണ്ടായത്.

എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനില്‍നിന്ന് ഓഗസ്റ്റ് 25-ന് ദമ്പതിമാരടക്കം നാലു യുവാക്കളെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രതികളില്‍നിന്ന് ലഹരിവസ്തു വാങ്ങിയുപയോഗിച്ച യുവാവ് വഴിയാണ് ദമ്പതിമാരടക്കം നാലുപേരെ പിടികൂടിയത്. ഇവരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനില്‍ അതിക്രമിച്ചുകടന്ന് പോലീസുകാരനെ ആക്രമിച്ചെന്നപേരിലാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തത്.ഇതേക്കുറിച്ച് വിഘ്നേഷ് പറയുന്നതിങ്ങനെ: സംഭവദിവസം കിളികൊല്ലൂര്‍ സ്റ്റേഷനിലെ തന്റെ നാട്ടുകാരനായ പോലീസുകാരന്‍ കസ്റ്റഡിയിലുള്ള യുവാവിന് ജാമ്യം എടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയപ്പോഴാണ് എം.ഡി.എം.എ.യുമായി ബന്ധപ്പെട്ട കേസാണെന്നറിഞ്ഞത്. പി.എസ്.സി. പരീക്ഷയെഴുതി പോലീസ് ലിസ്റ്റില്‍ ഉണ്ടായിരുന്നതിനാല്‍ ജാമ്യം നില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി. മടങ്ങാന്‍ ഒരുങ്ങവെ തന്നെ തിരക്കി സഹോദരനായ സൈനികന്‍ വിഷ്ണു സ്റ്റേഷനിലെത്തി. ഈ സമയം സ്റ്റേഷനില്‍നിന്ന് ഇറങ്ങിവന്ന സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണുവിന്റെ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തടഞ്ഞു.

ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചതോടെ തര്‍ക്കമായി. പോലീസുകാരന്‍ ജ്യേഷ്ഠനെ കോളറില്‍ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നത് മൊബൈലില്‍ പകര്‍ത്തിയതോടെ വിഘ്നേഷിനെയും വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസുകാരന്‍ മദ്യപിച്ച് പ്രശ്‌നം സൃഷ്ടിച്ചെന്ന് വിഷ്ണുവും വിഘ്നേഷും ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയോട് പരാതിപ്പെടാന്‍ ഒരുങ്ങവെ ബാക്കി പോലീസുകാര്‍ ഓരോരുത്തരായെത്തി പല ഭാഗത്തുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.

വസ്തുത മറച്ചുവെച്ച് പോലീസുകാര്‍ ഏറെ നാടകീയമായ തിരക്കഥചമച്ച് പത്രങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കുകയായിരുന്നെന്ന് വിഘ്നേഷ് പറഞ്ഞു. എം.ഡി.എം.എ. കേസില്‍പ്പെട്ടവരാണെന്നുവരെ തങ്ങളെ ചിത്രീകരിച്ചു. ക്രൂരമര്‍ദനത്തിനുശേഷം 12 ദിവസം റിമാന്‍ഡ് ചെയ്തു. കേസില്‍പ്പെട്ടതോടെ സൈനികനായ വിഷ്ണുവിന്റെ നിശ്ചയിച്ച വിവാഹം മുടങ്ങി. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ശാരീരിക കായികക്ഷമതാപരീക്ഷയില്‍ പങ്കെടുക്കാനും കഴിയാതെയായി. കോടതിയില്‍ ഹാജരാക്കിയതോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ പോലീസിന്റെ ക്രൂരത സഹോദരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയതിനെത്തുടര്‍ന്ന് കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ. അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയര്‍ സി.പി.ഒ.മാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി.ആര്‍.ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കും സ്ഥലം മാറ്റി. കിളികൊല്ലൂര്‍ പോലീസിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം പറഞ്ഞു.

Content Highlights: Police framed fake case against a soldier and his brother in Kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented