സുമേഷ്
കുന്നംകുളം: മാനസികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 22 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും കുന്നംകുളം അതിവേഗ പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു. വെങ്കിടങ്ങ് തൊയക്കാവ് മഞ്ചരമ്പത്ത് വീട്ടില്‍ സുമേഷി(44)നെയാണ് ജഡ്ജി ടി.ആര്. റീനദാസ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2014 ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.
പ്രതിയായ സുമേഷ് പിന്നീട് വിദേശത്തേക്ക് പോയി. മാനസികവിഷമത്തിലായ പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെയാണ് പാവറട്ടി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ. രമേഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവിലെ പാലക്കാട് എസ്.എസ്.ബി. ഡിവൈ.എസ്.പി. എം. കൃഷ്ണന്, ഗുരുവായൂര്‍ ഇന്‍സ്പെക്ടറായിരുന്ന ഇ. ബാലകൃഷ്ണന് എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും ശാസ്ത്രീയതെളിവുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി.
പോക്സോ കേസില്‍ പത്തുവര്‍ഷം കഠിനതടവ്
തൃശ്ശൂര്‍: പോക്സോ കേസിലെ പ്രതിയെ 10 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും തൃശ്ശൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു. പറവൂര്‍ മുനമ്പം അത്തിപറമ്പില് അനന്തു(26)വിനെയാണ് ജഡ്ജ് ബിന്ദു സുധാകരന് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി ശിക്ഷാകാലാവധി നീളും.
പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ പറയുന്നു. 2017-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. വിയ്യൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്‍സ്പെക്ടറായിരുന്ന ബി. സന്തോഷ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജയ്കുമാര്‍ ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..