ധന്യയും ഭർത്താവ് കരുണാനിധിയും
കോയമ്പത്തൂര്‍: കേന്ദ്രസര്‍ക്കാര്‍സ്ഥാപനമായ ഇ.എസ്.ഐ. കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനംചെയ്ത് യുവാക്കളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശിനി ധന്യ (39), ഭര്‍ത്താവ് കരുണാനിധി എന്നിവര്‍ക്കെതിരെയാണ് കോയമ്പത്തൂര്‍ സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തത്.
സിങ്കാനല്ലൂര്‍ ഇ.എസ്.ഐ. ആശുപത്രിയിലെ ഡോക്ടറാണെന്നും ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ക്ലാര്‍ക്ക്, അസിസ്റ്റന്റ്, എച്ച്.ആര്. വിഭാഗങ്ങളിലായി ഒട്ടേറെ ഒഴിവുണ്ടെന്നും ധന്യ തന്റെ ഡ്രൈവറായ പ്രദീപിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലെ ഡീന്‍ ആണ് താനെന്ന് ഇവര്‍ വിശ്വസിപ്പിച്ചതായി സിങ്കാനല്ലൂരിലെ മറ്റൊരു വഞ്ചനക്കേസില്‍ പ്രതിയായ പ്രദീപ് പോലീസിനോട് പറഞ്ഞു. ധന്യ ബെംഗളൂരുവിലും ഒട്ടേറെ തട്ടിപ്പ് നടത്തിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പ്രദീപ് പറഞ്ഞതനുസരിച്ചാണ് ധന്യയെ സൂലൂര്സ്വദേശി നുഫൈലും സുഹൃത്തുക്കളും സമീപിച്ചത്. തന്റെ സഹോദരിക്ക് നഴ്സ് ജോലിക്കായി മൂന്നുലക്ഷം രൂപ നല്‍കിയിരുന്നെന്ന് പ്രദീപ് യുവാക്കളെ വിശ്വസിപ്പിച്ചതോടെ 10 പേര് 50 ലക്ഷത്തോളം രൂപയും യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളും നല്കി. പിന്നീട് ധന്യയെയും മറ്റും കാണാതായി. ഭക്ഷ്യവിതരണ കമ്പനിയില്‍ ജോലിക്കുകയറിയ നുഫൈല്‍ ആറുമാസത്തിനുശേഷം ഭക്ഷണംനല്കാനായി എത്തിയപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് മറ്റുള്ള സുഹൃത്തുക്കളുമൊപ്പം മൂന്നുദിവസമായി വീടിനുമുന്നില്‍ സമരം നടത്തി. പോലീസ് കാവല്‍ ഉണ്ടായിരുന്നുവെങ്കിലും ധന്യയും ഭര്‍ത്താവും വീടിന് പുറത്തിറങ്ങിയില്ല.
അഭിഭാഷകരുടെ സഹായത്തോടെ ധന്യ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കിയെങ്കിലും പണം നല്‍കാത്തതിനെത്തുടര്‍ന്ന് സമരം മുന്നോട്ടുപോയി. ഇതിനിടെ വ്യാഴാഴ്ചമുതല്‍ ധന്യ ഗ്യാസ് അടുപ്പ് തുറന്ന് ആത്മഹത്യഭീഷണി മുഴക്കിയതോടെ പോലീസ് സമരക്കാരെ അനുനയിപ്പിച്ച് പിരിച്ചുവിട്ടു.
അനുനയശ്രമങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച വീടിന് പുറത്തെത്തിയ ധന്യയെയും ഭര്‍ത്താവിനെയും കുട്ടികളെയും പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ഇവര്‍ അവശതയിലാണെന്ന് പോലീസ് പറഞ്ഞു. നുഫൈലിന്റെ പരാതിയില്‍ ശനിയാഴ്ചയാണ് പോലീസ് കേസെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..