പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
തിരുവനന്തപുരം: പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വലിയതുറ സ്വദേശി സന്തോഷ് എന്ന അക്കാച്ചി സന്തോഷിന് കോടതി അഞ്ചു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ പ്രതി ഒന്‍പത് മാസം അധികതടവ് അനുഭവിക്കണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണചെയ്യുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയുടെ പിതാവ് അതിരാവിലെ മീന്‍പിടിക്കാന്‍ പോകുന്ന സമയം നോക്കിയാണ് ഇയാള്‍ വീടിനുള്ളില്‍ കടന്നത്. പിതാവ് പോകുമ്പോള്‍ പതിവായി വീടിന്റെ വാതില്‍ ചാരി ഗേറ്റ് പുറത്തുനിന്നു പൂട്ടിയിട്ടാണ് പോകുന്നത്.
ഇതു മനസ്സിലാക്കിയ പരിസരവാസിയായ പ്രതി, വീടിന്റെ മതില്‍ ചാടിക്കടന്ന് വീടിനകത്തു പ്രവേശിക്കുകയായിരുന്നു.
ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ശല്യംചെയ്തപ്പോള്‍ സമീപത്തു കിടന്ന മൂത്ത സഹോദരി നിലവിളിച്ചു ബഹളംവച്ചു. അടുത്ത മുറിയില്‍നിന്ന് പെണ്‍കുട്ടിയുടെ അമ്മയും വിളി കേട്ട് നാട്ടുകാരും ഓടിവന്നപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു.
2019 ഫെബ്രുവരി 20-നായിരുന്നു സംഭവം. കേസ് നല്‍കരുതെന്ന പ്രതിയുടെ ഭീഷണി മറികടന്നാണ് പെണ്‍കുട്ടിയും കുടുംബവും കേസുമായി മുന്നോട്ടുപോയത്. പിഴത്തുക പ്രതി കെട്ടിവച്ചാല്‍ അത് പെണ്‍കുട്ടിക്കു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വിധി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..