വ്ളാഡിസ്ലാവ് ഫ്രാനോസെക് മതുസ്സെവ്സ്കി
ചെന്നൈ: ശ്രീലങ്കയില്‍നിന്ന് കടല്‍വഴി ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞു കയറിയ പോളണ്ട് സ്വദേശി അറസ്റ്റില്‍. നാഗപട്ടണം ജില്ലയിലെ കൊടിയക്കരയില്‍ കയാക്കില്‍ (ചെറു വഞ്ചി) എത്തിയ വ്ളാഡിസ്ലാവ് ഫ്രാനോസെക് മതുസ്സെവ്സ്കി(40)യെയാണ് തമിഴ്നാട് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഞായറാഴ്ച നാഗപട്ടണംതീരത്ത് കയാക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ സംശയംതോന്നി പോലീസ് അന്വേഷിക്കുകയായിരുന്നു.
2019-ല്‍ വിനോദസഞ്ചാരിയായി ശ്രീലങ്കയിലെത്തിയതായിരുന്നു മതുസ്സെവ്സ്കി. ഏതാനും മാസംമുമ്പ് ശ്രീലങ്കയിലെ വെലിഗാമയില്‍ വഴക്കിനിടെ അറസ്റ്റിലായതിനെത്തുടര്‍ന്ന് പാസ്പോര്‍ട്ട് അധികൃതര്‍ കണ്ടുകെട്ടി. സ്വന്തംരാജ്യത്തേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അനധികൃതമായി ഇന്ത്യയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് വിവരം ഡല്‍ഹിയിലെ പോളിഷ് എംബസിയെ അറിയിച്ചിട്ടുണ്ടെന്ന് നാഗപട്ടണം പോലീസ് സൂപ്രണ്ട് ജി. ജവഹര്‍ പറഞ്ഞു.
കയാക്ക് കണ്ടെത്തിയപ്പോള്‍ പോലീസ് വേദാരണ്യത്തെ ലോഡ്ജുകളില്‍ പരിശോധന നടത്തിയിരുന്നു. തീരദേശസേനയും ഇന്റലിജന്‍സും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ മുന്നറിയിപ്പും നല്കി. എന്നാല്‍ മതുസ്സെവ്സ്കി വനത്തില്‍ ഉറങ്ങുകയായിരുന്നു. വൈകീട്ടോടെ അയാള്‍ അരുക്കാട്ടുതുറൈ ഗ്രാമത്തിലൂടെ നടന്നു പോകുന്നത് കണ്ട് നാട്ടുകാര്‍ വിവരമന്വേഷിച്ചു. പണം പിന്‍വലിക്കാന്‍ എ.ടി.എം. തിരയുകയാണെന്നാണ് അയാള്‍ മറുപടി നല്‍കിയത്. ബൈക്കില്‍ കൊണ്ടുപോകാമെന്ന ചിലരുടെ ആവശ്യം നിരസിച്ചു. സംശയം തോന്നിയ ഗ്രാമവാസികള്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് വേദാരണ്യം ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു.
ഓണ്‍ലൈന്‍ ഷോപ്പിങ് വഴിയാണ് ശ്രീലങ്കയില്‍ വെച്ച് കയാക്ക് വാങ്ങിയതെന്നും അതില്‍ യാത്ര ചെയ്താണ് താന്‍ എത്തിയതെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ കയാക്കില്‍ അയാള്‍ക്ക് യാത്രചെയ്യാന്‍ പ്രയാസമായിരിക്കുമെന്നും ശ്രീലങ്കയില്‍നിന്ന് യന്ത്രവത്കൃത ബോട്ടില്‍ കൊടിയകരൈയില് എത്തി അവിടെനിന്ന് കയാക്കില്‍ വന്നതായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്. തിങ്കളാഴ്ച വേദാരണ്യം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മതുസ്സെവ്സ്കിയെ ചെന്നൈയിലെത്തിച്ച് റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..