കോഴിക്കോട് അരവിന്ദ്ഘോഷ് റോഡിലെ പി.എഫ്.ഐ. കോഴിക്കോട് നോർത്ത് ജില്ലാകമ്മിറ്റി ഓഫീസിൽ ടൗൺ അസി. കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ നോട്ടീസ് പതിക്കുന്നു
കോഴിക്കോട്/ വടകര: നിരോധനത്തിനു പിന്നാലെ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കുമെതിരേ പോലീസും എന്‍.ഐ.എ.യും നടപടി തുടങ്ങി.
പോപ്പുലര്‍ ഫ്രണ്ടിന്റെയും നിരോധിക്കപ്പെട്ട മറ്റ് പോഷക സംഘടനകളുടെയും ജില്ലയിലെ ഒന്‍പത് ഓഫീസുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നോട്ടീസ് പതിച്ചു. ഓഫീസിലേക്ക് പ്രവേശിക്കുന്നവര്‍ക്കെതിരേ യു.എ.പി.എ. ചുമത്തുമെന്ന് പോലീസ് പറഞ്ഞു. വടകര മേഖലയിലെ ഓഫീസുകള്‍ കളക്ടറുടെ ഉത്തരവുപ്രകാരം പൂട്ടി സീല്‍വെച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി ഹൗസ് എന്‍.ഐ.എ. സംഘം കണ്ടുകെട്ടി. കോഴിക്കോട് നഗരത്തില്‍ അഞ്ച് ഓഫീസുകളും വടകര മേഖലയില്‍ നാല് ഓഫീസുകളുമാണ് പൂട്ടിയത്. കോഴിക്കോട് നഗരത്തിലെ ഓഫീസുകള്‍ സീല്‍ചെയ്യാന്‍ അടുത്ത ദിവസം കളക്ടറുടെ ഉത്തരവിറങ്ങും. അതിന്റെ മുന്നോടിയായാണ് പോലീസ് നോട്ടീസ് പതിച്ചതെന്ന് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ. ശ്രീനിവാസ് പറഞ്ഞു.
കോഴിക്കോട് കമ്പിളിപറമ്പിലെ വിമണ്‍സ് ഫ്രണ്ട് ഓഫീസ്, ചക്കുംകടവ് അയ്യങ്കാര്‍ റോഡിലെ കാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ്, മാവൂര്‍ റോഡ് ഇസ്ലാമിക് യൂത്ത് സെന്ററിലുള്ള വിമണ്‍സ് ഫ്രണ്ട് ഓഫീസ്, എന്‍.സി.എച്ച്.ആര്‍.ഒ. സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവയാണ് പൂട്ടിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന വടകര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (വാസ്) ഓഫീസും കുറ്റ്യാടി സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസും പോലീസും റവന്യൂ അധികൃതരും പൂട്ടി സീല്‍പതിച്ചു. വെള്ളിയാഴ്ച രാവിലെ യു.എ.പി.എ. നിയമത്തിലെ സെക്ഷന്‍ എട്ട് (ഒന്ന്) പ്രകാരം ഈ ഓഫീസുകള്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കാണിച്ച് കോഴിക്കോട് റൂറല്‍ എസ്.പി.യുടെ വിജ്ഞാപനം ഓഫീസുകള്‍ക്ക് മുന്നില്‍ പതിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കാവലുമേര്‍പ്പെടുത്തി. വൈകീട്ടോടെ ഓഫീസുകള്‍ പൂട്ടി സീല്‍ചെയ്യാന്‍ കളക്ടര്‍ ഉത്തരവിട്ടു. വൈകീട്ടോടെ പോലീസും അതതിടങ്ങളിലെ വില്ലേജ് ഓഫീസര്‍മാരും ഓഫീസുകള്‍ പരിശോധിച്ച് സാധനസാമഗ്രികള്‍ തിട്ടപ്പെടുത്തിയശേഷം ഓഫീസ് പൂട്ടി.
വടകരയില്‍ ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദ്, ഇന്‍സ്‌പെക്ടര്‍ പി.എം. മനോജ്, വടകര വില്ലേജ് ഓഫീസര്‍ ഷീനാ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
താഴെ അങ്ങാടിയില്‍ വലിയ മൂന്നുനില മന്ദിരമാണ് വാസ് ആസ്ഥാനം. ഏറ്റവും താഴത്തെ നിലയിലാണ് പി.എഫ്.ഐ. ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്ന് കൊടികളും മറ്റും കണ്ടെത്തി. സെര്‍ച്ച് ലിസ്റ്റിലുള്ള സാധനങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ബാക്കി സാധനങ്ങളുടെ പട്ടിക കളക്ടര്‍ക്ക് നല്‍കും.
കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡില്‍ തെരുവത്ത് റോഡില്‍ കണിയാന്റെപറമ്പത്തെ സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസിലാണ് പി.എഫ്.ഐ. ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്‍സ്‌പെക്ടര്‍ ഇ.കെ. ഷിജു, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസ് പരിശോധിച്ച് സാധനങ്ങളുടെയും മറ്റും കണക്കെടുത്തശേഷമാണ് പൂട്ടി സീല്‍ പതിച്ചത്.
നാദാപുരത്തും തണ്ണീര്‍പ്പന്തലിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസുകള്‍ പൂട്ടി. നാദാപുരം ഡിവൈ.എസ്.പി. വി.വി. രതീഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി. നാദാപുരം ബസ്സ്റ്റാന്‍ഡിന് പിന്‍വശത്തെ റോഡിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലായിരുന്നു ഓഫീസ്. തണ്ണീര്‍പ്പന്തലില്‍ കരുണ ഫൗണ്ടേഷന്‍ എന്ന പേരിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
എന്‍.ഐ.എ. ടീം മുകളിലെത്തി, ലിഫ്റ്റ് കേടായി; റവന്യൂസംഘത്തിന് കടക്കാന്‍ പൂട്ടുപൊളിച്ചു
കോഴിക്കോട്: കൊച്ചിയില്‍നിന്നുള്ള എന്‍.ഐ.എ.സംഘവും ഫറോക്ക് അസി.കമ്മിഷണറും മുകള്‍നിലയില്‍. പുറത്തിറങ്ങാനാവാതെ മാധ്യമപ്രവര്‍ത്തകര്‍ ലിഫ്റ്റിനുള്ളില്‍. എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ മുകളിലേക്ക് കയറാനെത്തിയ സംസ്ഥാന രഹസ്യാന്വേഷണവിഭാഗം ഡിവൈ.എസ്.പി.യും സഹപ്രവര്‍ത്തകരും ഏറ്റവും താഴത്തെനിലയിലും.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസില്‍ എന്‍.ഐ.എ. നോട്ടീസ് പതിക്കുന്നതിനിടയില്‍ ലിഫ്റ്റുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. എന്‍.ഐ.എ. സംഘം കെട്ടിടത്തിന്റെ രണ്ടാംനിലയിലെത്തിയതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ കയറിയപ്പോഴാണ് ലിഫ്റ്റ് നിലച്ചത്. ഉള്ളില്‍ക്കുടുങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാനായില്ല. തുടര്‍ന്ന് തൊട്ടടുത്ത മീഞ്ചന്ത ഫയര്‍സ്റ്റേഷനില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി മാധ്യമപ്രവര്‍ത്തകരെ പുറത്തെത്തിക്കുകയായിരുന്നു.
മൂന്നുനിലയുള്ള കെട്ടിടത്തിന്റെ ഓരോനിലയുടെ കോണിപ്പടിയും ഗ്രില്‍വെച്ച് പൂട്ടിയിരുന്നു. അതുകൊണ്ട് ലിഫ്റ്റ് മാത്രമാണ് ആശ്രയം. ലിഫ്റ്റ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതോടെ മുകള്‍നിലയിലുള്ള എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്ക് ഇറങ്ങാനാകാതെ കുടുങ്ങി. ഇറങ്ങണമെങ്കില്‍ ഒന്നുകില്‍ അടുത്തനിലയുടെ പൂട്ടുപൊളിക്കണം അല്ലെങ്കില്‍ താഴത്തുനിന്ന് അഗ്‌നിരക്ഷാസേനയുടെ കോണിവെച്ച് താഴെയിറങ്ങണം.
ഫയര്‍സ്റ്റേഷനില്‍നിന്ന് കോണി കൊണ്ടുവരാന്‍ തീരുമാനിച്ചെങ്കിലും റിസ്‌കാണെന്ന് പറഞ്ഞ് അതൊഴിവാക്കി. അഗ്‌നിരക്ഷാസേനയോട് പൂട്ടുപൊളിക്കാന്‍ പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ പറയാതെ പൊളിക്കാന്‍ കഴിയില്ലെന്നായി അവര്‍. റവന്യൂഉദ്യോഗസ്ഥരില്ലാതെ പൂട്ടുപൊളിച്ച് പൊല്ലാപ്പാവാനില്ലെന്ന് പോലീസും നിലപാടെടുത്തു.
തുടര്‍ന്ന് മുക്കാല്‍മണിക്കൂര്‍ കഴിഞ്ഞ് കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാല്‍ എത്തിയതിനുശേഷം അഗ്‌നിരക്ഷാസേന ഗ്യാസ്‌കട്ടറുപയോഗിച്ച് ഒന്നാംനിലയിലെ പൂട്ടുപൊളിച്ചു. അതോടെ മറ്റുപോലീസുകാരും റവന്യൂഉദ്യോഗസ്ഥരും അകത്ത് കടന്നു. നോട്ടീസ് പതിക്കണമെങ്കില്‍ റവന്യൂഓഫീസറുടെ സാന്നിധ്യംവേണം. അതുകൊണ്ടാണ് മറ്റുമാര്‍ഗമില്ലാത്തതുകൊണ്ട് പൂട്ടുപൊളിച്ചത്.
വയനാട്ടിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പൂട്ടി
മാനന്തവാടി: പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി പോലീസ് സീല്‍ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയ്ക്ക് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്.
വെള്ളിയാഴ്ച വൈകീട്ട് 6.40-ഓടെയാണ് മാനന്തവാടി എരുമത്തെരുവിലെ ഓഫീസ് പൂട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. നോട്ടീസ് പതിച്ച ശേഷം ഓഫീസിലുള്ള സാധനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി പുതിയ പൂട്ടിട്ട് സീല്‍ചെയ്താണ് പോലീസ് സംഘം മടങ്ങിയത്. ഇതിനുമുന്നോടിയായി എന്‍.ഐ.എ. സംഘം മാനന്തവാടിയിലെത്തി നഗരസഭാ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ് (ഐ.സി.ടി.) സ്ഥാപനം കണ്ടുകെട്ടുന്നതിന് നോട്ടീസ് പതിച്ച് മടങ്ങി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം മാനന്തവാടിയിലും ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഓഫീസ് തുടങ്ങി വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഓഫീസിനുസമീപം പ്രവര്‍ത്തിച്ചിരുന്ന എസ്.എസ്. ടയര്‍ വര്‍ക്‌സില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാലു വടിവാളുകള്‍ കണ്ടെത്തിയിരുന്നു. ഈ കട പോലീസ് പൂട്ടിച്ചിട്ടുണ്ട്. കട നടത്തിയിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ പ്രാദേശികനേതാവ് കല്ലുമൊട്ടംകുന്ന് മിയ മന്‍സിലില്‍ സലീമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
വടിവാള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കടയിലെ ജീവനക്കാരനും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനുമായ പിലാക്കാവ് പഞ്ചാരക്കൊല്ലിയിലെ വാരിക്കോടന്‍ മുഹമ്മദ് ഷാഹുല്‍ (19) റിമാന്‍ഡിലാണ്. മേപ്പാടി റിപ്പണ്‍ പുതുക്കാടുള്ള ഓഫീസും പോലീസ് പൂട്ടി.
ഒടുക്കം താഴുവീണു: പോലീസെത്തിയത് കനത്തസുരക്ഷയില്‍
മാനന്തവാടി: നിരോധനം ഏര്‍പ്പെടുത്തി രണ്ടുദിവസത്തിനുശേഷം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാനന്തവാടിയിലെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി. ബുധനാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധസംഘടനകളെയും അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ ഭാഗമായി സംഘടനയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാരും തുടങ്ങിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനയുടെ ഭാഗമായി കഴിഞ്ഞദിവസം വിവിധ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. കഴിഞ്ഞ 22-നാണ് ആദ്യമായി റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ എന്‍.ഐ.എ. സംഘം എത്തിയത് മാനന്തവാടി നഗരസഭാ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റിലാണ്. സംഘമെത്തി പരിശോധന കഴിഞ്ഞ് മടങ്ങിയപ്പോഴാണ് മിക്കവരും കാര്യങ്ങളറിഞ്ഞത്. ഇതിനുശേഷമാണ് ലോക്കല്‍ പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ലാ കമ്മിറ്റി ഓഫീസിലുള്‍പ്പെടെ പരിശോധിച്ച സംഘത്തിന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും സംഘടനയുടെ മുന്‍ പ്രാദേശികനേതാവ് സലീം നടത്തുന്ന ടയര്‍കടയില്‍നിന്ന് വടിവാളുകള്‍ ലഭിച്ചത് പോലീസിന് കച്ചിത്തുരുമ്പായി. തുടര്‍ന്ന് കൂടുതലിടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല.
രാവിലെമുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും എന്‍.ഐ.എ. ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഓഫീസ് പൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. എന്‍.ഐ.എ. സംഘമെത്തി ബസ് സ്റ്റാന്‍ഡ് പരിസത്തെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ് കണ്ടുകെട്ടുന്നതിനുള്ള നോട്ടീസ് നല്‍കിയ ശേഷമാണ് മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടാനായി പോലീസെത്തിയത്. മാനന്തവാടി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. രാകേഷിന്റെ സാന്നിധ്യത്തിലാണ് എന്‍.ഐ.എ. സംഘം ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ് കണ്ടുകെട്ടുന്നതിന് നോട്ടീസ് പതിച്ചത്. സുരക്ഷ കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹത്തെയാണ് ടൗണില്‍ വിവിധയിടങ്ങളിലായി വിന്യസിച്ചത്. വൈകീട്ട് 6.30-ഓടെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. 6.40-ഓടെയാണ് ഓഫീസ് പൂട്ടുന്നതിനുള്ള നടപടി തുടങ്ങിയത്. ആദ്യം ജില്ലാ പോലീസ് മേധാവിയുടെപേരിലുള്ള നോട്ടീസ് പതിച്ച ശേഷമാണ് ഓഫീസ് പൂട്ടാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. പൂട്ടിയിട്ടിരുന്ന ഓഫീസിന്റെ താഴുതകര്‍ത്താണ് പോലീസ് സംഘം ഓഫീസിനകത്ത് കടന്നത്. തുടര്‍ന്ന് ഓഫീസിലുണ്ടായിരുന്ന സാധനസാമഗ്രികളുടെ കണക്കെടുത്ത് രേഖപ്പെടുത്തി. പുതിയ താഴിട്ട് പോലീസ് പി.എഫ്.ഐ. ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി. ഡെപ്യൂട്ടി തഹസില്‍ദാര്‍ (റവന്യൂ റിക്കവറി) ജോബി ജെയിംസിന്റെ സാന്നിധ്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പോലീസ് പൂട്ടിയത്. രാത്രി എട്ടിനാണ് പോലീസ് സംഘം മടങ്ങിയത്. ഡിവൈ.എസ്.പി.ക്കുപുറമേ മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍ കരീം, എസ്.ഐ.മാരായ രാജിത്ത് പി. ഗോപി, എം. നൗഷാദ്, കെ. മുസ്തഫ, ജൂനിയര്‍ എസ്.ഐ.മാരായ സാബു ചന്ദ്രന്‍, രാജി കൃഷ്ണ എന്നിവരും ഓഫീസ് പൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
റിപ്പണിലെ ഓഫീസും പൂട്ടി
മേപ്പാടി: റിപ്പണ്‍ പുതുക്കാട് പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയാകമ്മിറ്റി ഓഫീസും പോലീസ് പൂട്ടി. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫ്, മേപ്പാടി സി.ഐ. എ.ബി. വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പുതുക്കാട് അരീക്കാടന്‍ ബില്‍ഡിങ്ങിലെ പി.എഫ്.ഐ. ഓഫീസ് പൂട്ടി സീല്‍വെച്ചത്. പൂട്ടിക്കിടന്ന ഓഫീസ് തുറന്ന് പോലീസ് ഏറെനേരം പരിശോധന നടത്തിയെങ്കിലും രേഖകളൊന്നുംതന്നെ കിട്ടിയിട്ടില്ലെന്നാണറിയുന്നത്. റിപ്പണ്‍ ഗവ. ഹൈസ്‌കൂള്‍ പരിസരത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് മാസങ്ങള്‍ക്കുമുമ്പാണ് പുതുക്കാട് ജങ്ഷനിലേക്കു മാറ്റിയത്. പരിശോധന രാത്രി ഒമ്പതുവരെ നീണ്ടു.
കണ്ണൂരില്‍ പൂട്ടിയത് അഞ്ച് ഓഫീസുകള്‍
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലയിലെ അഞ്ച് ഓഫീസുകള്‍ എന്‍.ഐ.എ. പൂട്ടി സീല്‍ ചെയ്തു. കണ്ണൂര്‍ താണ ആനയിടുക്ക് റോഡിലെ പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫീസ്, തൊട്ടടുത്ത കാമ്പസ് ഫ്രണ്ട് ഓഫീസ്, നാറാത്ത്, തലശ്ശേരി, ഇരിട്ടി പുന്നാട് പുറപ്പാറ എന്നിവിടങ്ങളിലുള്ള പ്രാദേശിക ഓഫീസുകള്‍ എന്നിവയാണ് സീല്‍ ചെയ്തത്.
സീല്‍ ചെയ്യുന്നതിന് മുന്‍പ് ഓഫീസ് ചുവരുകളില്‍ എന്‍.ഐ.എ. നോട്ടീസും പതിച്ചിരുന്നു. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറികള്‍ വാടകയ്ക്ക് നല്‍കാനോ വില്‍ക്കാനോ കൈമാറാനോ രൂപമാറ്റം വരുത്താനോ പാടില്ലെന്ന് എന്‍.ഐ.എ. കൊച്ചി യൂണിറ്റിലെ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ കെ.ഉമേഷ് റായി ഒപ്പിട്ട നോട്ടീസില്‍ വ്യക്തമാക്കുന്നു. താണ സുലൈഖാ നിവാസിലെ സുലൈഖയുടെ ഉടമസ്ഥതയിലുള്ളതാണ് കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം.
താണയിലെ രണ്ട് ഓഫീസുകളിലും എന്‍.ഐ.എ. സംഘം മിന്നല്‍ പരിശോധന നടത്തിയതിന് ശേഷം അടച്ചുപൂട്ടിയിരുന്നു. എന്‍.ഐ.എ.ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലീസും റവന്യൂ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
കണ്ണൂര്‍ സൗത്ത് ജില്ലാ സെക്രട്ടറി അറസ്റ്റില്‍
മട്ടന്നൂര്‍ : ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ സെക്രട്ടറിയെ മട്ടന്നൂര്‍ പോലീസ് അറസ്റ്റുചെയ്തു. ശിവപുരംമെട്ട സ്വദേശി സി.അഷ്റഫി(44)നെയാണ് മട്ടന്നൂര്‍ സി.ഐ. എം.കൃഷ്ണനും സംഘവും പിടികൂടിയത്. ശിവപുരം ചാപ്പയില്‍ വെച്ചാണ് വ്യാഴാഴ്ച വൈകീട്ട് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഹര്‍ത്താലില്‍ അക്രമത്തിന് ആഹ്വാനം ചെയ്‌തെന്ന കേസിലാണ് പിടിയിലായത്. ഇദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തു.
കരുണ ഫൗണ്ടേഷന്‍ ഓഫീസ് പൂട്ടി
തലശ്ശേരി: തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള കരുണ ഫൗണ്ടേഷന്‍ ഓഫീസ് തലശ്ശേരി പോലീസ് പൂട്ടി സീല്‍ ചെയ്തു. ഒ.വി. റോഡിലുള്ള ഓഫീസും പരിസരവും വെള്ളിയാഴ്ച വൈകിട്ട് പോലീസ് പരിശോധന നടത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ എം.അനില്‍ ഓഫീസ് സീല്‍ ചെയ്തു. പോലീസ് പരിശോധന നടത്തുമ്പോള്‍ ഒരു പ്രവര്‍ത്തകന്‍ ഓഫീസിലുണ്ടായിരുന്നു. വൈകിട്ട് അഞ്ചരയ്ക്ക് തുടങ്ങിയ പരിശോധന ആറരയ്ക്കാണ് കഴിഞ്ഞത്. സമീപത്തെ പറമ്പില്‍നിന്ന് ചെറുതും വലുതുമായി 15 കുറുവടി പോലീസ് കണ്ടെടുത്തു. ഇത് പോലീസ് കസ്റ്റഡിയിലെടുത്തു
പടന്നയില്‍ പോപ്പുലര്‍ ഫ്രണ്ട് നിയന്ത്രണത്തിലുള്ള ഓഫീസ് മുദ്രവച്ചു
പടന്ന(കാസര്‍കോട്): പോപ്പുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ പടന്നയില്‍ പ്രവര്‍ത്തിക്കുന്ന തീരം കള്‍ച്ചറല്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പോലീസ് റെയ്ഡ് ചെയ്ത് മുദ്രവെച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് പോലീസ് എത്തി മുദ്രവെച്ചത്.
പടന്ന വൈദ്യുതി സെക്ഷന്‍ ഓഫീസിന് സമീപം നാലുസെന്റ് ഭൂമിയില്‍ സ്വന്തം കെട്ടിടത്തിലാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. അബ്ദുള്‍ അസീസാണ് ചെയര്‍മാന്‍. ഓഫീസിലെ ഫര്‍ണിച്ചര്‍, മറ്റു സാമഗ്രികള്‍ തുടങ്ങിയവയുടെ കണക്കെടുത്ത് രേഖപ്പെടുത്തി. ചന്തേര ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍, അഡീഷണല്‍ എസ്.ഐ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ചിത്താരി വില്ലേജ് ഓഫീസര്‍ അരുണ്‍, നീലേശ്വരം വില്ലേജ് ഓഫീസര്‍ ബിജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
മലപ്പുറത്ത് ഏഴ് സ്ഥാപനങ്ങള്‍
മലപ്പുറം: ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ഏഴു സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച പോലീസ് ഏറ്റെടുത്തു. സംഘടന നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി.
വഴിക്കടവ് മുരിങ്ങമുണ്ടയില്‍ സീഗ ചാരിറ്റബിള്‍ട്രസ്റ്റ് നടത്തുന്ന പരീക്ഷാ പരിശീലനകേന്ദ്രമായ സീഗ ഗൈഡന്‍സ് സെന്റര്‍, തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെടുന്ന കീന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ്, മഞ്ചേരി കരുവമ്പ്രം അച്ചിപിലാക്കല്‍ കുത്തുകല്ലിലെ റിഹാബ് ഫൗണ്ടേഷന്‍ ഓഫീസ്, രണ്ടത്താണി പൂവന്‍ചിനയിലെ ഹരിത ഫൗണ്ടേഷന്‍ ഓഫീസ്, മാറാക്കര പഞ്ചായത്തിലെ ഒരു വീട്, പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയിലെ കരിങ്കല്ലത്താണിയിലെ ഹ്യൂമന്‍ വെല്‍ഫെയര്‍ സെന്റര്‍, വാഴക്കാട് എളമരത്ത് പ്രവര്‍ത്തിക്കുന്ന ലൈബ്രറി എന്നിവയാണ് പോലീസ് നിയന്ത്രണത്തിലാക്കിയത്. ഈ കെട്ടിടങ്ങളുടെ ഭിത്തിയില്‍ പോലീസ് നോട്ടീസ് പതിച്ചു. ചുമതലക്കാരെ വിളിച്ചുവരുത്തിയശേഷമായിരുന്നു നടപടി.
തീവ്രവാദ നിരോധനനിയമത്തിലെ സെക്ഷന്‍ എട്ട് എ പ്രകാരം ജില്ലാ പോലീസ് മേധാവി എം. സുജിത് ദാസാണ് ഈ കെട്ടിടങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ഉത്തരവിട്ടത്. നിയമവിരുദ്ധമാക്കപ്പെട്ട സംഘടനയുടെ പ്രവര്‍ത്തകര്‍ സംഘംചേരാന്‍ ഉപയോഗിക്കുന്ന സ്ഥലം ഏറ്റെടുക്കാന്‍ ഉപയോഗിക്കുന്ന വകുപ്പാണിത്.
പാലക്കാട്ടും പോലീസ് നടപടി...
പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ നിരോധനത്തിനുപിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.)യുടെ ജില്ലയിലെ ഓഫീസുകള്‍ക്കെതിരേ പോലീസ് നടപടി തുടങ്ങി. പുതുപ്പള്ളിത്തെരുവ് ഹുദാനഗറില്‍ പ്രവര്‍ത്തിക്കുന്ന പി.എഫ്.ഐ.യുടെ ഓഫീസില്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നോട്ടീസ് പതിപ്പിച്ചു.
കഴിഞ്ഞദിവസമാണ് പി.എഫ്.ഐ.ക്ക് കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് പുതുപ്പള്ളിത്തെരുവിലെ ഓഫീസിനെക്കുറിച്ച് പാലക്കാട് ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ അന്വേഷണംനടത്തി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഘടനയെ നിരോധിച്ചശേഷം ഇവിടെ അനധികൃത ഒത്തുചേരലുകള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ട്രസ്റ്റിന്റെ പേരില്‍ ഇവിടെ പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനം നടക്കുന്നതായും പോലീസ് പറഞ്ഞു. കളക്ടറുടെ ഉത്തരവുണ്ടാകുന്ന മുറയ്ക്ക് ഓഫീസ് പൂട്ടിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
വിളയൂര്‍ സ്വദേശിയാണ് കെട്ടിടത്തിന്റെ നിലവിലെ ഉടമയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം പാലക്കാട് പട്ടണത്തില്‍ പത്തിടങ്ങളിലായി എസ്.ഡി.പി.ഐ., പി.എഫ്.ഐ. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അഞ്ചുവര്‍ഷത്തേക്ക് നിരോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ചൂണ്ടിക്കാട്ടിയ കാരണങ്ങളില്‍ പാലക്കാട്ടെ ആര്‍.എസ്.എസ്. നേതാവ് ആര്‍. സഞ്ജിത്തി (27) ന്റെ കൊലപാതകവും ഉള്‍പ്പെട്ടിരുന്നു.
ഷൊര്‍ണൂരില്‍
ഷൊര്‍ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വള്ളുവനാട് ചാരിറ്റബിള്‍ട്രസ്റ്റ് കെട്ടിടം ഷൊര്‍ണൂര്‍ പോലീസും എന്‍.ഐ.എ. ഉദ്യോഗസ്ഥരുംചേര്‍ന്ന് മുദ്രവെച്ചു. വാടാനാംകുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടമാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ മുദ്രവെച്ചത്. കെട്ടിടത്തിന്റെ രണ്ട് ഗേറ്റും വാതിലുകളും പൂട്ടിയനിലയിലായിരുന്നു. വള്ളുവനാട് ചാരിറ്റബിള്‍ട്രസ്റ്റ് അബ്ദുള്‍ലത്തീഫ് ചെയര്‍മാന്‍, വി. മൊയ്തു ജനറല്‍സെക്രട്ടറി എന്നെഴുതിയ ചെറിയ ബോര്‍ഡ് മാത്രമാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇവരുള്‍പ്പെടെ ഏഴുപേരുടെ പേരിലാണ് ചാരിറ്റബിള്‍ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഗേറ്റ് പൊളിച്ചാണ് പോലീസ് ഉള്ളില്‍ക്കടന്നത്. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. വി. സുരേഷിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം എത്തിയിരുന്നു. കെട്ടിടത്തില്‍ പി.എഫ്.ഐ.യുടെ പ്രവര്‍ത്തനം നടത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടി. മലപ്പുറംജില്ലയില്‍നടന്ന കൊലപാതകം ആസൂത്രണം ചെയ്തതുള്‍പ്പെടെ ഈ കേന്ദ്രത്തില്‍നിന്നാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. സമീപത്തൊന്നും മറ്റ് കെട്ടിടങ്ങളോ വീടുകളോ ഇല്ലാത്ത നാലുപുറവും കാടുപിടിച്ച പ്രദേശത്താണ് മൂന്നുനിലക്കെട്ടിടം.
നോട്ടീസ് നല്‍കാന്‍ ട്രസ്റ്റിന്റെയോ കെട്ടിടത്തിന്റെയോ ഭാരവാഹികളാരെയും കണ്ടെത്താനായില്ലെന്ന് പോലീസ് എന്‍.ഐ.എ. ഉദ്യോഗസ്ഥരോട് പറഞ്ഞു. പോലീസിന്റെയും എന്‍.ഐ.എ.യുടെയും നടപടികള്‍ അറിയിക്കാന്‍ കെട്ടിടത്തില്‍ നോട്ടീസ് പതിക്കയായിരുന്നു. ഇനി കെട്ടിടത്തിലേക്ക് അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരേ യു.എ.പി.എ. വകുപ്പ് ചുമത്തി കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. എന്‍.ഐ.എ. കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എന്‍.ഐ.എ. സംഘമെത്തിയത്.
പട്ടാമ്പിയില്‍
പട്ടാമ്പി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെത്തുടര്‍ന്ന് പട്ടാമ്പിയിലെ പി.എഫ്.ഐ. ഓഫീസ് മുദ്രവെച്ചു. മേലേ പട്ടാമ്പി കല്‍പ്പക സ്ട്രീറ്റിലെ ഓഫീസാണ് ദേശീയ അന്വേഷണ ഏജന്‍സിയും പോലീസുമെത്തി വെള്ളിയാഴ്ച വൈകീട്ടോടെ മുദ്രവെച്ചത്.
Content Highlights: pfi offices closed in north kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..