പ്രതീകാത്മക ചിത്രം | മാതൃഭൂമി
വരന്തരപ്പിള്ളി(തൃശ്ശൂര്‍): യുവതിയുടെ പേരില്‍ വ്യാജ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി.
വരന്തരപ്പിള്ളി സ്വദേശിയായ പതിനേഴുകാരനെ യുവതിയുടെ മുന്‍ ഭര്‍ത്താവും സംഘവും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ മൂന്നുപേരെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. പരാതി പോക്‌സോ വകുപ്പില്‍പ്പെടുത്തുന്നതിനാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പരാതിക്കാരനാക്കാന്‍ ശ്രമിച്ചതെന്ന് കരുതുന്നു.
ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതര പരിക്കേറ്റ വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശിയായ വിദ്യാര്‍ഥി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഞായറാഴ്ചയായിരുന്നു സംഭവം. വേലൂപ്പാടം പൗണ്ട് സ്വദേശികളായ ജിബിന്‍, നിഖില്‍, ശ്രീജിത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന സുമനുവേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. രാവിലെ എട്ടോടെ വിദ്യാര്‍ഥിയുടെ രണ്ടു സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് കുറുമാലിപ്പുഴയോരത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ സംഘം ഭീഷണിപ്പെടുത്തുകയും മുന്‍പരിചയമില്ലാത്ത സ്ത്രീയുടെ ചിത്രം കാണിച്ച ശേഷം അവര്‍ പീഡിപ്പിച്ചതായി പരാതിപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചതോടെ മര്‍ദനം തുടങ്ങി.
തുടര്‍ന്ന് നിര്‍ബന്ധിച്ച് ലഹരിവസ്തുക്കള്‍ നല്‍കിയശേഷം മറ്റൊരു വീട്ടില്‍ കൊണ്ടുപോയി മര്‍ദനം തുടര്‍ന്നു. ഇതോടെ ഭീഷണിക്ക് വഴങ്ങി സ്വന്തം ഫോണില്‍നിന്ന് ചൈല്‍ഡ് ലൈനിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് പരാതിപ്പെട്ടു.
തുടര്‍ന്ന് കുട്ടിയുടെ മൊബൈലും സിം കാര്‍ഡും കൈക്കലാക്കിയ സംഘം, അടുത്ത ദിവസം ഇതേ സ്ഥലത്ത് എത്തണമെന്ന് നിര്‍ദേശിച്ച ശേഷം രാത്രി 10-ന് വിട്ടയച്ചു. വീട്ടിലെത്തിയപ്പോള്‍ ദേഹത്താകെ പരിക്കേറ്റ പാടുകളുണ്ടായിരുന്നു. അമ്മയോടൊപ്പം പുതുക്കാട് താലൂക്ക് ആശുപത്രിയിലും തിങ്കളാഴ്ച മെഡിക്കല്‍ കോളേജിലും ചികിത്സതേടി. പോലീസില്‍ വിവരമറിയിച്ചതിനു പിന്നാലെ മൂന്ന് പ്രതികളെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. പുറത്തുപറഞ്ഞാല്‍ തന്നെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥി പറയുന്നു. രണ്ടു മാസം മുമ്പാണ് കുട്ടിയുടെ അച്ഛന്‍ മരിച്ചത്.
17-കാരനെ വിളിച്ചുവരുത്തിയ സുഹൃത്തുക്കളെയും സംഘം മര്‍ദിച്ചതായി അറിയുന്നു. ഇവരും അക്രമികളുമായി മുന്‍ പരിചയമുണ്ടോയെന്നും പരാതിക്ക് കാരണക്കാരിയായ യുവതിക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്ന് വരന്തരപ്പിള്ളി പോലീസ് എസ് എച്ച്.ഒ. എസ്. ജയകൃഷ്ണന്‍ പറഞ്ഞു.
Content Highlights: plustwo student attacked in varanthirappilly thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..