പ്രതീകാത്മകചിത്രം | Photo : AFP
നെടുമങ്ങാട് : നെടുമങ്ങാട്ടെയും പരിസരങ്ങളിലെയും ക്ഷേത്രങ്ങളിൽ സ്ഥിരമായി മോഷണം നടത്തിയിരുന്ന സംഘം ഒടുവിൽ പോലീസിന്റെ വലയിലായി. ഒരുമാസമായി പോലീസിനെ വട്ടംചുറ്റിച്ച കേസിലാണ് മൂന്നുപേർ അറസ്റ്റിലായത്.
ഇരിഞ്ചയം വേട്ടംപള്ളി കിഴക്കുംകരവീട്ടിൽ രഞ്ജിത്ത് (20) ആണ് സംഘത്തിലെ പ്രധാനി. കൂടെയുണ്ടായിരുന്ന രണ്ടുപേർ 16 വയസ്സിന് താഴെയുള്ളവരാണ്. ഇവർ നേരത്തെ തന്നെ ജുവനൈൽ ജസ്റ്റിസ് ആക്ടിൽപ്പെട്ട് ശിക്ഷയനുഭവിച്ചിട്ടുള്ളവരാണ്. ഇവരുടെ പേരിൽ ആറു കേസുകൾ നിലവിലുണ്ട്. ഒരേക്ഷേത്രത്തിൽത്തന്നെ മൂന്നുവട്ടം മോഷണം നടന്നതോടെ വലിയ ആക്ഷേപങ്ങൾക്കിട നൽകിയിരുന്നു.
പാങ്കാവ് ധർമശാസ്താക്ഷേത്രത്തിലെ ശ്രീകോവിലിനകത്ത് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി കോവിൽ കുത്തിത്തുറന്ന് 4000 രൂപ മോഷ്ടിച്ചുകൊണ്ടായിരുന്നു മണ്ഡലകാലത്ത് സംഘത്തിന്റെ മോഷണ പരമ്പരയ്ക്ക് തുടക്കം.
മൂഴിമണ്ണയിൽ ദേവീക്ഷേത്രം, കൈപ്പള്ളി തമ്പുരാൻ ക്ഷേത്രം, തിരിച്ചിറ്റൂർ മഹാദേവ ശിവക്ഷേത്രം, കരിമ്പിൻകാവ് ധർമശാസ്താക്ഷേത്രം, താന്നിമൂട് തിരിച്ചിട്ടപ്പാറ ഹനുമാൻ സ്വാമിക്ഷേത്രം എന്നിവിടങ്ങളിലും പ്രതികൾ മോഷണം നടത്തിയിരുന്നു. മോഷണം നടത്തിയ പണം16 വയസ്സിന് താഴെയുള്ള കുട്ടിയുടെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.
ഈ കുട്ടിയുടെ വീട്ടിൽ പോലീസെത്തുമ്പോൾ ഒരു പ്ലാസ്റ്റിക് ചാക്കിൽ നിറയെ നാണയങ്ങൾ കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. മോഷണ മുതലുകൾ വിറ്റ് പ്രതികൾ ലഹരിവസ്തുക്കൾ വാങ്ങാനാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
നെടുമങ്ങാട് ഭാഗത്തെ എല്ലാ കടകളിലും കയറി ആരെല്ലാമാണ് ചില്ലറ നാണയങ്ങൾ മാറ്റിയെടുക്കാൻ എത്തുന്നതെന്ന് പോലീസ് അന്വേഷിച്ചു. അങ്ങനെ ഇരിഞ്ചയം ഭാഗത്തുള്ള ഒരു ബേക്കറിയിൽ തലമുടി നീട്ടിവളർത്തിയ പയ്യൻ 1500 രൂപവീതം രണ്ടുദിവസത്തിലൊരിക്കൽ ചില്ലറ നൽകി നോട്ടുകൾ മാറ്റി വാങ്ങാനെത്തിയതായി മനസ്സിലാക്കി.
പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. നെടുമങ്ങാട്, നേമം, വട്ടിയൂർക്കാവ്, അരുവിക്കര സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ കുട്ടികൾ പ്രതിയാണ്. പോലീസിനെ കണ്ട് പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇതിൽ 16 വയസ്സുകാരനായ ഒരു പ്രതി ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരുമാസം പോലുമായില്ല.
നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, സി.ഐ. സതീഷ് കുമാർ, എസ്.ഐ.മാരായ ശ്രീനാഥ്, സൂര്യ കെ.നായർ, റോജോമോൻ, രാജേഷ് കുമാർ, അനൂപ്, ബിജു, അഖിൽ അജിത്ത്, ഉണ്ണികൃഷ്ണൻ, പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Content Highlights: police caught child thieves stealing from temples
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..