കസ്റ്റംസ് സൂപ്രണ്ടിന്റെ ഫളാറ്റില്‍ കണ്ടെത്തിയത് ലക്ഷങ്ങള്‍; പാസ്‌പോര്‍ട്ടുകളും ആഡംബര വസ്തുക്കളും


സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പൻ

കരിപ്പൂര്‍: പിടികൂടിയ കള്ളക്കടത്ത് സ്വർണം കണക്കില്‍പ്പെടുത്താതെ പുറത്തെത്തിച്ച്, കൈക്കൂലി വാങ്ങി കൈമാറാന്‍ ശ്രമിച്ച കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പയാണ് കരിപ്പൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാള്‍ രഹസ്യമായി സൂക്ഷിച്ച നാല് പാസ്‌പോര്‍ട്ടുകളും 4,95,000 രൂപയും സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. മുനിയപ്പയുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ വിദേശ കറന്‍സികളും ആഡംബര വസ്തുക്കളും കണ്ടെത്തി.

കോഴിക്കോട് വിമാനത്താവളത്തിനു പുറത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ദുബായിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന രണ്ട് കാസര്‍കോട് സ്വദേശികള്‍ കടത്തിക്കൊണ്ടുവന്ന 320 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ചത്.കാസര്‍കോട് തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്. അബ്ദുല്‍ നസീര്‍ (46), കെ.ജെ. ജംഷീര്‍ (20) എന്നിവരില്‍നിന്നാണ് 320 ഗ്രാം സ്വര്‍ണം പിടിച്ചത്. 640 ഗ്രാം തങ്കവുമായാണ് ഇവര്‍ വന്നിറങ്ങിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ പരിശോധനയില്‍ ഇത് കണ്ടെത്തി.

രണ്ടുപേരില്‍ നിന്നായി 320 ഗ്രാം തങ്കം മാത്രം വകയിരുത്തി നോട്ടീസ് നല്‍കി. ബാക്കി വരുന്ന 320 ഗ്രാം തങ്കം 25,000 രൂപ വീതം നല്‍കിയാല്‍ പുറത്തെത്തിച്ചു തരാമെന്ന് രഹസ്യ ധാരണയിലെത്തി. അതുപ്രകാരം രാവിലെ എട്ടിന് ജോലി കഴിഞ്ഞ് പോയശേഷം വിളിക്കാനായി നിര്‍ദേശിച്ച് ഫോണ്‍ നമ്പറും യാത്രക്കാര്‍ക്ക് കൈമാറി. പിന്നീട് വിമാനത്താവളത്തിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ലോഡ്ജിന് സമീപത്തുവെച്ച് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് മുനിയപ്പയെയും യാത്രക്കാരെയും പിടികൂടിയത്.

പരിശോധനയില്‍ മടിക്കുത്തില്‍നിന്ന് 320 ഗ്രാം തങ്കം പിടിച്ചെടുത്തു. താമസസ്ഥലം പരിശോധിച്ചതില്‍ കണക്കില്‍പ്പെടാത്ത 4,42,980രൂപയും 500 യു.എ.ഇ. ദിര്‍ഹവും വിലപിടിപ്പുള്ള വാച്ചുകളും നാല് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. ഇയാള്‍ നേരത്തേയും ഇത്തരത്തില്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതായി സംശയമുണ്ട്. ഐ.പി.എസ്. ഷിബു, ഐഷ നാസര്‍ പട്ടര്‍കടവന്‍, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

സ്വര്‍ണവുമായെത്തിയ യാത്രക്കാര്‍ക്ക് ഫോണ്‍ വരുന്നത് നേരത്തേ പോലീസ് ശ്രദ്ധിച്ചിരുന്നു. യാത്രക്കാരെ സ്വീകരിക്കാനെത്തിയവരുടെ ഫോണ്‍വിളികള്‍ ആകുമെന്നാണ് ആദ്യം കരുതിയത്. ഇതില്‍ ഒരാളുടെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്റേതാണെന്ന് കണ്ടെത്തിയത്. പിന്നീട് ഇവരെ ചോദ്യം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥനിലെത്തുകയായിരുന്നു.

ചോദ്യമുനയില്‍ കരിപ്പൂരിലെ കസ്റ്റംസ്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സൂപ്രണ്ട് പിടിയിലായതോടെ കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യമുനയില്‍. ചില ഉദ്യോഗസ്ഥര്‍ തന്നെ മാഫിയക്ക് തണലൊരുക്കുന്നതായി ആരോപണമുയരുന്നു. കള്ളക്കടത്ത് സ്വര്‍ണം സ്വന്തമാക്കാന്‍ ശ്രമിച്ചതിന്റെ പേരിലായിരുന്നു നേരത്തേ ഇവര്‍ പിടിയിലായതെങ്കില്‍ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തുകടത്താന്‍ കസ്റ്റംസ് ഉന്നതന്‍ നേരിട്ടിറങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്‌നം.

കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രവര്‍ത്തനം ഏറെക്കാലമായി സംശയത്തിന്റെ നിഴലിലായിരുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നേരത്തേ കോടികളുടെ സ്വര്‍ണമാണ് കോഴിക്കോട്ടുനിന്ന് പിടിച്ചെടുത്തിരുന്നത്. 2021 ഓഗസ്റ്റ് മുതല്‍ ജനുവരി വരെ 107 കേസുകളിലായി 123 കിലോ സ്വര്‍ണം പിടികൂടി. 2022 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെ ഇത് 47 കേസുകളും 68.3 കിലോ സ്വര്‍ണവുമായി ചുരുങ്ങി.

എന്നാല്‍ മറ്റ് ഏജന്‍സികള്‍ നിരന്തരമായി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുകയുംചെയ്തു. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വര്‍ണവും കടത്തുകാരുമാണ് ഇത്തരം ഏജന്‍സികളുടെ പിടിയിലായത്. 87.6 കിലോ സ്വര്‍ണമാണ് കരിപ്പൂര്‍ പോലീസ്, ഡി.ആര്‍.ഐ, കസ്റ്റംസ് പ്രിവന്റീവ് ഏജന്‍സികള്‍ പിടികൂടിയത്. എന്നാല്‍ എയര്‍കസ്റ്റംസ് ഇതൊന്നും അറിഞ്ഞില്ല. രഹസ്യമായി വിവരം നല്‍കിയിരുന്ന ഏജന്‍സികള്‍ ചുവടുമാറ്റിയതും എയര്‍കസ്റ്റംസിന് അടിയായി.

കസ്റ്റംസില്‍നിന്നുതന്നെ വിവരം ചോരുന്നു എന്ന് മനസ്സിലാക്കിയായിരുന്നു ഇവരുടെ ചുവടു മാറ്റം. ഇത് ഏറെ സഹായിച്ചത് കരിപ്പൂര്‍ പോലീസിനെയാണ്.

കസ്റ്റംസും കള്ളക്കടത്തുകാരും തമ്മിലുള്ള ബന്ധം പോലീസ് പരിശോധിച്ചുവരികയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്യാന്‍ അധികാരമുണ്ടെങ്കിലും തുടരന്വേഷണം നടത്തേണ്ടത് മറ്റ് ഏജന്‍സികളാണ്. ഉദ്യോഗസ്ഥനെ ചോദ്യംചെയ്യാനും തുടരന്വേഷണത്തിനും സി.ബി.െഎ, ഡി.ആര്‍.െഎ. തുടങ്ങിയ ഏജന്‍സികളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസംതന്നെ ഇയാളെ കസ്റ്റഡിയിലെടുത്തേക്കും.

Content Highlights: customs Superintendent, gold smuggling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented