ജയിൻ സോളമൻ, ഉണ്ണികൃഷ്ണൻ
പത്തനംതിട്ട: ഒരുദിവസം രണ്ടു കേസുകളിലായി പത്തനംതിട്ട പോക്സോ കോടതി വിധിച്ചത് 114 വര്‍ഷത്തെ കഠിനതടവ്. അടൂര്‍ ഏറത്ത് മണക്കാലാ ജസ്റ്റിന് ഭവനില്‍ ജയിന് സോളമന് (32), കരുനാഗപ്പള്ളി തഴവാ കുതിരപ്പന്തി കോട്ടമേല് വടക്കേതില്‍ ഉണ്ണിക്കൃഷ്ണന്(40) എന്നിവരെയാണ് ശിക്ഷിച്ചത്. ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. സോളമന് 46 വര്‍ഷം കഠിന തടവാണ് അനുഭവിക്കേണ്ടത്. ഒന്നരലക്ഷംരൂപ പിഴയും ഒടുക്കണം. ഉണ്ണിക്കൃഷ്ണന് 68 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയുമാണുള്ളത്.
2015-ല്‍ പരിവര്‍ത്തിത ക്രിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റബ്ബര്‍ത്തോട്ടത്തില്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതാണ് ജയിന് സോളമനെതിരേയുള്ള കേസ്. ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.ആര്.രവികുമാറിനായിരുന്നു അന്വേഷണ ചുമതല.
വിവാഹിതനും ഒരുകുട്ടിയുടെ അച്ഛനുമായിരുന്ന ഉണ്ണിക്കൃഷ്ണന് 17 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. ഭാര്യയുമായി പിണക്കത്തിലാണെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുകയാണെന്നും പറഞ്ഞാണ് ഉണ്ണിക്കൃഷ്ണന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചത്.
കൂടല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത് അടൂര്‍ ഡിവൈ.എസ്.പി. അനില്‍ ദാസാണ് കേസ് അന്വേഷിച്ചത്. പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജെയ്സണ്‍ മാത്യൂസ് പ്രോസിക്യൂഷനുവേണ്ടി ഇരുകേസുകളിലും ഹാജരായി.
നഗ്നതാപ്രദര്‍ശനം നടത്തിയതിന് 11 വര്‍ഷം തടവ്
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുമുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 11 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. പല്ലശ്ശന പല്ലാവൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിക്കാണ് (57) പാലക്കാട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്സോ കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷവിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍മതി എന്നതിനാല്‍ മൂന്നുവര്‍ഷം തടവനുഭവിച്ചാല്‍ മതി. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. 2017, 2018 കാലയളവിലാണ് കേസിനാസ്പദമായ സംഭവം.
കൊല്ലങ്കോട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് അന്നത്തെ ആലത്തൂര്‍ ഡിവൈ.എസ്.പി. ആയിരുന്ന വി.എ. കൃഷ്ണദാസാണ് അന്വേഷണംനടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
വീട്ടില്‍ കയറി നഗ്നതാപ്രദര്‍ശനം നടത്തിയതിന് മൂന്നുവര്‍ഷം തടവ്
പാലക്കാട്: വീട്ടില്‍ അതിക്രമിച്ചുകയറി 12 വയസ്സുകാരിക്കുമുന്നില് നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷവും മൂന്നുമാസവും തടവും 15,500 രൂപ പിഴയും ശിക്ഷ. കോട്ടായി ചെറുകുളം ചേലക്കാട് കണ്ണനാണ് (40) പാലക്കാട് ഫാസ്ട്രാക്ക് പ്രത്യേക പോക്സോ കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷവിധിച്ചത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം.
2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗിക ഉദ്ദേശ്യത്തോടെ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. കോട്ടായി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ.മാരായ അബ്ദുല്‍ഹക്കീം, അനന്തകൃഷ്ണന് എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..