മദ്രാസ് ഹൈക്കോടതി| Photo: PTI
ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ചയാള്‍ അപകടമുണ്ടാക്കിയാല്‍ സഹയാത്രികരുടെപേരിലും മനഃപൂര്‍വമല്ലാത്ത നരഹത്യാപ്രേരണയ്ക്ക് നിയമനടപടി സ്വീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. മദ്യപിച്ചില്ലെന്നതോ വാഹനം ഓടിച്ചില്ലെന്നതോ നടപടിയില്‍നിന്ന് രക്ഷപ്പെടാനുള്ള കാരണമായെടുക്കാന്‍ പറ്റില്ല.
വാഹനമോടിക്കുന്നയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും കൂടെ യാത്രചെയ്യുന്നത് അയാളുടെ ചെയ്തികള്‍ക്കുള്ള പിന്തുണയായും പ്രോത്സാഹനമായും വ്യാഖ്യാനിക്കാവുന്നതാണെന്ന് ജസ്റ്റിസ് ഭരത ചക്രവര്‍ത്തി വിധിന്യായത്തില്‍ പറഞ്ഞു.
പാതിരാത്രി മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ച കേസില്‍നിന്ന് ഒഴിവാക്കണമെന്ന സഹയാത്രികയായ ഡോക്ടറുടെ ആവശ്യം തള്ളിയാണ് ഹൈക്കോടതിവിധി. 2013-ല്‍ മറീനയ്ക്കുസമീപം ബീച്ച് റോഡിലായിരുന്നു അപകടം.
ഹര്‍ജിക്കാരിയായ വി. ലക്ഷ്മിയുടെ സഹോദരനാണ് വാഹനമോടിച്ചത്. മദ്യപിച്ചിരുന്നില്ലെന്നും അപകടസമയത്ത് വാഹനമോടിച്ചത് താനല്ലെന്നും അതുകൊണ്ട് കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷ്മി നല്കിയ ഹര്‍ജി കീഴ്ക്കോടതി തള്ളിയിരുന്നു. അതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കാറിന്റെ മുന്‍സീറ്റിലാണ് പരാതിക്കാരി ഇരുന്നതെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി സഹോദരന് മദ്യപിച്ചിരുന്നെന്നകാര്യം അറിയാമായിരുന്നുവെന്നുവേണം കരുതാനെന്ന് അഭിപ്രായപ്പെട്ടു.അസമയത്ത് കറങ്ങാന്‍ കാറില്‍ കൂടെപ്പോയി എന്നത് വാഹനമോടിക്കാനും അപകടമുണ്ടാക്കുന്നതിനുമുള്ള പ്രോത്സാഹനമായി കാണണം. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കുള്ള പ്രേരണക്കുറ്റത്തില്‍നിന്ന് ഹര്‍ജിക്കാരിക്ക് ഒഴിയാന്പറ്റില്ലെന്ന് കോടതി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..