ബിജീഷ്. Screengrab: Mathrubhumi News
കോട്ടയം: വൈദ്യപരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി ബിജീഷിനെയാണ് ശനിയാഴ്ച രാത്രി കോട്ടയം വെസ്റ്റ് പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.
കഴിഞ്ഞ നവംബര്‍ 24-ാം തീയതിയാണ് ബിജീഷ് വൈദ്യപരിശോധനയ്ക്കിടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടത്. പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ സുഖമില്ലെന്ന് പറഞ്ഞതിനെതുടര്‍ന്നാണ് ബിജീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. കൂടെ മറ്റൊരു കേസിലെ പ്രതിയെയും ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് ബിജീഷ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ആശുപത്രിയുടെ പിറകുവശത്തെ മതില്‍ ചാടിക്കടന്ന ബിജീഷ്, കോട്ടയത്തുനിന്ന് ഓട്ടോറിക്ഷ വിളിച്ച് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. പിന്നീട് ആലപ്പുഴയില്‍നിന്ന് ബസ് മാര്‍ഗം ബെംഗളൂരുവിലും എത്തി. ഇവിടെ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് ശനിയാഴ്ച രാത്രി ഇയാളെ പിടികൂടിയത്.
ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ബിജീഷ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്. നേരത്തെ പലതവണ സുഖമില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബിജീഷിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഈ സമയത്തെല്ലാം ആശുപത്രിയിലെ വഴികളും മറ്റും ഇയാള്‍ മനസിലാക്കിയെന്നാണ് കരുതുന്നത്. നവംബര്‍ 24-ന് അവസരം ഒത്തുവന്നപ്പോള്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. മുണ്ടക്കയം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്‌സോ കേസുകളിലെ പ്രതിയാണ് ബിജീഷ്. ഞായറാഴ്ച കോട്ടയത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: kottayam pocso case accused who escaped from police custody arrested from bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..