പോലീസ് സേനയിൽനിന്ന് വിരമിച്ച നായ ജെറിയോടൊപ്പം ഹാൻഡ്‌ലർമാരായ വിഷ്ണു ശങ്കറും അനൂപും
തിരുവനന്തപുരം: കൊലക്കേസ് പ്രതികളടക്കം നിരവധി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച ജെറി എന്ന പോലീസ് നായ കഴിഞ്ഞദിവസം സേനയില്‍നിന്ന് വിരമിച്ചു.എട്ട് വര്‍ഷം പരിശീലകനായി ഒപ്പമുണ്ടായിരുന്ന വിഷ്ണു ശങ്കറിനൊപ്പമാണിനി വിശ്രമ ജീവിതം.
തിരുവനന്തപുരം റൂറല്‍ പോലീസ് ശ്വാനസേന വിഭാഗത്തിലെ ലാബ്രഡോര്‍ വിഭാഗത്തിലെ നായയാണ് ജെറി. പോലീസിന്റെ മൂന്ന് എക്സലന്‍സ് പുരസ്‌കാരങ്ങളടക്കം നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
വിരമിക്കുന്ന നായകളെ തൃശ്ശൂരിലെ പോലീസിന്റെ വിശ്രാന്തി വിശ്രമകേന്ദ്രത്തിലേക്കാണ് അയയ്ക്കാറുള്ളത്. എന്നാല്‍ ജനിച്ച് മൂന്നാം മാസം മുതല്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ജെറിയെ വിശ്രമജീവിതത്തിലും ഒപ്പം കൂട്ടണമെന്നായിരുന്നു വിഷ്ണു ശങ്കറിന്റെ ആഗ്രഹം.
ഇത്രയും വര്‍ഷം ഒപ്പമുണ്ടായിരുന്നവരെ പിരിയുമ്പോള്‍ മൃഗങ്ങള്‍ക്കും വൈകാരിക പ്രശ്നങ്ങളുണ്ടാകുമെന്ന് വിഷ്ണു ചൂണ്ടിക്കാട്ടുന്നു. താന്‍ ആദ്യമായി പരിശീലിപ്പിച്ച നായയാണിത്. അത്രയും മാനസിക അടുപ്പം ജെറിക്ക് തന്നോടുമുണ്ട്. കുറ്റവാളികളെ കണ്ടെത്താന്‍, ഒപ്പമുള്ള പോലീസുകാരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള കഴിവ് ജെറിക്കുണ്ടെന്നും വിഷ്ണു പറയുന്നു.
വിഷ്ണുവും അനൂപുമാണ് ജെറിയുടെ ഹാന്‍ഡ്ലര്‍മാര്‍. പരസ്പരം പിരിയാന്‍ വിഷമമുണ്ടാവുമെന്നതിനാല്‍ വിശ്രമ ജീവിത്തില്‍ ജെറിയെ ഒപ്പം കൂട്ടാന്‍ വിഷ്ണു ഉന്നത അധികൃതരുടെ അനുവാദം തേടി.
സ്‌ക്വാഡിന്റെ സംസ്ഥാന ചുമതലയുള്ള ഡിവൈ.എസ്.പി. എസ്.സുരേഷ് പിന്തുണ നല്‍കി. പോലീസ് സേനക്ക് അഭിമാനമായ ജെറി സഹപ്രവര്‍ത്തകനൊപ്പം തന്നെ വിശ്രമ ജീവിതവും തുടരട്ടേയെന്ന് പോലീസും തീരുമാനിച്ചു.
ട്രാക്കര്‍ ജെറി
കുറ്റവാളികളുടെ പിന്നാലെ മണം പിടിച്ചെത്തുന്ന സംസ്ഥാനത്തെ മികച്ച 'ട്രാക്കര്‍' നായകളിലൊന്നായിരുന്നു ജെറി. കേസ് തെളിയിച്ചതിന് കോടതിയുടെ അഭിനന്ദനവും ജെറിയെ തേടിയെത്തി. കടയ്ക്കാവൂരില്‍ ശാരദ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണികണ്ഠനെ മണം പിടിച്ച് കണ്ടെത്തിയ കേസിലാണ് കോടതി വിധിയില്‍ ജെറിയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചത്.
പാലോട് കൃഷ്ണനാശാരി കൊലക്കേസില്‍ തോര്‍ത്തില്‍ നിന്നും മണം പിടിച്ച് പോത്ത് ഷാജി എന്ന കൊലയാളിയെ കണ്ടെത്തുന്നത് ജെറിയാണ്. 600 മീറ്ററോളം ഓടി ജെറി പ്രതിയുടെ വീട്ടിലെത്തി.
വര്‍ക്കലയില്‍ ശ്രീനാരായണഗുരു മന്ദിരം തകര്‍ത്ത കേസില്‍ പോലീസിനെ സഹായിക്കാന്‍ ജെറിയെത്തി. ഇതേ പ്രതി മറ്റൊരു മന്ദിരം തകര്‍ത്തത് കൂടി പോലീസിന് കണ്ടെത്തി നല്‍കുകയും ചെയ്തു. പ്രതിയെ കുടുക്കാനും സഹായിച്ചു. കിളിമാനൂര്‍ മുളയ്ക്കലത്തുകാവില്‍ കട കത്തിച്ച കേസിലെ പ്രതിയേയും കുടുക്കിയത് ജെറിയാണ്.
പോലീസ് അക്കാദമിയിലെ പരിശീലന സമയത്ത് മികച്ച ട്രാക്കര്‍ നായക്കുള്ള സമ്മാനം നേടി. ഹാന്‍ഡ്ലറായ വിഷ്ണു ശങ്കറിനും ഇതേ വര്‍ഷം മികച്ച 'ഇന്‍ഡോറി'നുള്ള പുരസ്‌കാരം ലഭിച്ചു.
ജെറിയുടെ വിടവാങ്ങല്‍ പോലീസിന് വലിയ നഷ്ടമാണെന്ന് ഡോഗ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസറായ ഐ.ജി. പി.പ്രകാശ് പറഞ്ഞു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജെറിയെ ഡി.ജി.പി. അനില്‍ കാന്തും വിളിച്ചു വരുത്തി അഭിനന്ദിച്ചിരുന്നു.
Content Highlights: police dog jerry retires from service


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..