അടച്ചുപൂട്ടിയതില്‍ PFI-യുടെ പെരിയാര്‍വാലി കാമ്പസും, പ്രധാനകേന്ദ്രം; ഇടുക്കിയില്‍ പണിതത് ഓഡിറ്റോറിയം


7 min read
Read later
Print
Share

ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന പീസ് വാലി കൾച്ചറൽ സെന്റർ പോലീസ് നോട്ടീസ് പതിപ്പിച്ച് സീൽ ചെയ്യുന്നു

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇവരുടെ ഓഫീസുകള്‍ പൂട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. ഓഫീസുകള്‍ റവന്യൂ വിഭാഗം ഏറ്റെടുക്കുന്നതിനു മുന്നോടിയായി പോലീസിന്റെ നേതൃത്വത്തില്‍ പി.എഫ്.ഐ. ഓഫീസുകള്‍ക്കു മുന്നില്‍ നോട്ടീസ് പതിച്ചു. യു.എ.പി.എ. സെക്ഷന്‍ 8 (1) അനുസരിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ ഇതുവരെ മൂന്ന് ഓഫീസുകളാണ് പോലീസ് പൂട്ടി നോട്ടീസ് പതിച്ചത്. ആലുവ കുഞ്ഞുണ്ണിക്കരയില്‍ പെരിയാര്‍ വാലി ട്രസ്റ്റ് കാമ്പസ്, െപരുമ്പാവൂരില്‍ വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശ്ശേരിയില്‍ കടവില്‍ ടവേഴ്സിലെ ആദ്യ നിലയിലെ മൂന്നു മുറികള്‍, പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഏരിയ ഓഫീസ് എന്നിവിടങ്ങളില്‍ പോലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആലുവ കുഞ്ഞുണ്ണിക്കരയില്‍ പെരിയാര്‍വാലി ട്രസ്റ്റ് കാമ്പസിന്റെ ഏറ്റെടുക്കല്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. രണ്ടാം ഘട്ടമായ കേരള പോലീസിന്റെ ഏറ്റെടുക്കല്‍ വെള്ളിയാഴ്ച രാത്രി ഏഴിന് നടന്നു. യു.എ.പി.എ. സെക്ഷന്‍ എട്ട് പ്രകാരമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഭാഗമായി എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാമ്പസില്‍ നോട്ടീസ് പതിച്ചു. റൂറല്‍ ജില്ലയിലെ നടപടിക്രമങ്ങള്‍ വെള്ളിയാഴ്ച എസ്.പി.യുടെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.

എന്‍.െഎ.എ.യുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം രണ്ടാം ഘട്ടമായാണ് പോലീസ് വിജ്ഞാപനം പുറത്തിറക്കിയത്. ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഇടം, അവിടെ പ്രവര്‍ത്തിക്കുന്ന സംഘടനാ ഓഫീസുകള്‍ ഏതെല്ലാം, ഏതു വില്ലേജ്/പഞ്ചായത്തില്‍ ഉള്‍പ്പെട്ടത്, കെട്ടിട നമ്പര്‍ എന്നിവ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തും. റൂറല്‍ പോലീസിന്റെ വിജ്ഞാപനത്തില്‍ ആലുവ ഈസ്റ്റ് കുഞ്ഞുണ്ണിക്കരയിലെ ഓഫീസും പെരുമ്പാവൂര്‍ വെങ്ങോലയിലെ ഓഫീസുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സിറ്റി പരിധിയില്‍ പള്ളുരുത്തിയിലെ ഓഫീസും ഉള്‍പ്പെടും. വിജ്ഞാപനം വെള്ളിയാഴ്ചയാണ് റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ പുറത്തിറക്കിയത്. അതിനുശേഷമാണ് പോലീസ് അതത് ഓഫീസുകളിലെത്തി നോട്ടീസ് പതിച്ചത്. പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അക്കാര്യം ജില്ലാ കളക്ടറെ അറിയിക്കും. അടുത്ത നടപടിയായി ജില്ലാ കളക്ടര്‍ എ-2 വിജ്ഞാപനം പുറത്തിറക്കും. ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ ഇവിടങ്ങളിലെത്തി ഓഫീസും കെട്ടിടവും അതിലെ വസ്തുവകകളും ഏറ്റെടുത്ത് സീല്‍ വെക്കുകയും ചെയ്യും.

പെരിയാര്‍വാലി കാമ്പസ്; ആലുവയില്‍ അടച്ചുപൂട്ടിയത് പ്രധാന കേന്ദ്രം

ആലുവ: പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവ കുഞ്ഞുണ്ണിക്കരയിലെ പെരിയാര്‍വാലി കാമ്പസെന്ന് പോലീസ് പറയുന്നു. നിരവധി തവണ ഇവിടെ പോലീസ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. അധ്യാപകന്റെ കൈവെട്ട് കേസിനു ശേഷം ഏറെ തവണ ഇവിടെ പരിശോധനകള്‍ നടത്തിയിരുന്നു. അന്ന് പി.എഫ്.ഐ.യുടെ രേഖകളും ഇവിടെ നിന്നു പിടിച്ചെടുത്തിരുന്നു. പി.എഫ്.ഐ.യുടെ പ്രാദേശിക സംഘടനയായ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലാണ് പെരിയാര്‍വാലി കാമ്പസ്. ഏറെ നാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ഓഫീസ് ഇവിടെ സ്ഥിതിചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ എറണാകുളം ജില്ല പടിഞ്ഞാറന്‍ ഓഫീസ് ഇവിടെയാണെന്നാണ് പോലീസ് രേഖകളില്‍ ഉള്ളത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നുവെന്നും സന്നദ്ധ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവിടെ നടന്നിരുന്നതെന്നുമാണ് ഒരു പ്രവര്‍ത്തകന്‍ പറഞ്ഞത്. 67 സെന്റിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇവിടെ വന്നു പോകുന്നവരെ കുറിച്ച് നാട്ടുകാര്‍ക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അവിടെ താമസിക്കാനും ക്യാമ്പ് ചെയ്യാനും പഠനങ്ങള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉയരമുള്ള മതില്‍ക്കെട്ടും ഗേറ്റും കാമ്പസിനു ചുറ്റുമുണ്ട്. പുറത്തുനിന്നുള്ള ആളുകള്‍ക്ക് അകത്ത് നടക്കുന്നത് എന്താണെന്ന് വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സത്താറിന്റെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: എന്‍.ഐ.എ. അറസ്റ്റുചെയ്ത 12 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീണ്ടും റിമാന്‍ഡില്‍. ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്ന പ്രതികളെ വെള്ളിയാഴ്ചയാണ് എന്‍.ഐ.എ. തിരികെ കോടതിയില്‍ ഹാജരാക്കിയത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കുമാറ്റി.

ചോദ്യംചെയ്‌തെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്ന് എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു. പിടിച്ചെടുത്ത ഫോണുകളുടെ മിറര്‍ ഇമേജ് ഉള്‍പ്പെടെയുള്ള പരിശോധനാഫലങ്ങള്‍ വരേണ്ടതുണ്ട്. അതിനുശേഷം പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും എന്‍.ഐ.എ. പറഞ്ഞു. റിമാന്‍ഡിലുള്ള സംസ്ഥാനസെക്രട്ടറി അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നല്‍കിയ അപേക്ഷയില്‍ വാദംകേള്‍ക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്കു മാറ്റി.

ചാവക്കാട്ടെ ജില്ലാ ഓഫീസ് എന്‍.ഐ.എ. മുദ്രവച്ചു...

ചാവക്കാട്(തൃശ്ശൂര്‍): പോപ്പുലര്‍ ഫ്രണ്ടിന്റെ ചാവക്കാട്ടെ ജില്ലാ ഓഫീസ് എന്‍.ഐ.എ. സംഘം സീല്‍ ചെയ്തു. ഓഫീസ് കെട്ടിടവും സ്ഥലവും എന്‍.ഐ.എ. ഏറ്റെടുത്തതായി അറിയിച്ചുള്ള നോട്ടീസ് കെട്ടിടത്തില്‍ പതിച്ചു. എന്‍.ഐ.എ.യുടെ കൊച്ചി യൂണിറ്റില്‍നിന്നുള്ള സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ ചാവക്കാട് തെക്കഞ്ചേരിയിലുള്ള ഓഫീസിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. എന്‍.ഐ.എ.യുടെയോ അധികാരമുള്ള മറ്റേതെങ്കിലും അതോറിറ്റിയുടെയോ അനുമതിയില്ലാതെ കെട്ടിടം കൈമാറാനോ വാടകയ്ക്ക് നല്‍കാനോ മറ്റെന്തെങ്കിലും ക്രയവിക്രയം ചെയ്യാനോ കഴിയില്ലെന്ന് രേഖപ്പെടുത്തിയ നോട്ടീസാണ് ഉദ്യോഗസ്ഥര്‍ പതിച്ചത്.

എന്‍.ഐ.എ.യുടെ കൊച്ചിയിലെ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ കെ. ഉമേഷ് റായിയുടെ പേരിലാണ് ഉത്തരവ്. കെട്ടിടത്തിന്റെ ഉടമകളിലൊരാളായ ഫാമിസ് അബൂബക്കറിനെ ഓഫീസ് പരിസരത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു നടപടിക്രമങ്ങള്‍. എന്‍.ഐ.എ. കെട്ടിടം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട രേഖകളില്‍ ഫാമിസ് ഒപ്പിട്ടുനല്‍കി. ചാവക്കാട് തഹസില്‍ദാര്‍ ടി.കെ. ഷാജിയുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും ചാവക്കാട് എസ്.എച്ച്.ഒ. വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തി.

എന്‍.ഐ.എ. സംഘമെത്തി ഓഫീസ് ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടോടെ യു.എ.പി. ആക്ട് പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ പേരിലുള്ള നോട്ടീസ് ഗുരുവായൂര്‍ എ.സി.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ പോലീസും കെട്ടിടത്തില്‍ പതിച്ചിരുന്നു.

ഇടുക്കിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് ഓഫീസുകള്‍ സീല്‍ചെയ്തു...

തൊടുപുഴ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനെത്തുടര്‍ന്നുള്ള നടപടികള്‍ ജില്ലയില്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലയിലെ രണ്ട് ഓഫീസുകള്‍ സീല്‍ചെയ്തു. തൊടുപുഴ കുമ്മംകല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാക്കമ്മിറ്റി ഓഫീസും നെടുങ്കണ്ടം തൂക്കുപാലത്തെ ഏരിയാ കമ്മിറ്റി ഓഫീസുമാണ് സീല്‍ചെയ്തത്.

കേസ് തീരുംവരെ ഈ ഓഫീസുകള്‍ ഇനി ഉപയോഗിക്കാന്‍ കഴിയില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍, രാജ്യസുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.

ആദ്യം ഒട്ടിച്ചു; പിന്നെ സീല്‍വെച്ചു

വെള്ളിയാഴ്ച വൈകീട്ടോടെയാണ് എന്‍.ഐ.എ. പ്രതിനിധിയും പോലീസ്, റവന്യൂ ഉദ്യോഗസ്ഥരും കുമ്മംകല്ലിലെ ഓഫീസിലെത്തിയത്. സംസ്ഥാന വ്യാപകമായ റെയിഡ് നടന്ന അന്ന് ഈ ഓഫീസും വിശദമായി പരിശോധിച്ചിരുന്നു. നിരോധനം വന്നപ്പോള്‍തന്നെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന്റെ ബോര്‍ഡും മറ്റു സാധനങ്ങളും മാറ്റിയിരുന്നു. അതിനാല്‍, വെള്ളിയാഴ്ച ഓഫീസില്‍ കാര്യമായ പരിശോധനയുണ്ടായില്ല. ഓഫീസ് പിടിച്ചെടുത്തതായുള്ള എന്‍.ഐ.എ.യുടെ അറ്റാച്ച്മെന്റ് ഓര്‍ഡര്‍ ആദ്യംപതിച്ചു. അപ്പോള്‍ ഓഫീസ് സീല്‍വെയ്ക്കാനുള്ള ഉത്തരവ് കളക്ടറില്‍നിന്ന് ലഭിച്ചിരുന്നില്ല. രാത്രി വൈകിയാണ് ഉത്തരവ് ലഭിച്ചത്. തുടര്‍ന്ന് ഓഫീസ് പൂട്ടി സീല്‍ചെയ്യുകയായിരുന്നു.

തൊടുപുഴ ഡിവൈ.എസ്.പി. എം.ആര്‍.മധുബാബു, എന്‍.ഐ.എ. ഉദ്യോഗസ്ഥന്‍ എം.എസ്.ജയന്‍, തൊടുപുഴ തഹസില്‍ദാര്‍ എം.അനില്‍കുമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, കാരിക്കോട് വില്ലേജ് ഓഫീസര്‍ എം.ആര്‍.ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

അനുമതി വീടിനായി; പണിതത് ഓഫീസും ഓഡിറ്റോറിയവും

വെള്ളിയാഴ്ച രാവിലെയാണ് നെടുങ്കണ്ടം തൂക്കുപാലത്തുള്ള പി.എഫ്.ഐ. ഏരിയാ കമ്മിറ്റി ഓഫീസില്‍ പോലീസും റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. ഇത് മണിക്കൂറുകളോളം നീണ്ടു. പാറത്തോട് വില്ലേജ് ഓഫീസ് അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിച്ചു.

2016-ല്‍ വാങ്ങിയ സ്ഥലം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ കോയ തങ്ങളുടെ പേരിലുള്ളതാണ്. 35 ചതുരശ്രമീറ്റര്‍ വീടിനുള്ള പെര്‍മിറ്റില്‍ ആണ് ഓഫീസ് കെട്ടിടവും ഓഡിറ്റോറിയവും പണിതിരിക്കുന്നത്. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് റവന്യൂസംഘം ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. നടപടികള്‍ക്കുശേഷം ഏറെ വൈകിയാണ് ഓഫീസ് പൂട്ടി സീല്‍വെച്ചത്.

കോട്ടയത്ത് ആറ് ഓഫീസുകള്‍ പൂട്ടി...

കോട്ടയം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന ഓഫീസും സ്ഥാവരജംഗമ വസ്തുക്കളും ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം നടപടി തുടങ്ങി.

ആദ്യപടിയായി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ കെട്ടിടങ്ങളിലും സ്ഥലങ്ങളിലും യു.എ.പി.എ. നിയമപ്രകാരം നോട്ടീസ് പതിക്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന്, കഴിഞ്ഞദിവസം കണ്ടെത്തിയ സ്ഥലങ്ങളില്‍ പോലീസ് നോട്ടീസ് പതിച്ചു. ഓഫീസുകള്‍ പൂട്ടി സീല്‍ചെയ്തു. കോട്ടയത്ത് കുമ്മനം, ചങ്ങനാശ്ശേരിക്ക് സമീപം കുന്നക്കാട്, കറുകച്ചാലിന് സമീപം പത്തനാട്, ഈരാറ്റുപേട്ട, മുണ്ടക്കയം, ഇടക്കുന്നം, എന്നിവിടങ്ങളിലായി ആറിടത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളാണ് സീല്‍ചെയ്തത്.

കെട്ടിടവും വസ്തുവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നുകാട്ടിയാണ് നോട്ടീസ് പതിച്ചിട്ടുള്ളത്. തുടര്‍ന്ന് ഇത് ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. കുമ്മനം കളപ്പുരപ്പടിയിലുള്ള ഏഴുസെന്റ് സ്ഥലത്തെ ഷെഡ്ഡാണ് കോട്ടയത്ത് സംഘടനയുടെ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിരുന്നത്. യോഗം ചേരുന്നതിനും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനും ഇവിടെ ഉപയോഗിച്ചെന്നാണ് പോലീസ് പറയുന്നത്.

ഈരാറ്റുപേട്ടയില്‍ സ്ലോട്ടര്‍ ഹൗസിന് സമീപമുള്ള പീസ്വാലി കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് പാലാ ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോട്ടീസ് പതിച്ച് പൂട്ടിയത്. 15 വര്‍ഷം മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് സ്വന്തമായിട്ട് വാങ്ങിയ സ്ഥലത്താണ് ഓഫീസ്. കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരിലാണ് ഇവിടെ പ്രവര്‍ത്തനം നടത്തിയത്. ബോര്‍ഡ് വെയ്ക്കാതെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇടക്കുന്നത്തെ ഓഫീസ് വ്യാഴാഴ്ച പോലീസ് സീല്‍ചെയ്തിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങളും സ്ഥലങ്ങളും ഏറ്റെടുക്കുന്നതിനുള്ള നടപടി കളക്ടറാണ് സ്വീകരിക്കുക. പ്രവര്‍ത്തകരുടെ സ്ഥാവരജംഗമവസ്തുക്കളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകിട്ടുന്ന മുറയ്ക്ക് പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

കൊല്ലത്ത് ദക്ഷിണമേഖല ഓഫീസടക്കം അടച്ചുപൂട്ടി

കരുനാഗപ്പള്ളി/കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ലയിലെ പ്രധാന ഓഫീസുകള്‍പൂട്ടി മുദ്രവെച്ചു. ദക്ഷിണമേഖലാ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കരുനാഗപ്പള്ളി പുതിയകാവിലെ ഓഫീസ് എന്‍.െഎ.എ.യുടെ സാന്നിധ്യത്തിലാണ് പൂട്ടിയത്. ഇവിടെനിന്ന് കൂടുതല്‍ രേഖകള്‍ കണ്ടെത്താനുള്ളതിനാലാണ് എന്‍.ഐ.എ. എത്തിയത്. കൊല്ലം പള്ളിമുക്കിലേത് പോലീസാണ് പൂട്ടി നോട്ടീസ് പതിച്ചത്.

പുതിയകാവിലെ കാരുണ്യ ട്രസ്റ്റ് ഓഫീസ് വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കൊച്ചിയില്‍നിന്നുള്ള എന്‍.ഐ.എ. സംഘമെത്തി പൂട്ടിയത്. കരുനാഗപ്പള്ളി എ.സി.പി. വി.എസ്.പ്രദീപ്കുമാര്‍, സി.ഐ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും തഹസില്‍ദാര്‍ പി.ഷിബു, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കെട്ടിടംപൂട്ടി മുദ്രവെക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍.ഐ.എ. സംഘം ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് കൈമാറി. തഹസില്‍ദാരും കരുനാഗപ്പള്ളി, ആദിനാട് വില്ലേജ് ഓഫീസര്‍മാരും സാക്ഷികളായി ഒപ്പിട്ടു. ഓഫീസിന്റെ മുന്‍വശത്തെ മൂന്നു വാതിലുകളിലും ഇതുസംബന്ധിച്ച നോട്ടീസുകള്‍ പതിച്ചു. തുടര്‍ന്നാണ് പ്രവര്‍ത്തകരെ പുറത്തിറക്കിയശേഷം വാതിലുകളും ഗേറ്റും പോലീസിന്റെ സഹായത്തോടെ പൂട്ടി മുദ്രവെച്ചത്. അനധികൃതമായി ഓഫീസിലേക്ക് കടന്നുകയറുന്നത് കുറ്റകരമായിരിക്കുമെന്ന് അറിയിപ്പും നല്‍കിയിട്ടുണ്ട്.

കാരുണ്യ ട്രസ്റ്റിന്റെ പേരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കെട്ടിടം പി.എഫ്.ഐ.യുടെ ദക്ഷിണമേഖലാ ഓഫീസായാണ് പ്രവര്‍ത്തിച്ചിരുന്നത്. പി.എഫ്.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ കഴിഞ്ഞദിവസം ഇതേ ഓഫീസില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ പിന്നീട് എന്‍.ഐ.എ.യ്ക്ക് കൈമാറിയിരുന്നു. ഓഫീസ് അടച്ചുപൂട്ടിയ സമയത്ത് പ്രവര്‍ത്തകരുടെ സംഘംചേരലോ പ്രതിഷേധമോ ഉണ്ടായില്ല. തികച്ചും സമാധാനപരമായാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ കൊല്ലം പള്ളിമുക്ക് കൊച്ചുതങ്ങള്‍ നഗറിലുള്ള ജില്ലാ കമ്മിറ്റി ഓഫീസ്, അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എ.അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂട്ടി മുദ്രവെച്ചത്. നോട്ടീസും പതിച്ചു. കൊല്ലൂര്‍വിള എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അഞ്ചല്‍ കൈതാടിയിലെ ഓഫീസും പൂട്ടി. വാടകവീട്ടിലായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പുനലൂര്‍ ഡിവൈ.എസ്.പി. ബി.വിനോദ്, അഞ്ചല്‍ സി.ഐ. കെ.ജി.ഗോപകുമാര്‍, എസ്.ഐ. പ്രജീഷ്‌കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വീടുപൂട്ടി മുദ്രവെച്ചു. ഇവിടെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

പത്തനംതിട്ടയില്‍ ഓഫീസുകള്‍ കണ്ടുകെട്ടി നോട്ടീസ് പതിച്ചു

പത്തനംതിട്ട: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പത്തനംതിട്ട, പന്തളം, അടൂര്‍ ഓഫീസുകള്‍ കണ്ടുകെട്ടി നോട്ടീസ് പതിച്ചു. പന്തളത്തും അടൂരിലും എന്‍.ഐ.എ. സംഘമാണ് ഓഫീസുകള്‍ കണ്ട് കെട്ടിയത്. പത്തനംതിട്ടയില്‍ പോലീസാണ് നടപടി എടുത്തത്.

പന്തളം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കുരമ്പാല വില്ലേജില്‍ തോന്നല്ലൂര്‍ മുറിയില്‍ ഉളമയില്‍ ഭാഗത്തെ കെട്ടിടമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി നോട്ടീസ് പതിച്ചത്. വെള്ളിയാഴ്ച ഉച്ച്ക്ക് ശേഷം രണ്ടരയോടെ കൊച്ചിയില്‍നിന്നും പന്തളം പോലീസ് സ്റ്റേഷനിലെത്തിയ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ മൂന്നരയോടെയാണ് ഉളമയിലുള്ള കെട്ടിടത്തിന് സമീപമെത്തിയത്.

പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സഹായത്തിനെത്തിയിരുന്നു. അടൂര്‍ തഹസീല്‍ദാര്‍ ജി.കെ.പ്രദീപ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഹരീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് കെട്ടിടത്തില്‍ നോട്ടീസ് പതിച്ചത്. എന്‍.ഐ.എ.യുടെയോ നിയുക്ത അതോറിറ്റിയുടെയോ മുന്‍കൂര്‍ അനുമതിയല്ലാതെ ഏതെങ്കിലും തരത്തില്‍ കെട്ടിടം പാട്ടത്തിനു കൊടുക്കുക, വില്‍പ്പന നടത്തുക, പണികള്‍ നടത്തുക അടക്കം ഒരുനടപടികളും പാടില്ലെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് നോട്ടീസ് പതിച്ചത്. പറക്കോട് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന മുറി എന്‍.ഐ.എ.സംഘം പൂട്ടി മുദ്ര വെച്ചു.

തുടക്കത്തില്‍ അടൂര്‍ ഏരിയാ കമ്മിറ്റി ഓഫീസായി പ്രവത്തിക്കുകയായിരുന്നു ഈ മുറി. വെള്ളിയാഴ്ച വൈകീട്ട് 5.30-നാണ് കൊച്ചിയില്‍ നിന്നും വന്ന എന്‍.ഐ.എ. സംഘം മുദ്രവെച്ചത്. നടപടിയുടെ ഭാഗമായി കെട്ടിടം ഉടമയോട് കാര്യങ്ങള്‍ വിശദീകരിച്ചു. മുറിവിലയ്ക്ക് നല്‍കാനോ വാടകയ്ക്ക് നല്‍കാനോ പാടില്ലെന്ന് എന്‍.ഐ.എ. സംഘം ഉടമയെ അറിയിച്ചു. അടൂര്‍ സി.ഐ. ടി.ഡി.പ്രജീഷ്, തഹസീല്‍ദാര്‍ ജി.കെ.പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിലാണ് എന്‍.ഐ.എ. സംഘം നടപടി പൂര്‍ത്തീകരിച്ചത്. പത്തനംതിട്ടയില്‍ തൈക്കാവില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് പത്തനംതിട്ട ഡിവൈ.എസ്.പി.യുെട നേതൃത്വത്തിലുള്ള പോലീസ് വൈകീട്ട് നാലുമണിയോടെയാണ് കണ്ടുകെട്ടി നോട്ടീസ് പതിപ്പിച്ചത്.

Content Highlights: pfi offices sealed in eranakulam thrissur idukki kottayam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
muhammed

1 min

സഹതടവുകാരന്റെ ഭാര്യയെ ജാമ്യത്തിലിറങ്ങിയ ശേഷം പീഡിപിച്ചു; 15 വര്‍ഷം കഠിനതടവ്

Sep 30, 2023


arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023


suicide

1 min

അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍: സംഭവം കോട്ടയത്ത്

Sep 30, 2023


Most Commented