പോൾ
കൊച്ചി: ഇടപ്പള്ളിയില്‍ വീട്ടുജോലിക്ക് നിന്ന കര്‍ണാടക സ്വദേശിനിയെ ഉപദ്രവിച്ച കേസില്‍ ഗൃഹനാഥന് അറസ്റ്റില്‍. ഇടപ്പള്ളി പാവോത്തിത്തറ പോളിനെ (60) യാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമസമിതി അധ്യക്ഷയുമായ സെലിനെതിരേയും കേസുണ്ട്. ഇവര്‍ ഒളിവിലാണ്.
പോലീസ് പറയുന്നത്: 2015-ലാണ് പെണ്‍കുട്ടിയെ ഈ വീട്ടില്‍ ജോലിക്കായി കൊണ്ടുവന്നത്. ഇപ്പോള്‍ 21 വയസ്സുണ്ട്. പോള്‍ വീടിനോടുചേര്‍ന്ന് കാറ്ററിങ് ബിസിനസ് നടത്തിയിരുന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യുന്നതിനും മറ്റ് ജോലികള്‍ക്കും പെണ്‍കുട്ടിയെ ഉപയോഗിച്ചിരുന്നു. ഇയാളുടെ മകളുടെ വീട്ടിലും ജോലിക്ക് പെണ്‍കുട്ടിയെ ചുമതലപ്പെടുത്തി. ജോലിക്ക് വന്നകാലത്ത് ശാരീരിക ഉപദ്രവം നടന്നതായും പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് പോക്സോ കേസാണ് എടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെ പെണ്‍കുട്ടി വീട്ടില്‍നിന്നിറങ്ങി സമീപത്തെ വീട്ടില്‍ അഭയം തേടി. പരിസരത്തുള്ളവര്‍ സംഭവം വനിതാ സെല്ലില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. അഞ്ചുവര്‍ഷമായി ഇവിടെ ജോലിക്കുണ്ടെങ്കിലും പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് 20,000 രൂപ മാത്രമേ എത്തിയിട്ടുള്ളൂവെന്നും പോലീസ് കണ്ടെത്തി. ജോലി നിര്‍ത്തി പോകുമ്പോള്‍ ശമ്പളം ഒരുമിച്ച് നല്കാനിരിക്കുകായിരുന്നുവെന്നാണ് പോള്‍ ചോദ്യംചെയ്യലില്‍ പറയുന്നത്. പോളിനെ കോടതി റിമാന്‍ഡ് ചെയ്തു
പ്രസംഗം കേട്ടു... വനിതകളുടെ അവകാശങ്ങളറിഞ്ഞു
വനിതാ ദിനത്തില്‍ വനിതാ ക്ഷേമ സമിതി നടത്തിയ പരിപാടിയില്‍ ചായ വിതരണത്തിന് പെണ്‍കുട്ടി എത്തിയപ്പോള്‍ വനിതകളുടെ അവകാശങ്ങളെക്കുറിച്ച് സെലിന് പ്രസംഗിക്കുന്നത് പെണ്‍കുട്ടി കേള്‍ക്കാനിടയായി. ഇതേത്തുടര്‍ന്നാണ് എല്ലാം തുറന്നുപറയാന്‍ ധൈര്യംവന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
പെണ്‍കുട്ടിയുടെ അവസ്ഥ ആരോ വിളിച്ച് വനിതാ സെല്ലില്‍ അറിയിക്കുകയായിരുന്നു. അവര്‍ എത്തി മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയതും കേസ് രജിസ്റ്റര്‍ ചെയ്തതും.
കേസില്‍ വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.
Content Highlights: physiacl attack against housemaid, man arrested in edappally
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..