കൃത്രിമ തിരക്കുണ്ടാക്കും, ലക്ഷ്യം സ്ത്രീകള്‍, ടെന്റടക്കമുള്ളവയുമായി യാത്ര; പിടിയിലായത് വന്‍ മോഷണസംഘം


തിരക്കേറിയ ബസിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് ശേഷം മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊട്ടിക്കാറാണ് പതിവ്. കൂടാതെ പേഴ്സും ഇവർ മോഷ്ടിക്കാറുണ്ട്. മാല പൊട്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം ആയുധവും ഇവരിൽ നിന്നും കണ്ടെടുത്തു.

സി.സി.ടി.വി. ദൃശ്യത്തിൽ നിന്ന്

കോഴിക്കോട്: പൊതുയിടങ്ങളിൽ കൃത്രിമ തിരക്കുണ്ടാക്കി കവർച്ച നടത്തിവന്ന ദക്ഷിണേന്ത്യൻ കവർച്ചാസംഘം പോലീസിന്റെ വലയിൽ. കർണാടക, കേരളം, തമിഴ്നാട് തുടങ്ങി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെയാണ് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ ഇൻസ്പെക്ടർ കെ.കെ. ബിജുവിന്റെ കീഴിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.

തമിഴ്നാട് മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ (44), മൈസൂർ ഹുൻസൂർ സ്വദേശി മുരളി (37), കോലാർ മൂൾബാബിൽ സ്വദേശിനികളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരെയാണ് പൂളകടവിൽ നടത്തിയ വാഹന പരിശോധനയിൽ പോലീസ് പിടികൂടിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻതോതിൽ കവർച്ച നടക്കുന്നതായി പരാതികളുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നടന്നിട്ടുള്ള കവർച്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി. എ. അക്ബർ ഐ.പി.എസ്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനു നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിക്കുകയും ഇതിൽ കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷൻമാരുടെയും സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.

മൂന്ന് മാസങ്ങൾക്ക് മുമ്പ് കുന്ദമംഗലം ബസ്സ്റ്റാന്റിൽ നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ബസിൽ കയറുന്ന സമയത്ത് കവർച്ച ചെയ്യുന്നതും കൂടെവന്ന ഒരാൾ നിരീക്ഷിക്കുന്നതും പിന്നീട് എല്ലാവരും കർണാടക രജിസ്ട്രേഷൻ ടവേരയിൽ കയറിപോകുന്നതും ദൃശ്യത്തിൽ പതിഞ്ഞിരുന്നു. തുടർന്നും ജില്ലയുടെ വിവിധഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസിലാക്കിയ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും ഡപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീനിവാസിന്‍റെ നേതൃത്വത്തിൽ അന്വേഷണം കർണ്ണാടയിലേക്കും, തമിഴ്നാടിലേക്കും വ്യാപിപ്പിച്ചു.

കഴിഞ്ഞ ദിവസം കർണാടക രജിസ്ട്രേഷനിലുള്ള വാഹനം ജില്ലയിലേക്ക് പ്രവേശിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ പട്രോളിങ് നടത്തി. വാഹനം ചേവായൂർ ഭാഗത്ത് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചേവായൂർ പോലീസ് പ്രതികളെ പൂളക്കടവിൽ നിന്ന് പിടികൂടുകയായിരുന്നു.

ഓരോ ഭാഗങ്ങളിലും കവർച്ച നടത്തുന്നത് വ്യത്യസ്ത രീതിയിലുള്ള, മാന്യമായ വേഷവിധാനത്തോടെ ആയതിനാൽ ആരുംതന്നെ ഇവരെ സംശയിക്കാറില്ല. തിരക്കേറിയ ബസിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ വളഞ്ഞശേഷം മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊട്ടിക്കാറാണ് പതിവ്. കൂടാതെ പേഴ്സും ഇവർ മോഷ്ടിക്കാറുണ്ട്. മാല പൊട്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം ആയുധവും ഇവരിൽ നിന്നും കണ്ടെടുത്തു.

പിടിയിലായ പ്രതികൾ

സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഭക്ഷണം പാകംചെയ്യാനുള്ള ഗ്യാസും പാത്രങ്ങളും പലവ്യഞ്ജ്യന സാധനങ്ങളും താത്കാലികമായി ടെൻറ് കെട്ടാനുള്ള ടാർപായയും നിരവധി വസ്ത്രങ്ങളും വാഹനങ്ങളിൽ സൂക്ഷിച്ചായിരുന്നു യാത്ര. വാഹനത്തിൽ കവർച്ച നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിൽ സ്ത്രീകളെ ഇറക്കിവിട്ട് വാഹനം സുരക്ഷിതമായി മറ്റൊരു ഭാഗത്ത് നിർത്തിയിട്ട് പരമാവധി കവർച്ച നടത്തിയശേഷം മറ്റു ജില്ലകളിലേക്ക് കടന്നുകളയുകയാണ് ഇവരുടെ രീതി.

ചോദ്യം ചെയ്യലില്‍ ദക്ഷിണേന്ത്യയിൽ നടത്തിയ നിരവധി കവർച്ചകളെപ്പറ്റി പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിൽ നടത്തിയ മുപ്പതോളം മോഷണങ്ങൾക്കും കവർച്ചകൾക്കും തുമ്പുണ്ടായതായും നിരവധി സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായും മെഡിക്കൽ കോളേജ് അസി. കമ്മീഷണർ കെ. സുദർശൻ പറഞ്ഞു.

Content Highlights: police arrest a group involved in massive robbery

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented