പ്രതീകാത്മക ചിത്രം | Screengrab: Mathrubhumi News
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ വീണ്ടും വീണ്ടും അതേ കുറ്റകൃത്യം ചെയ്യുന്ന പ്രവണതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍ കൂടുതല്‍ മുന്‍കരുതലെടുത്താണ് വീണ്ടും ഇതേപ്രവൃത്തിയിലേക്ക് വീണ്ടുമെത്തുന്നതെന്ന് ഓപ്പറേഷന് പി-ഹണ്ടിന്റെ ഭാഗമായ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ നിരന്തരം റെയ്ഡുകളും അറസ്റ്റുകളും ഉണ്ടാകുമ്പോള്‍ തത്കാലത്തേക്ക് അടങ്ങുന്നവര്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാവുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന കേസുകളില്‍ ഓരോ രണ്ട് മാസങ്ങള്‍ കൂടുമ്പോഴും വര്‍ധനവ് കാണുന്നുവെന്നും എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയവയില്‍ ഇത്തരം ഗ്രൂപ്പുകളുടെ എണ്ണം ഈ സമയത്ത് വര്‍ധിക്കുന്നത് സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഓപ്പറേഷന് പി- ഹണ്ട് നടപടികള്‍ തുടര്‍ച്ചയായി നടക്കുന്നതുകൊണ്ട് ഇത്തരം ചിത്രങ്ങളും വീഡിയോകളും കാണുന്നവര്‍ അവ കണ്ടുകഴിഞ്ഞ് പ്രത്യേത സോഫ്റ്റ്വേര്‍ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്യുന്നത്. മാത്രമല്ല ഓരോ മൂന്ന് ദിവസം കൂടുന്തോറും ഇതിനായി ഉപയോഗിക്കുന്ന ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോര്‍മാറ്റ് ചെയ്യുന്നുമുണ്ട്.
മാല്‍വേറുകള്‍ ഉപയോഗിച്ച് ഫോണിലെ ക്യാമറയുടെയും കംപ്യൂട്ടറുകളിലെ വെബ് ക്യാമറകളുടെയും നിയന്ത്രണം ഏറ്റെടുത്ത് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഭവങ്ങളുമുണ്ട്. പണം നല്കി മാത്രം കാണാന്‍ സാധിക്കുന്ന, കുട്ടികളുള്‍പ്പെടുന്ന ലൈവ് സെക്സ് ഷോകളും സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിഷയത്തില്‍ പിടിയിലാകുന്നവര്‍ വീണ്ടും അതേ പ്രവൃത്തിയിലേക്ക് തിരിയുന്ന പ്രവണത വര്‍ധിക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് മാനസിക ചികിത്സ നല്കേണ്ടതുണ്ടെന്ന നിഗമനവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞദിവസത്തെ ഓപ്പറേഷന് പി-ഹണ്ടില്‍ 39 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഫോണുകളുള്‍പ്പെടെ 267 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ചുമുതല്‍ 16 വയസുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എല്ലാം അതാത് പ്രദേശത്തെ കുട്ടികളുടേതാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
സംഭവത്തില്‍ ഐ.ടി. പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ 14 പേരെ അറസറ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നു. അതിലേക്ക് വെളിച്ചം വീശുന്ന ചാറ്റുകളും ഇവരുടെ ഫോണില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Content Highlights: police cyberdome findings in operation p hunt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..